പ്രവചിക്കാനാവാതെ ഓഹരിവിപണി: നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം?

നാട്ടിലുള്ളപ്പോള്‍ ഓഹരിവിപണിയില്‍ അല്‍പ്പം നിക്ഷേപമൊക്കെ നടത്തിയിരുന്ന ജാന്‍സി സൗദിയില്‍ എത്തിയപ്പോള്‍ നഴ്‌സിംഗ് ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ജോലി ഉപേക്ഷിച്ച് തിരികെ നാട്ടിലേക്ക് വരേണ്ട സാഹചര്യം വന്നപ്പോള്‍ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം വിപണിയിലിറക്കി. തക്കസമയത്ത് ലാഭമെടുക്കാനായാല്‍ നേട്ടമാകുമെന്ന് ജാന്‍സി കരുതി. അത് ആദ്യ തവണ സംഭവിച്ചു. എന്നാല്‍ ഈ സാഹചര്യത്തില്‍ അന്തമായി വിശ്വാസമര്‍പ്പിച്ച് ലാഭവും വിപണിയില്‍ തന്നെ ഇറക്കി.

വിപണിയില്‍നിന്ന് മികച്ച നേട്ടംലഭിച്ചതിനാല്‍ ഭാവിയിലും അത് ആവര്‍ത്തിക്കുമെന്ന ചിന്ത തുടരെ തുടരെ ജാന്‍സിയെ വിപണിയില്‍ സജീവമാകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിപണി ചാഞ്ചാടിയപ്പോള്‍ ജാന്‍സിയുടെ കണക്കു കൂട്ടലും തെറ്റി. എങ്ങനെ ഈ നഷ്ടത്തെ ലഘൂകരിക്കാമെന്ന ചിന്തയായി ജാന്‍സിക്ക്. അതുകൊണ്ടുതന്നെ നിലവിലെ വിപണി സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിക്ഷേപതന്ത്രമാണ് ജാന്‍സി അറിയേണ്ടത്.
ഓഹരി വിപണിയുടെ സവിശേഷത ഈ ചാഞ്ചാട്ടമാണ്. ദീര്‍ഘകാലയളവില്‍ കുതിപ്പുണ്ടാകുമെങ്കിലും ഹ്രസ്വകാലയളവിലെ നിക്ഷേപത്തില്‍നിന്ന് നേട്ടമുണ്ടാക്കാനാവില്ല. ചിലപ്പോള്‍ കിട്ടിയേക്കാം. പക്ഷേ, ഹ്രസ്വകാലയളവില്‍ നേട്ടമുണ്ടാക്കാനിറങ്ങുന്നവരില്‍ ഭൂരിഭാഗവും പണം നഷ്ടപ്പെടുത്തുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പിന്നീട് ഖേദിക്കാതിരിക്കാന്‍ വിപണിയുടെ തിരുത്തലിന്റെ കാലത്ത് കരുതലോടെ മുന്നോട്ടുപോകാം.
എക്കാലത്തും വിപണിയുടെ പൊതുസ്വഭാമാണിത്. അപ്രതീക്ഷിതമായി കാരണങ്ങള്‍ പൊട്ടിപ്പുറപ്പെടും. അതിന്മേല്‍ തകര്‍ന്നടിയാന്‍ ഒന്നുംതടസ്സമാകില്ല. 34 വര്‍ഷത്തെ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. കോവിഡിനെതുടര്‍ന്ന് 2020 ഏപ്രിലില്‍ വിപണിയില്‍നിന്ന് എല്ലാവരും ഓടിമറഞ്ഞപ്പോഴുണ്ടായ തകര്‍ച്ച ഉദാഹരണംമാത്രം. പൂര്‍വ സ്ഥിതിയിലെത്താന്‍ രണ്ടുവര്‍ഷമെങ്കിലും ചരുങ്ങിയത് കാത്തിരിക്കേണ്ടിവരുമെന്ന് പ്രവചിച്ചവര്‍ നിരവധിയാണ്. സംഭവിച്ചത് മറിച്ചും. മാസങ്ങള്‍ക്കുള്ളില്‍ വിപണി റെക്കോഡ് നേട്ടംതിരിച്ചുപിടിച്ചു. സാമ്പത്തിക മാന്ദ്യമോ, വിലക്കയറ്റമോ, മറ്റേതെങ്കിലും പ്രതിസന്ധിയോ വരുമ്പോള്‍ നിക്ഷേപകര്‍ ഭയത്തിനടിമപ്പെടുന്നു. തകര്‍ച്ച അതിജീവിക്കുന്നവര്‍ രക്ഷപ്പെടുന്നു.
