'രത്‌നം ഉള്ളില്‍ വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ...' നിങ്ങളില്‍ നിക്ഷേപം നടത്തുമ്പോള്‍ സംഭവിക്കുന്നതെന്ത്?

'നിങ്ങള്‍ക്ക് നടത്താന്‍ പറ്റുന്ന ഏറ്റവും നല്ല നിക്ഷേപം നിങ്ങളില്‍ തന്നെയുള്ള നിക്ഷേപമാണ്.' എന്ന് പറഞ്ഞാണ് ഞാന്‍ കഴിഞ്ഞ ലേഖനം അവസാനിപ്പിച്ചത്. മികച്ച പ്രതികരണങ്ങളായിരുന്നു വായനക്കാരില്‍ നിന്ന് ഈ ലേഖനത്തിന് ലഭിച്ചത്. എന്നാല്‍ ചിലര്‍ക്കത് അല്‍പ്പം ആശയക്കുഴപ്പവും ഉണ്ടാക്കി. എങ്ങനെയാണ് നമ്മളില്‍ തന്നെ നിക്ഷേപിക്കുന്നത് എന്ന സംശയം പലരും ഉന്നയിച്ചു. വളരെ പ്രസക്തമായ ചോദ്യത്തിനുള്ള മറുപടിയാണ് ഈ ലക്കത്തില്‍.

ഒരു കഥ പറഞ്ഞുതുടങ്ങാം. ഒരിടത്ത് കേശവന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. അതിസമ്പന്നനാവുകയായിരുന്നു അയാളുടെ ആഗ്രഹം. അതിനായി പല വഴികളും നോക്കി. രത്‌നം വിറ്റ് പണമുണ്ടാക്കുകയാണ് സമ്പന്നനാകാനുള്ള ഏറ്റവും നല്ല വഴിയെന്ന് അയാള്‍ കണ്ടെത്തി. ഒടുവില്‍ കേശവന്‍ സ്വന്തം വീടും പറമ്പും വിറ്റ് രത്‌നം അന്വേഷിച്ചിറങ്ങി. കുറയേ വര്‍ഷങ്ങളോളം അയാള്‍ രത്‌നം അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞുനടന്നു. പലയിടത്തും കുഴിച്ചുനോക്കിയെങ്കിലും രത്‌നം കിട്ടിയില്ല. കൈയിലുള്ള പണമെല്ലാം തീര്‍ന്നു. ഒടുവില്‍ പരമദരിദ്രനായി അയാള്‍ തന്റെ നാട്ടില്‍ തിരിച്ചെത്തി.

