എന്താണ് ഓഹരികളിലെ വിക്‌സ്? തിരഞ്ഞെടുപ്പിനിടെ നിക്ഷേപകരുടെ നെഞ്ചില്‍ ആശങ്കനിറച്ച് ചാഞ്ചാട്ട സൂചിക!

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചാഞ്ചാട്ടത്തിലാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇന്ത്യന്‍ ഓഹരി വിപണികളുടെ ചാഞ്ചാട്ടത്തിന്റെ തോത് വ്യക്തമാക്കുന്ന ഇന്ത്യ വിക്‌സ് അഥവാ വോളറ്റിലിറ്റി ഇന്‍ഡെക്‌സ് ഇന്ന് വ്യാപാരത്തിനിടെ ഒരുവേള 17.56 എന്ന 52-ആഴ്ചത്തെ ഉയരത്തിലുമെത്തി.
എന്താണ് ഈ വിക്‌സ്? മേല്‍ സൂചിപ്പിച്ചതുപോലെ ഇന്ത്യന്‍ ഓഹരി വിപണികളുടെ ചാഞ്ചാട്ടത്തിന്റെ ആക്കം സൂചിപ്പിക്കുന്ന സൂചികയാണിത്. ഭീതിയുടെ സൂചിക എന്ന വിളിപ്പേരും വിക്‌സ് ഇന്‍ഡെക്‌സിനുണ്ട്.
നിഫ്റ്റി ഇന്‍ഡെക്‌സ് ഓപ്ഷന്‍ വിലകളുടെ ഗതി അടിസ്ഥാനമാക്കിയാണ് ഇന്ത്യ വിക്‌സിന്റെയും സഞ്ചാരം. അടുത്ത 30 ദിവസത്തേക്കുള്ള സൂചികയുടെ ട്രെന്‍ഡാണ് വിക്‌സ് വ്യക്തമാക്കുക. ഇത് ഉയര്‍ന്നുനിന്നാല്‍, അതിനര്‍ത്ഥം വിപണിയില്‍ ചാഞ്ചാട്ടം ശക്തമാണെന്നാണ്. അതായത്, കനത്ത അസ്ഥിരത.
രാജ്യത്തെയോ ആഗോളതലത്തിലെയോ സാമ്പത്തികരംഗത്ത് പ്രതിസന്ധികള്‍ അലയടിക്കുമ്പോഴാണ് വിപണി ചാഞ്ചാട്ടത്തിലാവുന്നതും വിക്‌സ് ഉയരുന്നതും. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ഇത് 10.2 ശതമാനമായിരുന്നു. അതായത്, ചാഞ്ചാട്ടം കുറഞ്ഞ് വിപണി പൊതുവേ പോസിറ്റീവ് ഭാവത്തിലായിരുന്നു.
ആഭ്യന്തര സമ്പദ്‌രംഗത്തെ അനുകൂലഘടകങ്ങള്‍, നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലേറും എന്ന വിലയിരുത്തലുകള്‍ എന്നിവയാണ് അന്ന് വിപണിക്ക് സ്ഥിരത നല്‍കിയതും വിക്‌സിനെ കുറഞ്ഞതലത്തില്‍ നിലനിറുത്തിയതും.
എന്നാല്‍, നിലവില്‍ കണക്കുകൂട്ടലുകള്‍ മാറിമാറിഞ്ഞിരിക്കുകയാണ്. നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥ. പലയിടത്തും മത്സരം ശക്തം.
വിക്‌സ് ഇനി എങ്ങോട്ട്?
ലോക്‌സഭാ തിരഞ്ഞെടുപ്പ് പലഘട്ടങ്ങളിലായി വീറോടെ മുന്നേറുകയാണ്. ജൂണ്‍ നാലിനാണ് ഫലം അറിയാനാവുക. അതുവരെ ആര് ഭരണത്തിലേറുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുമെന്നും ഇന്ത്യ വിക്‌സ് മേലോട്ട് തന്നെ കുതിക്കുമെന്നുമാണ് വിലയിരുത്തലുകള്‍. തിരഞ്ഞെടുപ്പ് ഫലം നിക്ഷേപകരുടെ ആഗ്രഹത്തിന് വിരുദ്ധമായാല്‍ വിക്‌സിന്റെ കുതിപ്പിന് വേഗം കൂടുകയും ചെയ്യും.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വിക്‌സ്
തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യ വിക്‌സിന്റെ കുതിപ്പ് പൊതുവേയുള്ളതാണ്. 2019ല്‍ 12ല്‍ നിന്ന് കുതിച്ചത് പൊടുന്നനേ 30ലേക്ക്. വര്‍ധന 150 ശതമാനം. 2014ലാകട്ടെ കുതിപ്പിന് വേഗം ഇതിലും കൂടുതലായിരുന്നു. 12.5ല്‍ നിന്ന് 39ലേക്കായിരുന്നു അക്കാലത്തെ മുന്നേറ്റം; വര്‍ധന 212 ശതമാനം. ഈ വര്‍ഷം വിക്‌സ് 25 കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it