ഓഹരിയില്‍ നിക്ഷേപിക്കുന്നവരാണെങ്കില്‍ കൂടുതല്‍ കാശുണ്ടാക്കാമെന്നാലോചിച്ച് എല്ലാ പണവും വിപണിയില്‍ മുടക്കുന്നവരാണ് മലയാളികളില്‍ ഏറെപ്പേരും. നിക്ഷേപത്തിന്റെകാര്യത്തില്‍ ബാലന്‍സിങ് സമീപനം സ്വീകരിക്കുന്ന കുറച്ചുപേരെമാത്രമെ കാണാറുള്ളൂ. ഇത്തരക്കാര്‍ക്ക് നഷ്ടം സാങ്കല്‍പികംമാത്രമായിരിക്കും. വിപണി ഇടിയുമ്പോള്‍ ദീര്‍ഘകാലത്തേയ്ക്ക് ലക്ഷ്യംവെച്ച് കൂടുതല്‍ നിക്ഷേപിക്കാനുള്ള മനസാന്നിധ്യമുണ്ടാകും.
നിക്ഷേപം എങ്ങനെ സുരക്ഷിതമാക്കാം?
ഭാവിയില്‍ ഖേദിക്കാതിരിക്കാനും ഉത്കണ്ഠയെ പടിക്കുപുറത്തുനിര്‍ത്താനും മികച്ചരീതിയില്‍ ആസ്തി വിഭജനം നടത്തുകയെന്നതാണ് ഇപ്പോള്‍ സ്വീകരിക്കാവുന്ന പോംവഴി. പുതിയ നിക്ഷേപകനാണെങ്കില്‍ പ്രതിമാസ നിക്ഷേപം തുടരുക. അത്യാവശ്യത്തിനുള്ള പണം ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുക. നല്ലൊരുതുക വിപണിയില്‍നിന്ന് സമാഹരിച്ചയാളാണെങ്കില്‍ മികച്ചരീതിയില്‍ ആസ്തിവിഭജനം നടത്തുക.
ആസ്തി വിഭജനം എങ്ങനെ?
റിസ്‌കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മൊത്തം നിക്ഷേപത്തില്‍ 70 ശതമാനം ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപിക്കുക. 30ശതമാനം സ്ഥിര നിക്ഷേപമായി ഇടുക. ഇത്തരക്കാര്‍ മാര്‍ക്കറ്റ് ഇടിയുമ്പോള്‍ കൂടുതല്‍ തുക ഘട്ടംഘട്ടമായി ഓഹരിയില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.
റിസ്‌കിന്റെ അടിസ്ഥാനത്തില്‍ മിതപ്രകൃതക്കാര്‍ 50ശതമാനം നിക്ഷേപം ഓഹരി അധിഷ്ഠിത പദ്ധതികളിലും 50ശതമാനം സ്ഥിര നിക്ഷേപ പദ്ധതികളിലും നിലനിര്‍ത്തുക. നേരിയതോതില്‍ വ്യത്യാസമുണ്ടായാലും കുഴപ്പമില്ല. വിശാല സമീപനം സ്വീകരിക്കാം.
യാഥാസ്ഥിതിക ചിന്താഗാതിയുള്ളവര്‍ 70ശതമാനം നിക്ഷേപവും സ്ഥിര നിക്ഷേപ പദ്ധതികളില്‍ സൂക്ഷിക്കുക. ഓഹരി അധിഷ്ഠിത പദ്ധതികളില്‍ 30ശതമാനം വകയിരുത്താം.
Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it