തന്റെ പഴയ വീടും സ്ഥലവും കാണാന്‍ അയാള്‍ക്ക് ആഗ്രഹം തോന്നി. അവിടെയെത്തിയ കേശവന്‍ ഞെട്ടിപ്പോയി. തന്റെ പഴയ വീടിരുന്ന സ്ഥലത്ത് ഇപ്പോഴൊരു കൊട്ടാരം പോലത്തെ ആഡംബര വീടാണ്. ഇതെങ്ങനെ സംഭവിച്ചു? അയാള്‍ ആ വീട്ടിലേക്ക് കയറിച്ചെന്ന് അതിന്റെ ഉടമസ്ഥനെ കണ്ട് പരിചയം പുതുക്കി. അയാള്‍ക്ക് കേശവനെ നല്ല ഓര്‍മ്മയുണ്ടായിരുന്നു. നിങ്ങള്‍ എങ്ങനെയാണ് ഇത്രയും പണമുണ്ടാക്കിയത് എന്ന് കേശവന്‍ അയാളോട് ചോദിച്ചു. ''ഞാന്‍ താങ്കളുടെ സ്ഥലം വാങ്ങിയിട്ട് ഇവിടെ താമസമായി. പറമ്പില്‍ എന്തെങ്കിലും കൃഷി ചെയ്യാമെന്ന് വിചാരിച്ച് ഞാന്‍ സ്ഥലത്തൊക്കെ വെറുതെയൊന്ന് നോക്കിയപ്പോള്‍ പല നിറത്തിലുള്ള കല്ലുകള്‍ അവിടിവിടെയായി കിടക്കുന്നത് കണ്ടു. കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ എന്നുവിചാരിച്ച് ഞാന്‍ അവ പെറുക്കിയെടുത്ത് വീട്ടില്‍ അലമാരിയില്‍ കൊണ്ടുപോയിവെച്ചു. അങ്ങനെയിരിക്കേ ഒരു രത്‌നവ്യാപാരി വീട്ടില്‍ വന്നു. അയാള്‍ക്ക് ഈ കല്ലുകള്‍ കണ്ടപ്പോള്‍ ഒരു സംശയം. വ്യാപാരി ആ കല്ലുകള്‍ കഴുകി വൃത്തിയാക്കി ഉരച്ചുനോക്കിയപ്പോള്‍ എല്ലാം നല്ല അസല്‍ രത്‌നങ്ങള്‍. ഏതാനും രത്‌നങ്ങള്‍ കൊടുത്ത് ഞാന്‍ നല്ലൊരു വീടുവെച്ചു. ഇനിയും കുറയേ ഇരുപ്പുണ്ട്. നിങ്ങളുടെ അവസ്ഥ ഇപ്പോള്‍ ഭയങ്കര കഷ്ടമാണല്ലേ? ഇതാ നിങ്ങളും ഒരെണ്ണം എടുത്തോളൂ.'' എന്നുപറഞ്ഞ് കേശവനും ഒരു രത്‌നം എടുത്തുകൊടുത്തു.
ഉള്ളിലെ രത്‌നങ്ങള്‍ കാണാന്‍ കഴിയാതെ...
ഈ കഥയിലെ കേശവനെപ്പോലെ ഉള്ളില്‍ രത്‌നം വെച്ചിട്ട് നമ്മള്‍ ലോകമെങ്ങും അത് തേടി അലയുകയാണ്. രത്‌നത്തിന് പകരം ഏറ്റവും നേട്ടം തരുമെന്ന് നമ്മള്‍ വിചാരിക്കുന്ന നിക്ഷേപങ്ങളും അവസരങ്ങളുമാണ് നമ്മള്‍ തേടുന്നതെന്ന വ്യത്യാസം മാത്രമേയുള്ളു. ഏറ്റവും വലിയ നിക്ഷേപകനായി ലോകം അംഗീകരിച്ചിരിക്കുന്ന വാറന്‍ ബഫറ്റ് ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. ''നിങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം നിങ്ങളില്‍ തന്നെയുള്ള നിക്ഷേപം ആണ്.'' വാറന്‍ ബഫറ്റ് ഇതിനൊരു ഉദ്ദാഹരണവും പറയുന്നുണ്ട്. ചെറുപ്രായത്തില്‍ പബ്ലിക് സ്പീക്കില്‍ പരിശീലനം നേടാന്‍ പോയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായി മാറിയത് എന്നാണ് ബഫറ്റ് പറയുന്നത്. അദ്ദേഹം സ്വയം നടത്തുന്ന മറ്റൊരു വലിയ നിക്ഷേപത്തെക്കുറിച്ച് അറിയേണ്ടേ? തന്റെ സമയത്തില്‍ 80 ശതമാനവും അദ്ദേഹം ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ വായിക്കുന്നതിന് വേണ്ടിയാണ്.

കഥയിലെ രത്‌നം നിറഞ്ഞിട്ടുള്ള പുരയിടം നമ്മുടെ മനസ് തന്നെയാണ്. പക്ഷെ ആ പുരയിടത്തിലെ രത്‌നങ്ങള്‍ നമുക്ക് കാണാന്‍ കഴിയണമെന്നുണ്ടെങ്കില്‍ രത്‌നവ്യാപാരി വന്ന് ആ രത്‌നങ്ങളെ കഴുകിയെടുക്കണം. ആ കഴുകിയെടുക്കുന്ന പ്രോസസാണ് 'സെല്‍ഫ് എഡ്യുക്കേഷന്‍.'

