ഓഹരിയിലെ ചാഞ്ചാട്ടം തടയാന്‍ 'ലോക്ക്-ഇന്‍' കാലാവധി

ഓഹരികളില്‍, സാധാരണയായി പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) വേളയിലാണ് ലോക്ക്-ഇന്‍ പീരീഡ് ഏര്‍പ്പെടുത്താറുള്ളത്.
Oharipadam logo
Published on

ലോക്ക്-ഇന്‍ പീരിയഡ് എന്താണെന്ന് പറയാമോ?

ചില ഓഹരികളും മ്യൂച്വല്‍ഫണ്ടുകളും നിശ്ചിത കാലയളവിലേക്കായി 'ലോക്ക്' ചെയ്യുന്ന പതിവുണ്ട്. ഇതിനെയാണ് 'ലോക്ക്-ഇന്‍' പീരിയഡ് എന്ന് പറയുന്നത്. ലോക്ക്-ഇന്‍ കാലയളവില്‍ നിക്ഷേപകന് ആ ഓഹരി വിറ്റഴിക്കാനോ തിരികെ വാങ്ങാനോ (റിഡീം) കഴിയില്ല. നിക്ഷേപകന്‍ നിശ്ചിതകാലയളവിലേക്ക് ഈ ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് ആ ഓഹരിയില്‍ ദീര്‍ഘകാല നിക്ഷേപം ഉറപ്പാക്കുകയും ചാഞ്ചാട്ടം ഒഴിവാക്കുകയും ചെയ്യും.

മ്യൂച്വല്‍ ഫണ്ടുകളില്‍ ടാക്‌സ്-സേവിംഗ് ഫണ്ട്‌സ് (നികുതിനേട്ടം നല്‍കുന്ന ഫണ്ടുകള്‍), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ (ഇ.എല്‍.എസ്.എസ്) തുടങ്ങിയ ഫണ്ടുകളില്‍ ലോക്ക്-ഇന്‍ കാലാവധി ഏര്‍പ്പെടുത്താറുണ്ട്. പൊതുവേ മൂന്നുവര്‍ഷമായിരിക്കും ഇത്. ഇക്കാലയളവില്‍ അവയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനാവില്ല. ഈ ലോക്ക്-ഇന്‍ കാലാവധി നിക്ഷേപകന് നികുതി ആനുകൂല്യങ്ങള്‍ നേടാനും സഹായകമാണ്.

ഓഹരികളില്‍, സാധാരണയായി പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) വേളയിലാണ് ലോക്ക്-ഇന്‍ പീരീയഡ് ഏര്‍പ്പെടുത്താറുള്ളത്. ഒരു കമ്പനി ജീവനക്കാര്‍ക്ക് ഇ.എസ്.ഒ.പി (എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍) വഴി നല്‍കുന്ന ഓഹരികള്‍ക്കും ലോക്ക്-ഇന്‍ പീരീയഡ് ഉണ്ടാവാറുണ്ട്. ഐ.പി.ഒ വേളയില്‍ മൂന്നുമുതല്‍ 5 വര്‍ഷം വരെയായിരിക്കും ലോക്ക്-ഇന്‍ പീരീയഡ്. ഇക്കാലയളവില്‍ പ്രമോട്ടര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഓഹരികള്‍ വിറ്റൊഴിയാനാവില്ല. ഇ.എസ്.ഒ.പിയില്‍ ഒന്നുമുതല്‍ 4 വര്‍ഷം വരെയായിരിക്കും ലോക്ക്-ഇന്‍ കാലം.

ഓരോ ഓഹരിക്കും ഫണ്ടിനും ലോക്ക്-ഇന്‍ കാലാവധി വ്യത്യസ്തമായിരിക്കും. നിക്ഷേപകര്‍ അത്തരം ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപിക്കും മുമ്പ് അവ സംബന്ധിച്ച രേഖകള്‍ (ഡോക്യുമെന്റുകള്‍, പ്രോസ്‌പെക്ടസ്) സൂക്ഷ്മമായി വായിക്കണം. അതിന് ശേഷമേ ഉചിതമായ തീരുമാനമെടുക്കാവൂ.

ചില ഓഹരികള്‍ അപ്പര്‍-സര്‍ക്യൂട്ടിലെത്തി, ലോവര്‍-സര്‍ക്യൂട്ടിലെത്തി എന്നെല്ലാം കേള്‍ക്കാറുണ്ട്. എന്താണിവ?

