കോവിഡ് കാലത്ത് എസ്‌ഐപികളില്‍ സംഭവിക്കുന്നതെന്ത്?

കോവിഡ് കാലത്ത് എസ്‌ഐപികളില്‍ സംഭവിക്കുന്നതെന്ത്?
Published on

ജീവന്‍ കുമാര്‍ കെ സി

കോവിഡ് 19 മഹാമാരി ഉണ്ടാക്കിയ ഭീഷണി ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഇന്ത്യന്‍ വിപണികളും വന്‍ തോതില്‍ തകര്‍ന്നു. കഴിഞ്ഞ ചുരുക്കം ചില ആഴ്ചകളായി ചെറിയ തോതിലുള്ള ഒരു തിരിച്ചു വരവ് പ്രകടമായെങ്കിലും വിപണിയുടെ ഗതി എങ്ങോട്ട് എന്നത് കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ നിലനില്‍ക്കുന്നു.

വളരെയേറെ പ്രചാരത്തിലായിരിക്കുന്ന ഒരു നിക്ഷേപ മാര്‍ഗം എന്നതുകൊണ്ടു തന്നെ എസ്‌ഐപികള്‍ക്ക് ഈ കോവിഡ് കാലത്ത് സംഭവിച്ചതെന്താണ് എന്ന് പരിശോധിക്കുന്നത് കൗതുകകരവും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദവുമായിരിക്കും.

എസ്‌ഐപിയും അതിന്റെ പ്രായോഗിതയും

പേര് സൂചിപ്പിക്കുന്നതു പോലെ എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്നത് അച്ചടക്കത്തോടെ നടത്തേണ്ട ഒരു നിക്ഷേപ രീതിയാണ്. ഓഹരി വിലകളിലെ ഏറ്റക്കുറച്ചിലുകള്‍ വിപണിയുടെ തനതായ സ്വഭാവ വിശേഷമായതിനാല്‍ അത്തരം ചാഞ്ചാട്ടങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് എസ്‌ഐപി എന്ന നിക്ഷേപ മാര്‍ഗത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രായോഗിക തലത്തില്‍ ഇത് സാധ്യമാകുന്നത് എങ്ങനെയാണെന്ന് നോക്കാം.

* ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ (സാധാരണയായി പ്രതിമാസം) തെരഞ്ഞെടുത്ത മ്യൂച്വല്‍ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കുന്നു.

* നിക്ഷേപം നടക്കുന്ന ദിവസത്തെ വിപണിയുടെ സ്വഭാവം അനുസരിച്ചുള്ള എന്‍എവി അടിസ്ഥാനമാക്കിയുള്ള യൂണിറ്റുകളാണ് നിക്ഷേപകന് ലഭിക്കുന്നത്. വിപണി താഴ്ന്ന അവസരത്തില്‍ നിക്ഷേപം നടക്കുകയാണെങ്കില്‍ സ്വാഭാവികമായും കൂടുതല്‍ യൂണിറ്റുകള്‍ നിക്ഷേപകന് ലഭിക്കുന്നു. വിപണി ഉയര്‍ന്നു നില്‍ക്കുന്ന അവസരങ്ങളിലെല്ലാം നിക്ഷേപിക്കപ്പെട്ട തുകയ്ക്ക് ആനുപാതികമായി കുറച്ച് യൂണിറ്റുകള്‍ ആയിരിക്കും ലഭിക്കുന്നത്.

* ഇങ്ങനെ വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി മറികടന്ന് നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടര്‍ന്നു കൊണ്ടു പോകുമ്പോള്‍ കൈവശമാക്കിയ മ്യൂച്വല്‍ഫണ്ട് യൂണിറ്റുകളുടെ കോസ്റ്റ് അഥവാ പര്‍ച്ചേസ് വാല്യു കുറഞ്ഞു വരുന്നു.

* ഇത്തരത്തില്‍ കുറഞ്ഞ പര്‍ച്ചേസ് വാല്യുവില്‍ സ്വന്തമാക്കിയ യൂണിറ്റുകള്‍ മാര്‍ക്കറ്റ് താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന അവസരത്തില്‍ വിറ്റുമാറി ലാഭമെടുക്കാന്‍ സാധിക്കുന്നു.

കോവിഡ് 19 എസ്‌ഐപിയെ ബാധിച്ചതെങ്ങനെ?

ഇനി കോവിഡ് കാലത്തെ എസ്‌ഐപി പ്രകടനത്തിലേക്കൊന്നു നോക്കാം. 2020 ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള ചെറിയ ഒരു കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ തോതിലുളള ചാഞ്ചാട്ടങ്ങളാണ് ഉണ്ടായിരുന്നത്. 2020 ജനുവരി 17 ന് പ്രധാന ഓഹരി സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് ആദ്യമായി 42000 പോയ്ന്റിനു മുകളിലെത്തി. തുടര്‍ന്ന് ഫെബ്രുവരി അവസാനം വരെ സൂചിക 40000 മാര്‍ക്കിനടുത്തായിരുന്നു വ്യാപാരം അവസാനിപ്പിച്ചു കൊണ്ടിരുന്നത്. മാര്‍ച്ച് രണ്ടാം വാരത്തോടെ രാജ്യം കൊറോണ ഭീതിയില്‍ അമര്‍ന്നതോടെ വിപണി ക്രമാനുഗതമായി താഴോട്ട് പതിക്കുന്നതാണ് പിന്നീട് കണ്ട്ത്. മാര്‍ച്ച് 23 ന് സെന്‍സെക്‌സ് 26000 ത്തിനും താഴെ വന്നത് നിക്ഷേപകരില്‍ വലിയ ആശങ്കയുണ്ടാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ലോക്ക് ഡൗണ്‍ പോലുള്ള നടപടികളുടേയും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെയും മറ്റും പിന്‍ബലത്തില്‍ ഇന്ത്യയില്‍ കോവിഡ് ഭീഷണി അതിഭീകരമാകില്ല എന്ന വിശ്വാസത്തില്‍ വിപണി ചെറുതായി കരകയറുന്നതാണ് പിന്നീട് കണ്ടത്. ഏപ്രില്‍ അവസാന വാരത്തില്‍ 33,000 ത്തിനും മുകളിലാണ് ബിഎസ്ഇ സെന്‍സെക്‌സ്.