പഠനത്തിന്റെ ആവശ്യകതയേക്കുറിച്ച് എനിക്ക് പറയാനുള്ളത് എന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ്. പഠിക്കുന്നതിന് അനുസരിച്ച് എന്റെ ജീവിതത്തില്‍ വളര്‍ച്ചകളുണ്ടാവുകയായിരുന്നു. കഷ്ടിച്ച് സെക്കന്‍ഡ് ക്ലാസോടെയാണ് ഞാന്‍ എന്‍ജിനീയറിംഗ് പാസായത്. ആ വര്‍ഷം യൂണിവേഴ്‌സിറ്റി റാങ്ക് വാങ്ങിയ കുട്ടി എന്റെ ക്ലാസില്‍ നിന്നായിരുന്നു. കൂട്ടുകാര്‍ക്കെല്ലാം ജോലി കിട്ടി ജീവിതത്തിന്റെ അടുത്ത തലത്തിലേക്ക് പോയി. എന്നാല്‍ എന്റെ പോക്ക് താഴേക്കായിരുന്നു. എനിക്ക് ജോലി കിട്ടിയില്ല. ബിസിനസില്‍ എനിക്ക് കൈപൊള്ളി. ഒടുവില്‍ 30 ലക്ഷം രൂപ കടമായി.

ആ വലിയ കടത്തില്‍ നിന്ന് തിരിച്ചുകയറാനായി ഞാന്‍ പഠിത്തം തുടര്‍ന്നു. ഓരോ പ്രതിസന്ധിയെയും അതിജീവിക്കാനായി ഞാന്‍ ഓരോ പുസ്തകങ്ങള്‍ വായിക്കുന്ന അവസ്ഥയിലെത്തി. അതുകൂടാതെ വിദഗ്ധരായ വ്യക്തികളുടെ പരിശീലനങ്ങളില്‍ പങ്കെടുത്തു. സെല്‍ഫ് ലേണിംഗിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ നിന്ന് തന്നെ ആശയങ്ങള്‍ വരാന്‍ തുടങ്ങി. ഇങ്ങനെ ആശയങ്ങള്‍ വരാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ നിങ്ങളുടെ ബിസിനസിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഈ വലിയ മാറ്റങ്ങളുണ്ടാകണമെങ്കില്‍ നമ്മള്‍ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് മാത്രം ജീവിച്ചാല്‍ പോര, നമ്മള്‍ നമ്മില്‍ തന്നെ നിക്ഷേപിക്കണം.

എങ്ങനെയാണ് നിങ്ങള്‍ക്ക് നിങ്ങളില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്? നമ്മില്‍ നിക്ഷേപിക്കേണ്ട മൂന്ന് മേഖലകളെക്കുറിച്ച് ഞാന്‍ പറയാം.
1. 'സര്‍ജിക്കല്‍' വായന
ചെറുപ്പത്തില്‍ എനിക്ക് അധികം സുഹൃത്തുക്കളില്ലായിരുന്നു. സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ എനിക്ക് അറിയില്ല എന്നതായിരുന്നു സത്യം. എന്റെ പതിനാറാം വയസിലാണ് എനിക്ക് ''How to win friends and influence people'' എന്ന പുസ്തകം കിട്ടുന്നത്. ഒരു പ്രാവശ്യം വായിച്ച് ഇഷ്ടപ്പെട്ടിട്ട് ഞാനത് വീണ്ടും വായിച്ചു. പിന്നീട് വീണ്ടും. അങ്ങനെ കുറയേ പ്രാവശ്യം വായിച്ച് ഞാന്‍ ആ പുസ്തകം കാണാതെ പഠിച്ചു. ആ പുസ്തം എന്നെ പാടേ മാറ്റി. അത് വായിച്ചതിനുശേഷം ഏത് സാഹചര്യത്തില്‍ ചെന്നാലും മിനിറ്റുകള്‍ക്കുള്ളില്‍ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ എനിക്ക് പറ്റി.

ഞാന്‍ കോളെജില്‍ പഠിക്കുന്ന സമയത്ത്, പത്തൊമ്പതാമത്തെ വയസില്‍, എന്റെ സുഹൃത്ത് ടിറ്റോ ''Think and Grow Rich'' എന്ന പുസ്തകം തന്നു. സ്വാതന്ത്ര്യസമരത്തിന് മുന്നിട്ടിറങ്ങാന്‍ ഈ പുസ്തകമായിരുന്നു ഗാന്ധിജിയെ സ്വാധീനിച്ചത് എന്നറിഞ്ഞത് എന്റെ ആവേശം കൂട്ടി. ഞാന്‍ ആ പുസ്തകവും ഒരുപാട് തവണ വായിച്ചു. അതിനുശേഷം ഇരുപതാമത്തെ വയസില്‍ ടോണി റോബിന്‍സിന്റെ ''Awaken the Giant within You'' എന്ന പുസ്തകം വായിച്ചു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് യു.എസില്‍ എത്തിയശേഷം ടോണി റോബിന്‍സുമായി കണ്‍സള്‍ട്ട് ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. അന്ന് ഞാന്‍ ആ പുസ്തകവുമായാണ് അദ്ദേഹത്തെ കാണാന്‍ പോകുന്നത്. ഒരുപാട് തവണ വായിച്ച് മുഷിഞ്ഞ ആ പുസ്തകത്തിന്റെ പേജുകള്‍ കാണിച്ചുകൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടില്‍ വിരിഞ്ഞ ചിരി ഇപ്പോഴും മനസിലുണ്ട്.