ഓരോ വ്യാപാരദിനത്തിലും കമ്പനികളുടെ ഓഹരിവില നിശ്ചിത ശതമാനം വരെ മാത്രമേ ഉയരാനും താഴാനും പാടുള്ളൂ എന്ന് നിബന്ധനയുണ്ട്. ഇവയെയാണ് യഥാക്രമം അപ്പര്‍-സര്‍ക്യൂട്ട്, ലോവര്‍-സര്‍ക്യൂട്ട് എന്ന് വിശേഷിപ്പിക്കുന്നത്.

 കമ്പനിയുടെ വിപണിമൂല്യം, വ്യാപാരം ചെയ്യുന്ന ഓഹരികളുടെ മൊത്തം എണ്ണം, ഓഹരിയുടെയോ വ്യാപാരം നടക്കുന്ന സൂചികയുടെയോ ചാഞ്ചാട്ടം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അപ്പര്‍/ലോവര്‍ സര്‍ക്യൂട്ടുകളുടെ പരിധി നിര്‍ണയിക്കുന്നത്. വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിധി പരിഷ്‌കരിക്കാറുമുണ്ട്.

ഓഹരികള്‍ വലിയ തോതില്‍ ഇടിയുന്നതിലൂടെ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം ഉണ്ടാകുന്നത് തടയാനാണ് ലോവര്‍-സര്‍ക്യൂട്ട് ഏര്‍പ്പെടുത്തുന്നത്. ഓഹരിവില പരിധിയിലധികം ഉയര്‍ന്ന് അസാധാരണ അളവില്‍ വ്യാപാരം ചെയ്യപ്പെടുന്നത് തടയുകയാണ് അപ്പര്‍-സര്‍ക്യൂട്ടിന്റെ ലക്ഷ്യം. ഓഹരികളിലെ കനത്ത ചാഞ്ചാട്ടം ഒഴിവാക്കുകയാണ് ഇതിലൂടെ മുഖ്യമായും ഉദ്ദേശിക്കുന്നത്.

പൊതുവേ 2 മുതല്‍ 20 ശതമാനം വരെയാണ് സര്‍ക്യൂട്ട് ശതമാനം നിശ്ചയിക്കുന്നത്.

സൂചികകൾക്കും  പരിധി 

ഓഹരികള്‍ക്ക് പുറമേ സൂചികകള്‍ക്കും ഇത്തരത്തില്‍ പരിധി നിശ്ചയിക്കാറുണ്ട്. ഓഹരി സൂചികകള്‍ യഥാക്രമം 10 ശതമാനം, 15 ശതമാനം, 20 ശതമാനം എന്നിങ്ങനെ കൂടുകയോ ഇടിയുകയോ ചെയ്യുമ്പോഴാണ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ സംവിധാനം ഏര്‍പ്പെടുത്തുക. അതായത്, നിശ്ചിത സമയത്തേക്കോ അന്നേദിവസത്തേക്ക് മുഴുവനായോ സൂചികയുടെ വ്യാപാരം റദ്ദാക്കും.

 ഇടിവിന്റെയോ വര്‍ദ്ധനയുടെയോ അളവ് നോക്കിയാണ് വ്യാപാരം റദ്ദാക്കല്‍ കാലാവധി നിശ്ചയിക്കുന്നത്. സൂചിക 10 ശതമാനം ഇടിയുകയോ ഉയരുകയോ ചെയ്താല്‍ ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി 45 മിനിട്ട് നേരത്തേക്ക് വ്യാപാരം റദ്ദാക്കും. ഒരുമണിക്കും രണ്ടരയ്ക്കും മദ്ധ്യേ 15 മിനിട്ട് നേരത്തേക്കും റദ്ദാക്കലുണ്ടാകും. 2.30ന് ശേഷം റദ്ദാക്കല്‍ നടപടി ഉണ്ടാവാറില്ല.

എന്നാല്‍, സൂചിക ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പ് 15 ശതമാനം ഇടിഞ്ഞാല്‍ ഒരുമണിക്കൂര്‍ 45 മിനുട്ട് നേരത്തേക്ക് വ്യാപാരം നിര്‍ത്തിവയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് 15 ശതമാനം ഇടിവെങ്കില്‍ അന്നേദിവസത്തെ തുടര്‍ന്നുള്ള വ്യാപാരം ഉപേക്ഷിക്കും.

 സൂചിക ഏതെങ്കിലും സമയത്ത് (ഉച്ചയ്ക്ക് മുമ്പോ ശേഷമോ) 20 ശതമാനമോ അതിലധികമോ ഇടിവ് നേരിട്ടാല്‍ അന്നത്തെ വ്യാപാരം ആ സമയം മുതല്‍ പൂര്‍ണമായും റദ്ദാക്കും.

Equity investing is subject to market risk. Always do your own research before investing

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com