കോവിഡ് രണ്ടാം തരംഗം, ഓഹരി നിക്ഷേപകര്‍ ഇപ്പോള്‍ എന്തുചെയ്യണം? പൊറിഞ്ചു വെളിയത്ത് പറയുന്നു

എല്ലാവരും ഭയന്ന് നില്‍ക്കുമ്പോള്‍ മുന്നോട്ട് പോകണം. നിക്ഷേപം നടത്തണം.

ഒരു വര്‍ഷം മുമ്പ്, കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഓഹരി വിപണിയില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി സൂചികകള്‍ ഇതുപോലെ കുതിച്ചുയരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? നിക്ഷേപകർ എന്ന നിലയിൽ ഒരു മഹാമാരി കാലത്തെ എങ്ങനെ നേരിടണം എന്നോ വൈറസ് എങ്ങിനെ രൂപാന്തരപെടുമെന്നോ നമുക്ക് അനുമാനിക്കാൻ കഴിയില്ല. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ സംഭവവികാസങ്ങള്‍ വാല്യു ഇന്‍വെസ്റ്റിംഗിന്റെ ഒരു സുപ്രധാന പാഠത്തെയാണ് വീണ്ടും അരക്കിട്ടുറപ്പിച്ചത്; എല്ലാവരും ഭയന്ന് പിന്മാറുമ്പോള്‍ മുന്നോട്ട് പോവുക, നിക്ഷേപിക്കുക.

ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡ് രണ്ടാംതരംഗമാണ്. ഇതുവരെ ലഭ്യമായ എല്ലാ ഡാറ്റയും പരിശോധിക്കുമ്പോള്‍ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ ഏറെ തീവ്രമാണ്. സംഭവിക്കുന്ന ദുരന്തം ഇതുവരെ കാണാത്ത വിധത്തിലുള്ളതും. ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ സമ്മര്‍ദ്ദം വ്യക്തമായി പുറത്ത് കാണാം. നമുക്ക് ഈ സന്ദര്‍ഭത്തില്‍ ഈ കാലവും കടന്നുപോകുമെന്ന് പ്രതീക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ സാധിക്കൂ.
ഒന്നാം തരംഗത്തിലേതുപോലെ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകാനിടയില്ല. പ്രാദേശികമായ ലോക്ക്ഡൗണും ഒപ്പം വാക്‌സിനേഷന്‍ വ്യാപകമാക്കിയും കോവിഡിനെ പിടിച്ചു നിര്‍ത്താനായേക്കും. വാക്‌സിന്റെ ലഭ്യത കുറവാണ് ഇപ്പോള്‍ പ്രശ്‌നം. ഇത് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാൻ വേണ്ട അടിയന്തര നടപടികളിലേക്ക് രാജ്യത്തെ നയിക്കും. ഇസ്രായേലിലെ കാര്യം ഇപ്പോള്‍ എല്ലാവരും പറയുന്നുണ്ട്. അവിടെ ജനസംഖ്യയില്‍ പകുതിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി കഴിഞ്ഞു. അതുകൊണ്ടാണ് ആ രാജ്യത്തെ ജനങ്ങള്‍ക്ക് മാസ്‌കില്ലാതെ നടക്കാന്‍ സാധിക്കുന്നത്.
ഈ രണ്ടാം തരംഗത്തിൽ ഏറ്റവും കുറഞ്ഞത് നാം മാനസികമായെങ്കിലും സജ്ജരാണ്. കോവിഡ് ഒന്നാം തരംഗകാലത്ത് സ്വീകരിച്ച് മെച്ചം കണ്ട പല കാര്യങ്ങളെ കുറിച്ചും കമ്പനികള്‍ക്ക് ഇപ്പോള്‍ ധാരണയുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ നാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ സജ്ജരാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയൊരു തിരുത്തല്‍ സംഭവിക്കാത്തത്. ഒരേ കാര്യത്തിന് ഓഹരി വിപണികള്‍ രണ്ടുവട്ടം തകരുന്നത് സാധാരണമല്ല.
സെന്‍സെക്‌സും നിഫ്റ്റിയുമല്ല ഓഹരി വിപണി. മുന്‍നിരയിലുള്ള ഏറെ വിലപിടിച്ച ഓഹരികള്‍ക്കപ്പുറമാണ് വിപണിയിലെ അവസരങ്ങള്‍ കിടക്കുന്നത്. സ്‌മോള്‍, മിഡ് കാപ് കമ്പനികള്‍, സമ്പദ് വ്യവസ്ഥയുടെ ചാക്രിക മേഖലയില്‍ അവഗണിക്കപ്പെട്ട് കിടക്കുന്നവയിലൊക്കെ വാല്യു ഇന്‍വെസ്റ്റിംഗിനുള്ള അവസരമുണ്ട്.
അടുത്ത ഏതാനും മാസത്തേക്ക് സൂചികകള്‍ വശങ്ങളിലേക്കാവും ചാഞ്ചാടുക. ഓരോ കമ്പനികളെയും വെവ്വേറെ എടുത്ത് പരിശോധിക്കുക; സൂചികകളെ അല്ല. ഈ കടുത്ത പ്രതിസന്ധിക്കാലം മറികടക്കാന്‍ പറ്റുന്ന ബിസിനസുകളാണോ, ആ കമ്പനികള്‍ക്ക് ഇക്കാലത്ത് പിടിച്ചുനില്‍ക്കാനും കുതിച്ചുമുന്നേറാനും പറ്റും വിധമുള്ള സഹജശക്തിയുണ്ടോ എന്നൊക്കെ നോക്കുക. അത്തരം കമ്പനികളെ തെരഞ്ഞെടുത്താല്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുക. കമ്പനികളുടെ ദീര്‍ഘകാല നിക്ഷേപകര്‍ ആ കമ്പനിയുടെ ബിസിനസ് പങ്കാളികളാണ്. ഹ്രസ്വകാലത്ത് ആ കമ്പനിയുടെ ഓഹരി വിലയിൽ ഉള്ള ചാഞ്ചാട്ടം കണ്ട് പിന്മാറാതെ നിക്ഷേപം തുടരുക.
ഓഹരി നിക്ഷേപത്തിന്റെ കാര്യത്തിലെ ഒരു സുപ്രധാന പാഠം; നിക്ഷേപത്തില്‍ നേട്ടം കൊയ്യാന്‍ നിരവധി വഴികളുണ്ടെങ്കിലും - നല്ല നിക്ഷേപകന്‍ അവരുടെ അടിസ്ഥാന പ്രമാണങ്ങളിലും തന്ത്രങ്ങളിലും അടിയുറച്ച് നില്‍ക്കും എന്നതാണ്. അത് കാലം അവര്‍ക്ക് അനുകൂലമാണോ അല്ലയോ എന്നൊന്നും നോക്കിയല്ല. ദീര്‍ഘകാല നേട്ടമുണ്ടാക്കാനായി നിങ്ങളുടെ വിശ്വാസപ്രമാണത്തില്‍ തന്നെ ഉറച്ച് നില്‍ക്കുക എന്നത് പ്രധാന കാര്യമാണ്.
ഒരു വാല്യു ഇന്‍വെസ്റ്റര്‍ എന്ന നിലയ്ക്ക് ഞാൻ പലപ്പോഴും അവഗണിക്കപ്പെട്ട് കിടക്കുന്നതോ സഹജമായ മൂല്യം പുറമേക്ക് ഇല്ലാത്തതോ ആയ കമ്പനികളിൽ നിക്ഷേപിക്കാറുണ്ട്. നിലവിൽ അത്തരം നിക്ഷേപ അവസരങ്ങളില്‍ മുമ്പെങ്ങും കാണാത്ത വിധം ഉയർന്ന സുരക്ഷ മാര്‍ജിൻ ഞാൻ കാണുന്നുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയിലെ ദീര്‍ഘകാല നിക്ഷേപ നേട്ട സാധ്യതയെ പറ്റി ഞാനിപ്പോഴും ശുഭാപ്തി വിശ്വാസിയാണ്.
സ്‌മോള്‍, മിഡ്കാപ് മുന്നേറ്റം ഏതാനും വര്‍ഷങ്ങള്‍ തുടരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഭീതി പരക്കുമ്പോള്‍ ഓഹരികളിലുണ്ടാകുന്ന വന്‍ തിരുത്തല്‍ കൂടുതല്‍ നിക്ഷേപിക്കാനുള്ള അവസരമാണ്. വിപണിയില്‍ വലിയ തിരുത്തല്‍ സംഭവിച്ചാല്‍ പോലും അതിവേഗം വിപണി ടേണ്‍ എറൗണ്ട് ചെയ്ത് പുതിയ ഉയരങ്ങളിലേക്ക് കുതിക്കും.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it