അതിനുശേഷം ഒരുപാട് പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു. ബിസിനസ്, ന്യൂറോളജി, സൈക്കോളജി തുടങ്ങി ഒരുപാട് മേഖലകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍. മാസത്തില്‍ ഒരു പുസ്തകമെങ്കിലും വായിക്കാനാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. എന്നാല്‍ ഏതെങ്കിലും പുസ്തകം വായിച്ചാല്‍ പോര. നിങ്ങളുടെ കരുത്തും ബലഹീനതയും കണ്ടെത്തി കരുത്ത് കൂട്ടാനും ബലഹീനത കുറയ്ക്കാനും കഴിയുന്ന പുസ്തകങ്ങള്‍ വായിക്കുക. ഒരു ന്യൂറോസര്‍ജന്‍ എത്ര സൂക്ഷ്്മതയോടെയാണോ ഒരു ശസ്ത്രക്രിയ ചെയ്യുന്നത് അതേ സൂക്ഷ്മത പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലുമുണ്ടാകണം. നിങ്ങളെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള പുസ്തകങ്ങള്‍ പലതവണ വായിക്കുക. ഒന്നിലേറെ തവണ വായിക്കുമ്പോഴാണ് അതിലെ ആശയങ്ങള്‍ പ്രായോഗികമാക്കാനുള്ള വഴി തെളിയുന്നത്.

ഉദാഹരണത്തിന് ചെറുപ്പത്തില്‍ എനിക്ക് ഒരു വിഷയത്തേക്കുറിച്ച് പഠിക്കാന്‍ ആഗ്രമുണ്ടെങ്കില്‍ ആ വിഷയത്തിലെ ലോകത്തിലെ ഏറ്റവും നല്ല മൂന്ന് പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. അങ്ങനെ ചെയ്താല്‍ ആ വിഷയത്തില്‍ ലോകത്തിലെ 90 ശതമാനം ആളുകളേക്കാള്‍ അറിവ് നമുക്ക് ലഭിക്കുന്നു.

നിങ്ങള്‍ക്ക് വായിക്കാന്‍ പല വഴികളുണ്ട്. പുസ്തകം മേടിച്ച് വായിക്കാം. അതിനുള്ള ക്ഷമയില്ലെങ്കില്‍ Audible എന്ന ആപ്പ് വഴി പുസ്തകങ്ങള്‍ കേള്‍ക്കാന്‍ പറ്റും. ഒരു വര്‍ഷം ഒരാള്‍ ശരാശരി 750 മണിക്കൂറുകള്‍ യാത്ര ചെയ്യുന്നുണ്ടാകും. ശരാശരി ഒരു പുസ്തകം വായിക്കാന്‍ വേണ്ട സമയം അഞ്ച് മണിക്കൂറാണെങ്കില്‍ നമുക്ക് 750 മണിക്കൂറുകൊണ്ട് 150 പുസ്തകങ്ങള്‍ ഒരു വര്‍ഷം കൊണ്ട് കേള്‍ക്കാനാകും. നിങ്ങള്‍ക്ക് പത്തിലൊന്ന് സമയം ചെലവഴിച്ച് മാസം ഒരു പുസ്തകം വീതം വര്‍ഷം 12 പുസ്തങ്ങളെങ്കിലും തീര്‍ക്കാനാകുമോ? ഇനി അതിനും നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ ഓരോ പുസ്തങ്ങളുടെയും രത്‌നചുരുക്കം ഉള്ള blinklist പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാം. ഇതിലൂടെ നിങ്ങളുടെ മേഖലയിലെ വിദഗ്ധനായി മാറാനാകും. ഇതിന് വേണ്ടി നിങ്ങള്‍ ആകെ ചെയ്തത് നിങ്ങളുടെ യാത്രയുടെ ചെറിയൊരു ശതമാനം മാത്രം നിങ്ങള്‍ പുസ്തകങ്ങള്‍ കേള്‍ക്കാനായി മാറ്റിവെച്ചു എന്നതാണ്.

