സ്വര്‍ണം, ഓഹരികള്‍, ബോണ്ടുകള്‍ എന്നിവയെക്കാള്‍ ആദായകരമായ നിക്ഷേപം ഏതാണ് ? അറിയാം

പഴയ കളിപ്പാട്ടങ്ങള്‍ വലിച്ചെറിയുന്ന ശീലമാണ് നമുക്കെല്ലാം. എന്നാല്‍ ഉപയോഗിച്ച ലീഗോ ബ്രാന്‍ഡ് കളിപ്പാട്ടങ്ങള്‍ അങ്ങനെ വലിച്ച് എറിയുന്നത് ബുദ്ധിമോശമായിരിക്കും. ഇത്തരം ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. നിര്മിക്കാവുന്ന കളിപ്പാട്ടങ്ങളും (ബില്‍ഡിംഗ് ബ്ലോക്സ്), വീഡിയോ ഗെയിംസ് വില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മ്മാതാക്കളാണ് ഡെന്മാര്‍ക്കിലെ ലീഗോ.

ധനികരായവര്‍ തങ്ങളുടെ 10 % നിക്ഷേപം ആഭരണങ്ങള്‍,കല, പുരാതന വസ്തുക്കള്‍, ശേഖരിക്കാവുന്ന വൈനുകള്‍, കാറുകള്‍ എന്നിവയിലാണ് നടത്തുന്നത്. നന്നായി അറിയാതെ പോകുന്ന വിപണിയാണ് ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങളുടെ എന്ന് ഇതിനെ കുറിച്ച് പഠിച്ച എച് എസ് ഇ എന്ന റഷ്യന്‍ സര്‍വകലാശാലയിലെ ധനശാസ്ത്രത്തിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറായ വിക്ടോറിയ ഡോബ്രിന്‍സ്‌കായ അഭിപ്രായപ്പെടുന്നു.
ആയിരകണക്കിന് ഇടപാടുകളാണ് ഉപയോഗിച്ച ലീഗോ കളിപ്പാട്ട വിപണിയില്‍ നടക്കുന്നത്. മറ്റു അമൂല്യ ഉത്പന്നങ്ങളെ ക്കാള്‍ വിലകുറവാണെങ്കിലും ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങളുടെ വിപണി വലുതാണ്.
എന്ത് കൊണ്ടാണ് ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങള്‍ക്ക് പ്രിയം ഏറുന്നത്? ലീഗോ ഉത്പന്നങ്ങള്‍ പരിമിതമായിട്ടാണ് നിര്‍മിക്കുന്നത് പ്രത്യേകിച്ച് പ്രതീകാത്മകമായ ചലചിത്രങ്ങള്‍, പുസ്തകങ്ങള്‍, ചരിത്രപരമായ സംഭവങ്ങള്‍ക്ക് സമര്‍പ്പണമായി നിര്‍മ്മിച്ച സ്‌പെഷ്യല്‍ ശേഖരങ്ങള്‍. ഉപയോഗിച്ച ലീഗോ കളിപ്പാട്ടങ്ങളും വിപണിയില്‍ അധികം ലഭ്യമല്ല.
ഈ കളിപ്പാട്ടങ്ങള്‍ കൈവശം ഉള്ളവര്‍ അതില്‍ മൂല്യം കാണുന്നതിനാല്‍ വില്‍ക്കാനും താല്പര്യ പെടുന്നില്ല. അതിനാല്‍ വില്‍ക്കാന്‍ എത്തുന്ന ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെയാണ്. വീഞ്ഞ് പോലെ പഴകും തോറും വിലയും മൂല്യവും വര്‍ധിക്കുന്നതാണ് ലീഗോ ടോയ്സ്.
1987 മുതല്‍ 2015 വരെ വിറ്റ 2322 ലീഗോ കളിപ്പാട്ടങ്ങളില്‍ നിന്നുള്ള വാര്‍ഷിക ആദായം നെഗറ്റീവ് 50 % മുതല്‍ 600 ശതമാനം വരയാണെന്ന് കണ്ടെത്തി. പ്രാഥമിക വിപണിയില്‍ നിന്ന് വാങ്ങിയ ശേഷം ഉപയോഗിക്കാതെ പാക്കറ്റില്‍ തന്നെ സൂക്ഷിക്കുന്ന ലീഗോ കളിപ്പാട്ടങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ്. ലീഗോ കളിപ്പാട്ടങ്ങളില്‍ നിന്നും ശരാശരി വാര്‍ഷിക ആദായം 10 -11ശതമാനമാണ് .
ലീഗോ ശേഖരങ്ങളില്‍ ഏറ്റവും വിലകൂടിയവയില്‍ മില്ലേനിയം ഫാല്‍ക്കണ്‍, കഫെ ഓണ്‍ ദി കോര്‍ണര്‍, താജ് മഹാള്‍, ഡെത്ത് സ്റ്റാര്‍, ഇംപീരിയല്‍ സ്റ്റാര്‍ എന്നിവ പെടും.2008 ആഗോള സാമ്പത്തിക മാന്ദ്യത്തിലും മറ്റ് നിക്ഷേപങ്ങളുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ലീഗോ കളിപ്പാട്ടങ്ങളെ ബാധിച്ചില്ല.
ലീഗോ കളിപ്പാട്ടങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷമെങ്കിലും കൈക്കല്‍ വെക്കുന്നവര്‍ക്കാണ് മികച്ച ആദായം ലഭിക്കുന്നത്. എന്നാല്‍ എല്ലാ ലീഗോ കളിപ്പാട്ടങ്ങളും ഒരുപോലെ ആദായകരമല്ല അതിനാല്‍ അറിഞ്ഞു നിക്ഷേപിക്കണം.


Related Articles
Next Story
Videos
Share it