മോഹിപ്പിക്കുന്ന 'മോട്ട് ഓഹരി'; നിക്ഷേപിക്കാം ദീര്‍ഘകാല നേട്ടത്തിനായി

സാമ്പത്തികമാന്ദ്യം ആഞ്ഞടിക്കുമ്പോള്‍ ഒട്ടുമിക്ക കമ്പനികളും മോശം പ്രകടനത്തിലേക്ക് വീഴുകയാണ് പതിവ്. എന്നാല്‍, ശക്തമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന കമ്പനികളാകട്ടെ അത്തരം സാഹചര്യത്തിലും ഒഴുക്കിനെതിരെ നീന്തി വന്‍ വിജയം നേടും.

ശ്രേണിയിലെ സമാന കമ്പനികളില്‍ നിന്ന് കടകവിരുദ്ധമായി മികച്ച വരുമാന-ലാഭ നേട്ടമാകും 'ഇക്കണോമിക് മോട്ട് (Economic Moat) അഥവാ സാമ്പത്തിക ലക്ഷ്മണരേഖ'യുള്ള കമ്പനികള്‍ കൈവരിക്കുക. കൊവിഡ് പ്രതിസന്ധിയുടെ കാലത്തും ഇത്തരം കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വിപണിയില്‍ പ്രതികൂല സാഹചര്യമാണെങ്കിലും ഇക്കണോമിക് മോട്ട് കമ്പനികള്‍ വരുമാനത്തിലും ലാഭത്തിലും മികച്ച വര്‍ദ്ധന നേടാറുണ്ട്. ഇത്തരം കമ്പനികളെ ഓഹരി നിക്ഷേപകര്‍ മോട്ട് ഓഹരി (Moat shares) കമ്പനികള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.
മറ്റ് കമ്പനികളില്‍ നിന്ന് ഇവയെ വേറിട്ട് നിറുത്തുന്ന സാമ്പത്തിക ഘടകമാണ് മോട്ട്.
എങ്ങനെ നിക്ഷേപിക്കും?
മോട്ട് ഓഹരികളില്‍ നിക്ഷേപിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്, മോട്ട് ഓഹരികളെ തിരിച്ചറിയുക തന്നെയാണ്. അവയുടെ മൂല്യം കുറഞ്ഞതലത്തില്‍ നില്‍ക്കുമ്പോള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുക. ഇത്, പിന്നീട് വലിയ നേട്ടം (Return) ലഭിക്കാന്‍ സഹായിക്കും.
ദീര്‍ഘകാല നിക്ഷേപത്തിന് (Long-term investments) ഉദ്ദേശിക്കുന്നവര്‍ക്കാണ് മോട്ട് ഓഹരികളിലെ നിക്ഷേപം കൂടുതല്‍ നേട്ടമാവുക. ഇത്തരം ഓഹരികളില്‍ നിക്ഷേപിക്കും മുമ്പ് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ ഇനി നോക്കാം.
1) സാമ്പത്തിക പ്രകടനം : പ്രതികൂല സാഹചര്യങ്ങളിലും മികച്ചതും സ്ഥിരതയുള്ളതുമായ പ്രകടനമാണ് കമ്പനി കാഴ്ചവയ്ക്കുന്നതെന്ന് പരിശോധിക്കുക.
2) വരുമാനവും ലാഭവും : വില്‍പന (Sales), വരുമാനം (Revenue), ലാഭം (Profit) എന്നിവയിലെ വളര്‍ച്ച ശ്രദ്ധിക്കുക.
3) വിപണിവിഹിതം : മോട്ട് കമ്പനികള്‍ സ്ഥിരമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നോട്ട് കുതിക്കും. ഇവയുടെ വിപണിവിഹിതം തുടര്‍ച്ചയായി ഉയരുകയും ചെയ്യും. വിപണിസാഹചര്യം പൊതുവേ മോശമാണെങ്കിലും മോട്ട് കമ്പനികളുടെ മുന്നേറ്റത്തെ അവ ബാധിക്കാറില്ല.
4) ലാഭക്ഷമത : മോട്ട് കമ്പനികളുടെ ഓഹരികളില്‍ നിന്നുള്ള ലാഭ അനുപാതം (RoE/Return on Equity), മൂലധനച്ചെലവില്‍ നിന്നുള്ള നേട്ടം (RoCE/Return on Capital Employed) എന്നിവ ഉയര്‍ന്ന തലത്തിലായിരിക്കും.
മോട്ട് കമ്പനികളുടെ ഉത്പന്ന/സേവനങ്ങള്‍ക്ക് അവയുടെ മികച്ച നിലവാരം മൂലം വിപണിയില്‍ ഉയര്‍ന്ന സ്വീകാര്യതയുണ്ടാകും. മോട്ട് കമ്പനികളുടെ പ്രവര്‍ത്തനഫലവും പ്രകടനവും ഉയര്‍ന്ന വിശ്വാസ്യതയുള്ളതുമായിരിക്കും.
ശ്രദ്ധിക്കുക, കേവലം പ്രവര്‍ത്തനഫലം മാത്രം നോക്കി ഇത്തരം കമ്പനികളെ കണ്ടെത്തരുത്. അവയുടെ വിപണിയിലെ പ്രകടനം, ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത എന്നിവ സ്ഥിരമായി ശ്രദ്ധിക്കണം.

മൂല്യം ശ്രദ്ധിക്കുക
സാമ്പത്തിക ഭദ്രതയുള്ളതിനാലും മികച്ച പ്രകടനം തുടര്‍ച്ചയായി കുറിക്കുന്നതിനാലും ഇത്തരം ഓഹരികളുടെ വില മറ്റ് ഓഹരികൾ അപേക്ഷിച്ചു കൂടുതലായിരിക്കും. ഇത് ശ്രദ്ധിച്ചശേഷം മാത്രം നിക്ഷേപ തീരുമാനമെടുക്കുക. ഐ.ആര്‍.സി.ടി.സി., ടൈറ്റന്‍, എച്ച്.യു.എല്‍, ഡി-മാര്‍ട്ട്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫൈനാന്‍സ് എന്നിവ നിക്ഷേപകര്‍ മോട്ട് ഓഹരികളായി കരുതുന്നവയാണ്.

Equity investing is subject to market risk. Please do your own research or consult a financial advisor before investing.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it