അതാണ് നിങ്ങളുടെ ഏറ്റവും വലിയ നിക്ഷേപമായി മാറിയത്. നിങ്ങള്‍ ഒരു വര്‍ഷം സെയ്ല്‍സിനേക്കുറിച്ച് മാത്രമാണ് പഠിക്കുന്നതെങ്കില്‍ അതുവഴി നിങ്ങളുടെ സെയ്ല്‍സ് ഇരട്ടിയാക്കാന്‍ കഴിഞ്ഞാല്‍ എത്ര വലിയ മാറ്റമാണ് അത് ബിസിനസില്‍ ഉണ്ടാക്കുക?
2. സര്‍ജിക്കല്‍ ട്രെയ്‌നിംഗ്
ചില ആളുകള്‍ക്ക് പുസ്തകങ്ങളിലൂടെ കേട്ട കാര്യങ്ങള്‍ ബിസിനസില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അല്ലെങ്കില്‍ അതിനുള്ള ക്ഷമ ഉണ്ടാകണമെന്നില്ല. സെല്‍ഫ് ലേണിംഗിന്റെ അടുത്ത ഘട്ടം ട്രെയ്‌നിംഗുകളില്‍ പങ്കെടുക്കുകയെന്നതാണ്. ഇത്തരത്തില്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. സര്‍ജിക്കല്‍ ട്രെയ്‌നിംഗുകളിലാണ് നിങ്ങള്‍ പങ്കെടുക്കേണ്ടത്. സര്‍ജിക്കല്‍ ട്രെയ്‌നിംഗ് ആണോ എന്ന് എങ്ങനെ തിരിച്ചറിയാനാകും?
$ സ്വന്തമായി ബിസിനസ് കെട്ടിപ്പടുത്ത് വലുതാക്കി, അനുഭവസമ്പത്തുള്ള ആളുകളുടെ അടുത്ത് മാത്രമേ ട്രെയ്‌നിംഗിനായി പോകാവൂ.
$ കാര്യങ്ങള്‍ വളരെ ലളിതമായി നിങ്ങള്‍ക്ക് പറഞ്ഞുതരുന്ന പരിശീലകരുടെ അടുത്തുപോവുക. പുസ്തകങ്ങളില്‍ നിന്ന് പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ രീതിയിലാണ് കാര്യങ്ങള്‍ പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് പുസ്തകം വായിച്ചാല്‍ മതിയല്ലോ.
$ സന്തോഷത്തോടെയും ബഹുമാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും നിങ്ങളെ പരിഗണിക്കുന്നവരുടെ അടുത്തുനിന്ന് പഠിക്കുക.
$ റിസല്‍റ്റിനാണ് പ്രാധാന്യം. ഇതേ ട്രെയ്‌നിംഗില്‍ നേരത്തെ പങ്കെടുത്തിട്ടുള്ളവരോട് അവര്‍ക്ക് കിട്ടിയ റിസല്‍ട്ട് എന്താണെന്ന് ചോദിക്കുക.
3. മെന്റേഴ്‌സിനെ കണ്ടെത്തുക
സെല്‍ഫ് ലേണിംഗിന്റെ അടുത്ത മാര്‍ഗ്ഗം വിജയികളായവരില്‍ നിന്ന് മെന്ററിംഗ് സ്വീകരിക്കുകയെന്നതാണ്. കാരണം മറ്റുള്ളവര്‍ക്ക് വിജയത്തിന്റെ വഴി ചൂണ്ടിക്കാണിച്ചുകൊടുക്കാനുള്ള പ്രത്യേക കഴിവുണ്ടായിരിക്കും. നല്ലൊരു മെന്റര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ 10 വര്‍ഷത്തെ യാത്ര അഞ്ച് വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ ചുരുക്കാന്‍ പറ്റും. നിങ്ങളുടെ കഴിവുകളെ നിങ്ങളെക്കാള്‍ കൂടുതലായി കാണാന്‍ കഴിയുന്നയാളാണ് ഒരു നല്ല മെന്റര്‍. ലോകപ്രശസ്തരായ സംരംഭകര്‍ക്കെല്ലാം മെന്റര്‍മാരുണ്ടായിരുന്നു. ഇവരുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്് ഇതായിരുന്നു. സ്റ്റീവ് ജോബ്‌സ്, ലാറി പേജ്, ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, ജെഫ് ബെസോസ് എന്നിവരുടെയെല്ലാം മെന്റര്‍ ഒറ്റ വ്യക്തിയായിരുന്നു, ബില്‍ കാമ്പല്‍.

