വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ എന്തൊക്കെ, ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിനെ വ്യത്യസ്തമാക്കുന്നതെന്ത്?

റിസ്‌ക് കുറഞ്ഞ ഓഹരി വിപണി നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഈയടുത്തായി നിരവധി പേരാണ് മ്യൂച്വല്‍ ഫണ്ടില്‍ (Mutual Fund) നിക്ഷേപവുമായി രംഗത്തെത്തിയത്. പലരും പുതുതായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഈ സാഹചര്യത്തില്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മ്യൂച്വല്‍ ഫണ്ടില്‍ സാധാരണ മൂന്ന് ഫണ്ടുകളെ കുറിച്ചാണ് പറയാറുള്ളത്. ഒന്നാമത്തേത് ഇക്വിറ്റി ഫണ്ട് അഥവാ ഓഹരിയധിഷ്ഠിത ഫണ്ടുകള്‍. രണ്ട്, ഡെബ്റ്റ് ഫണ്ട് അഥവാ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍. മൂന്നാമത്തേത്, ഹൈബ്രിഡ് ഫണ്ട് അഥവാ ബാലന്‍സ് ഫണ്ട്. ഇക്വിറ്റി ഫണ്ടും ഡെബ്റ്റ് ഫണ്ടും മിക്സായി നിക്ഷേപിക്കുന്നതിനെയാണ് ബാലന്‍സ്ഡ്് ഫണ്ട് എന്ന് വിളിക്കുന്നത്.
സാധാരണഗതിയില്‍ നാം 65 ശതമാനം ഇക്വിറ്റികളില്‍ നിക്ഷേപിക്കുമ്പോള്‍ ഇക്വിറ്റി ടാക്സേഷന്‍ ലഭിക്കും. ബാലന്‍സ് ഫണ്ട് രണ്ട് കാറ്റഗറിയുണ്ട്. 65 ശതമാനമെങ്കിലും ഇക്വിറ്റിയില്‍ നിക്ഷേപിച്ചാലാണ് ഇക്വിറ്റി ടാക്സേഷന്‍ ലഭിക്കുക. 65 ശതമാനം ഇക്വിറ്റിയിലും 35 ശതമാനം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളെ ഇക്വിറ്റി ഓറിയന്റഡ് ഡെബ്റ്റ് ഫണ്ട് എന്നും പറയും. അതുപോലെ തന്നെ 65 ശതമാനത്തില്‍ താഴെ ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളെ ഡെബ്റ്റ് ഓറിയന്റഡ് ഇക്വിറ്റി ഫണ്ടുകള്‍ എന്നും പറയും. ഇതിലെ വ്യത്യാസമെന്തെന്നാല്‍ ഒന്നാമത്തേതില്‍ ഇക്വിറ്റി ടാക്സേഷന്‍ ആയിരിക്കും. രണ്ടാമത്തേതിന് ഡെബ്റ്റ് ടാക്സേഷനുമായിരിക്കും.
ഒന്നാമത്തെ ഇക്വിറ്റി ഓറിയന്റഡ് ഡെബ്റ്റ് ഫണ്ടിന്റെ പ്രത്യേകതയെന്തെന്നാല്‍ 65 ശതമാനം ഇക്വിറ്റിയും 35 ശതമാനം ഡെബ്റ്റും വരുന്നതുകൊണ്ട് ഇക്വിറ്റിയുടെ ഏകദേശ സ്വഭാവം കാണിക്കും. എന്നാല്‍ ഡെബ്റ്റ് ഉള്ളതുകൊണ്ട് റിസ്‌ക് കുറയും. ഡെബ്റ്റ് ഓറിയന്റഡ് ഇക്വിറ്റി ഫണ്ടുകളുടെ പ്രത്യേകതയെന്തെന്നാല്‍ കൂടുതലും ഡെബ്റ്റായതിനാല്‍ ഇക്വിറ്റിയേക്കാള്‍ കൂടുതല്‍ റിട്ടേണ്‍സ് ലഭിക്കും.
എന്താണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ?
ബാലന്‍സ് ഫണ്ടും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍, ബാലന്‍സ്ഡ് ഫണ്ടില്‍ ഇക്വിറ്റി നിക്ഷേപവും ഡെബ്റ്റ് നിക്ഷേപവും ഫിക്സ്ഡാണ്. എന്നാല്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. ഇക്വിറ്റിയുടെ വിഹിതം ഓഹരി വിപണിയുടെ സ്വഭാവം അനുസരിച്ച് മാറും. അതായത് അതായത് മാര്‍ക്കറ്റ് ഉയരങ്ങളിലെത്തുമ്പോള്‍ ഇക്വിറ്റിയുടെ ലാഭം ബുക്ക് ചെയ്തിട്ട് ഇക്വിറ്റിയിലെ നിക്ഷേപം കുറച്ച് ഡെബ്റ്റിലെ നിക്ഷേപം കൂട്ടും. മാര്‍ക്കറ്റ് തിരുത്തലിലേക്ക് വരുമ്പോള്‍ ഇക്വിറ്റി പ്രൊപ്പോഷന്‍ കുറച്ചിട്ട് ആനുപാതികമായി ഡെബ്റ്റ് നിക്ഷേപം വര്‍ധിപ്പിക്കും. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് വളരെ റിസ്‌ക് കുറവായിരിക്കും.
സാധാരണഗതിയില്‍, ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ ഫണ്ട് മാനേജേഴ്സ് പറയുന്നത് എഫ്ഡിയേക്കാള്‍ 3 ശതമാനം അധികം റിട്ടേണാണ്.
നമ്മുടെ നാട്ടില്‍ ഭൂരിഭാഗം പേരും ബാങ്ക് സ്ഥിരനിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വവും എന്നാല്‍ അതിനേക്കാള്‍ മൂന്ന് ശതമാനത്തിലേറെയെങ്കിലും നേട്ടവും നല്‍കുന്നതുമാണ് ഈ ഫണ്ടുകളുടെ ആകര്‍ഷണീയത കൂട്ടുന്നത്.
എന്തുകൊണ്ട് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ നിക്ഷേപിക്കണം?
ഏറ്റവും കുറഞ്ഞ റിസ്‌കും ഇക്വിറ്റി ടാക്സേഷന്റെ ഗുണവും ഇതില്‍ ഒന്നിക്കുന്നു. അതായത് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നേട്ടത്തിന്റെ പത്ത് ശതമാനത്തിനാണ് നികുതി ബാധ്യത വരുന്നത്. ഇപ്പോള്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയരുകയും വീണ്ടും താഴേക്ക് വരികയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഒരു സാധാരണ നിക്ഷേപകന് ഓഹരി വിപണിയുടെ ചലനം നോക്കി നിക്ഷേപിക്കാന്‍ സമയമോ അറിവോ ഉണ്ടാകണമെന്നില്ല. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിലെ ഫണ്ട് മാനേജര്‍മാര്‍ കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ തക്കസമയം വില്‍ക്കുകയും വാങ്ങുകയും വീണ്ടും വില്‍ക്കുകയും എല്ലാം ചെയ്യും. അതായത് വിപണിയുടെ സാധ്യതകള്‍ സാധാരണക്കാര്‍ക്ക് വലിയ റിസ്‌കില്ലാതെ ഉപയോഗിക്കാനാവും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it