ഇനി ഇക്കാലയളവില്‍ എസ്.ഐപി നിക്ഷേപങ്ങളില്‍ സംഭവിച്ചതെന്താണെന്ന് നോക്കാം. ഉദാഹരണമായി അഞ്ച് വര്‍ഷം മുന്‍പ് പ്രതിമാസം 5000 രൂപ വീതം ആരംഭിച്ച എസ്‌ഐപിക്ക്(ആകെ നിക്ഷേപിക്കപ്പെട്ട തുക 3 ലക്ഷം രൂപ) 2020 ജനുവരി- ഏപ്രില്‍ കാലയളവില്‍ മൂല്യത്തില്‍ വന്ന വ്യതിയാനം എത്രയാണെന്ന് താഴെ ടേബിളില്‍ കൊടുത്തിരിക്കുന്നു. കൈകാര്യം ചെയ്യപ്പെടുന്ന ആസ്തികളുടെ വലിപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നതും പ്രധാന വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നതുമായ സ്‌കീമുകളെയാണ് പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്.

മൂന്നു ലക്ഷം രൂപയുടെ എസ്‌ഐപി നിക്ഷേപം, വിപണി ഉയരത്തില്‍ നിന്ന 2020 ജനുവരി 17 ന് വലിയ തോതില്‍ വളര്‍ന്നതായി കാണാം. എന്നാല്‍ കോവിഡ് ഭീതിയില്‍ തകര്‍ന്നടിഞ്ഞ് സൂചിക 26000 ത്തിനും താഴെ വന്ന മാര്‍ച്ച് 23 ന് നിക്ഷേപകരുടെ മുടക്കു മുതലായ മൂന്ന് ലക്ഷം രൂപയ്ക്ക് ഉണ്ടാക്കിയ ഇടിവ് താങ്ങാവുന്നതിലപ്പുറമായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ വിപണി ചെറുതായി കരകയറിയപ്പോള്‍ തകര്‍ന്ന മൂല്യം തിരിച്ചു കയറുന്നതും അവസാന കോളത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

ടേബ്ള്‍ നോക്കുകയാണെങ്കില്‍ ലാര്‍ജ് ഫണ്ടായ ഐസിഐസിഐ ബ്ലൂചിപ് ഫണ്ട്(ഗ്രോത്ത്) ജനുവരി 17 ന് 3,89,755 രൂപ വരെ എത്തിയതായി  കാണാം. പിന്നീട് വിപണിയില്‍ ഇടിവുണ്ടായപ്പോള്‍ അത് 2,44,146 രൂപായായി കുറഞ്ഞു. എന്നാല്‍ ഈ സമയത്തും ഫണ്ട് വിറ്റ് പിന്മാറാതെ നിക്ഷേപം തുടര്‍ന്നപ്പോള്‍ വിപണി ചെറിയ കയറ്റം കാണിച്ച സമയത്ത് അത് 2,920,79 രൂപയായി വര്‍ധിച്ചു. അതേ പോലെ ടേബ്‌ളില്‍ കാണിച്ചിരിക്കുന്ന വിവിധ കാറ്റഗറിയിലുള്ള 12 ഫണ്ടുകളും സമാനമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

താഴ്ചയും നേട്ടമാക്കുന്ന മാജിക്!

താഴ്ന്ന നിലയില്‍ നിക്ഷേപം കൃത്യമായി നടക്കുമ്പോള്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുമെന്നതാണ് എസ്‌ഐപിയുടെ മാജിക്.  കോവിഡ് ഭീഷണിയെല്ലാം മാറി വിപണി പുതിയ ഉയരങ്ങളില്‍ എത്തുമ്പോള്‍ മുന്‍പ് ചെറിയ വിലയില്‍ സ്വന്തമാക്കിയ യൂണിറ്റുകളുടെ മൂല്യമെല്ലാം കോമ്പൗണ്ട് ചെയ്യപ്പെടുന്നു. ഈ പ്രവര്‍ത്തനന തത്വം അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥത്തില്‍ എസ്‌ഐപി നേട്ടമുണ്ടാക്കുന്നത്.

വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തി അച്ചടക്കത്തോടെ ദീര്‍ഘകാലത്തേക്ക് നടത്താന്‍ അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപി. ഏതൊരു വരുമാനക്കാര്‍ക്കും തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസൃതമായ തുകയ്ക്ക് നിക്ഷേപം ആരംഭിക്കുകയും ചെയ്യാം. ചാഞ്ചാട്ടം എന്നത് ഓഹരി വിപണിയുടെ തനതായ സ്വഭാവ വിശേഷങ്ങളില്‍ ഒന്നാണ്. അതില്‍ പരിഭ്രമിക്കാതെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതുവരെ എസ്‌ഐപി നിക്ഷേപം തുടര്‍ന്നു കൊണ്ടേയിരിക്കുക.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസസ് ഹെഡാണ് ലേഖകന്‍. ഇമെയ്ല്‍: jeevan@geojit.com)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com