നിങ്ങളില്‍ നിക്ഷേപിക്കാന്‍ വേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് നാം പറഞ്ഞുകഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് വന്‍വിജയം നേടണമെങ്കില്‍ ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചെയ്യണം. അതായത് സര്‍ജിക്കല്‍ റീഡിംഗ് ചെയ്യുക, സര്‍ജിക്കല്‍ ട്രെയ്‌നിംഗില്‍ പങ്കെടുക്കുക, മെന്ററിംഗ് സ്വീകരിക്കുക. ഈ മൂന്ന് കാര്യങ്ങളും ചെയ്യാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ നിങ്ങളുടെ യാത്ര മൂന്നിലൊന്നായി ചുരുക്കാനും അതിവേഗം ലക്ഷ്യത്തിലെത്താനും സാധിക്കും.

ഞാന്‍ ഒരിക്കല്‍ ലോസാഞ്ചല്‍സില്‍ 400 പേര്‍ക്ക് ട്രെയ്‌നിംഗ് കൊടുക്കാനായി പോയി. പ്രസംഗിക്കാനുള്ള എന്റെ ഊഴം എത്തുന്നതിനായി ഞാന്‍ കാണികള്‍ക്കൊപ്പം കാത്തിരിക്കുമ്പോള്‍ ഒരു യുവതി എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. ''റൂബിള്‍ എന്നല്ലേ പേര്?'' ഞാന്‍ തലയാട്ടി. അവള്‍ പറഞ്ഞു. ''നിങ്ങളുടെ '90 ഡേയ്‌സ് റ്റു ലൈഫ'് എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട്, ബിസിനസിനെക്കുറിച്ച് ഒന്നും അറിയാതെ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നാല്‍ പുസ്തകം വായിച്ചതിലൂടെ ബിസിനസിന്റെ എല്ലാ വശങ്ങളും ലളിതമായി എനിക്ക് മനസിലാക്കാനായി. എന്റെ ബിസിനസിനെ മില്യണ്‍ ഡോളറിലേക്ക് എത്തിക്കാനുള്ള എന്റെ ആദ്യത്തെ സ്റ്റെപ്പ് ആയിരുന്നു താങ്കളുടെ പുസ്തകം.'' ഇതിലും വലിയൊരു സന്തോഷം ഒരു ഗ്രന്ഥകര്‍ത്താവിന്റെ ജീവിതത്തിലില്ല.

എന്‍ജിനീയറിംഗ് സെക്കന്‍ഡ് ക്ലാസോടെ പാസായ ശേഷം മുപ്പത് ലക്ഷം രൂപ കടവുമായി എവിടേക്ക് പോകണം എന്നറിയാതെ നിന്ന എനിക്ക് ഇവിടെ വരെയെത്താന്‍ കഴിഞ്ഞതിന് രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. ഒന്ന്, ദൈവാനുഗ്രഹം. രണ്ട്, ഞാന്‍ എന്നില്‍ത്തന്നെ നിക്ഷേപിച്ചത്.

(ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ ലേഖകന്‍ യു.എസ് ഉള്‍പ്പടെ 14 രാജ്യങ്ങളിലുള്ള സംരംഭകര്‍ക്ക് മെന്ററിംഗ് സേവനങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282643792 എന്ന നമ്പറിലോ help@rublechandy.com എന്ന മെയ്ല്‍ ഐഡിയിലോ ബന്ധപ്പെടാം.)


Related Articles
Next Story
Videos
Share it