സ്വർണ വിപണിയിൽ സംഭവിക്കുന്നതെന്ത്, ഇനി എങ്ങോട്ട് ?

സ്വർണ വിപണി ഏതാനും ആഴ്ചകളായി ഇടിവിലാണ്. മെയ് മാസം അക്ഷയ തൃതീയയും, വിവിധ സംസ്ഥാനങ്ങളിൽ ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ നടന്ന പശ്ചാത്തലത്തിൽ സ്വർണ ഡിമാൻറ്റ് (Gold Demand) വർധിച്ചിരുന്നു.

എന്നാൽ ജൂൺ, ജൂലൈ മാസങ്ങളിൽ പൊതുവിൽ സ്വർണ ഡിമാൻറ്റ് ഇടിയുന്ന സാഹചര്യമാണ് ഇന്ത്യൻ വിപണിയിൽ. നിലവിൽ സ്വർണാഭരണ ഡിമാൻറ്റ് കുറഞ്ഞ സാഹചര്യത്തിൽ വ്യാപാരികൾ ലാഭം എടുക്കാതെ വിൽക്കേണ്ട സാഹചര്യമുണ്ടെന്ന്, ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മെർച്ചൻറ്റ്സ് അസോസിയേഷൻ (AKGSA)സെക്രട്ടറി കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
രൂപയുടെ വിലയിടിവാണ് ഒരു പരിധിവരെ കേരളത്തിൽ സ്വർണ വില കൂടുതൽ താഴെ പോകാതെ നിലനിർത്തുന്നത്. സ്വർണത്തിന് ഇ-വേ ബില്ല് നടപ്പാക്കുന്നതും ചെറുകിട ഇടത്തരം വ്യപാരികള്ക്ക് പ്രതിസന്ധിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
മെയ് മാസം ഇന്ത്യൻ സ്വർണ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് ( Gold ETF) 400 കിലോഗ്രാം സ്വർണ നിക്ഷേപം ഉണ്ടായി. രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയിലെ ചാഞ്ചാട്ടവുമാണ് ഇ ടി എഫ് നിക്ഷേപം വർധിപ്പിച്ചത്. ജൂണിലും ഇ ടി എഫ് നിക്ഷേപം ഉയർന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

റിസർവ് ബാങ്ക് മെയ് മാസത്തിൽ 3.7 ടൺ സ്വർണം വാങ്ങി, ഇന്ത്യയുടെ സ്വർണ ഇറക്കുമതി 98 ടണ്ണായി ഉയർന്നു. ഏപ്രിൽ മാസം 27.1 ടണ്ണായിരുന്നു.
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ജൂണിൽ പലിശ നിരക്ക് വർധിപ്പിച്ചതാണ് സ്വർണ വില ഇടിയാൻ പ്രധാന കാരണം. ഡോളർ (Dollar) സൂചിക കയറി നിന്നതും സ്വർണത്തിനു തിരിച്ചടിയായി.
വിപണി നിരീക്ഷകർ സ്വർണ വിപണി ബിയറിഷായി തുടരുമെന്ന് വിശ്വസിക്കുന്ന അവസരത്തിൽ ഗോൾഡ് മാൻ സാക്‌സ് (Goldman Sachs) എന്ന ആഗോള ധനകാര്യ സ്ഥാപനം മാത്രമാണ് സ്വർണ വില കുതിച്ചു കയറുമെന്ന് പ്രവചിക്കുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണ വില ഔൺസിന് 2500 ഡോളറിലേക്ക് കുതിക്കും (നിലവിൽ 1814 ഡോളർ ). പണപ്പെരുപ്പവും ആസന്നമായ മാന്ദ്യവും സ്വർണ വില ഉയർത്താൻ കാരണമാകുമെന്ന് അവർ കരുതുന്നു.
സ്വർണ അവധി വ്യാപാരത്തിൽ 10 ഗ്രാമിന് വില 50,780 വരെ ഉയർന്നെങ്കിലും 50,680 ലേക്ക് താണു. സ്വർണ ത്തിന് താങ്ങ് 50,531, 50,332. പ്രതിരോധം - 51037, 51344. (Geojit Financial Services)
ജൂൺ മാസം കർഷകർ പുതിയ വിത്ത് പാകുന്ന വേളയാണ്, തുടർന്ന് ജൂലൈ മാസവും വിപണി മന്ദഗതിയിലാവും, ആഗസ്റ്റിൽ ഉത്സവങ്ങൾ ആരംഭിക്കുന്നതോടെ വിപണി സജീവമാകുമെന്ന് പ്രതീക്ഷിക്കാം. സ്വർണാഭരണ ഡിമാൻറ്റ് (Gold Ornaments Demand) 2022 ൽ വർധിച്ചതായാണ് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ സൂചിപ്പിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it