Begin typing your search above and press return to search.
കുട്ടികള്‍ക്ക് വരെ ലക്ഷങ്ങള്‍ വാരാവുന്ന ഡിജിറ്റലിടം: എന്താണ് എന്‍എഫ്ടി- അറിയേണ്ടതെല്ലാം
കവിയായ അച്ഛന്‍ ഹരിവംശ് റായി ബച്ചന്റെ 'മധുശാല' എന്ന കവിതകള്‍ നടന്‍ അമിതാഭ് ബച്ചന്റെ സ്വരത്തില്‍ എന്‍എഫ്ടിയാക്കി വിറ്റുപോയത് 7,56,000 ഡോളറിനാണ്. ഇതടക്കം ഓട്ടോഗ്രാഫ് ചെയ്ത സിനിമാ പോസ്റ്ററുകള്‍, മറ്റു ശേഖരങ്ങളെല്ലാം കൂടി നാലു ദിവസത്തെ ലേലത്തില്‍ ബച്ചന് മൊത്തം ഒരു മില്യണ്‍ ഡോളറിന്റെ അടുത്ത് കിട്ടി!. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി തന്റെ ആദ്യ ട്വീറ്റ് എന്‍എഫ്ടിയാക്കി വിറ്റത് 2.9 മില്യണ്‍ ഡോളറിനാണ്. മലയാളി നടി റിമ കല്ലിങ്കലിന്റെ ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് 24 മണിക്കൂര്‍ കൊണ്ട് 7.7 ലക്ഷം രൂപയ്ക്ക് വിറ്റുപോയി. ഇങ്ങനെ ലോകത്തെമ്പാടു നിന്നും, നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നു പോലും ദിനേന എന്‍.എഫ്.ടി വാര്‍ത്തകള്‍ കേള്‍ക്കുന്നു. ചില്ലറ വില്‍പ്പനയല്ല, ലക്ഷങ്ങളുടെ വില്‍പ്പനക്കഥകളാണതൊക്കെയും.
എന്താണ് എന്‍എഫ്ടി?
നോണ്‍- ഫഞ്ചിബിള്‍ ടോക്കണ്‍ എന്ന് പൂര്‍ണരൂപം. നോണ്‍- ഫഞ്ചിബിള്‍ എന്നാല്‍ സവിശേഷവും അതിനോട് മറ്റൊന്നിന് പകരംവെക്കാന്‍ പറ്റാത്തതും എന്നര്‍ത്ഥം. ലോകത്ത് ഒന്നേ ഉണ്ടാവുകയുള്ളൂ. സ്വാഭാവികമായും അതിന് ഡിമാന്‍ഡ് കൂടുമല്ലോ. ക്രിപ്റ്റോകറന്‍സികളെന്ന പോലെ ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായി തന്നെയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. ഓഡിയോ, ഛായാചിത്രങ്ങള്‍, ചലനചിത്രങ്ങള്‍, ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് തുടങ്ങി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്തും എന്‍എഫ്ടിയാക്കാം. ബച്ചന്‍ എന്‍എഫ്ടിയാക്കി വിറ്റത് ഓഡിയോയും സിനിമാ പോസ്റ്ററുമാണല്ലോ. ഡോര്‍സിയാണെങ്കില്‍ ട്വീറ്റും. റിമ കല്ലിങ്കല്‍ ഡിജിറ്റല്‍ ആര്‍ട്ടും.
സാങ്കേതികമായി പറഞ്ഞാല്‍, വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഡിജിറ്റല്‍ ലഡ്ജറില്‍ ഡാറ്റ പരിപാലിക്കുന്നതിനെയാണ് എന്‍എഫ്ടി ടെക്നോളജി എന്ന് പറയുന്നത്. ഇവയിലെ ഓരോ യൂണിറ്റ് ഡാറ്റയും ഓരോ എന്‍എഫ്ടിയായിരിക്കും. ഇങ്ങനെ സൃഷ്ടിക്കുന്ന എന്‍എഫ്ടികളെ Axie Infinity, Decentraland, Foundation, Mintable തുടങ്ങി വിവിധ എക്സ്ചേഞ്ചുകളിലൂടെ വില്‍പ്പനക്ക് വെക്കുവാന്‍ കഴിയും. ഓരോ എന്‍എഫ്ടിയുടെയും അടിസ്ഥാനവില നിര്‍ണ്ണയിക്കുന്നത് അവയുടെ നിര്‍മ്മാതാവായിരിക്കും. വില്‍ക്കാനാണെങ്കിലും വാങ്ങാനാണെങ്കിലും ഈ എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതിന് നിശ്ചിത ഫീസും ഉണ്ട്. എഥറിയം, ടെസോസ്, വസീര്‍ എക്സ് ടോക്കണ്‍, സോലാന മുതലായ ക്രിപ്റ്റോകറന്‍സികളാണ് നിലവില്‍ വിപണികളിലെ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതില്‍ ചിലത്.
വില്‍പ്പന എങ്ങനെ?
നമ്മുടെ നാട്ടിലെ ആര്‍ട്ട് ഗാലറികളില്‍ വമ്പന്‍ വില്‍പ്പനകള്‍ നടന്നുപോകുന്നതു പോലെയാണ് ഡിജിറ്റല്‍ ലോകത്തെ എന്‍എഫ്ടി വില്‍പ്പനയും. ഡിജിറ്റല്‍ ആവുമ്പോള്‍ സ്വാഭാവികമായും സാങ്കേതികമായി ചില നടപടിക്രമങ്ങള്‍ ഉണ്ടാവുമല്ലോ. എക്സ്ചേഞ്ചുകളാണ് ഇവിടെ മാര്‍ക്കറ്റ്പ്ലേസ്. ക്രിപ്റ്റോകറന്‍സിയിലാണ് ഇടപാട് നടക്കുന്നതെന്നതിനാല്‍ ക്രിപ്റ്റോ വോലറ്റുകള്‍ ആവശ്യമാണ്. ഈ വോലറ്റ് എന്‍എഫ്ടി എക്സ്ചേഞ്ചുകളുമായി ബന്ധിപ്പിക്കണം.
മിന്റിംഗ് എന്ന പ്രക്രിയയിലൂടെയാണ് വില്‍ക്കാനുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന വിലയും ഒപ്പം രേഖപ്പെടുത്താം.
എന്‍എഫ്ടി എന്ന നിക്ഷേപ സാധ്യത
വില്‍ക്കുന്നവര്‍ മാത്രം പോരല്ലോ. വാങ്ങാനും ആളുകള്‍ വേണ്ടേ? ഇവരെ പൊതുവെ 'കളക്ടേഴ്‌സ്' എന്നാണ് വിളിക്കുന്നത്. ഒരു ആര്‍ട്ട് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്താല്‍, ലേലം വിളിച്ച് വാങ്ങുകയാണ് വേണ്ടത്. സ്വാഭാവികമായും കൂടുതല്‍ മുടക്കുന്നവര്‍ക്ക് സ്വന്തമാക്കാം. ഇനി കളക്ടര്‍ക്കാണ് അതിന്റെ ഉടമസ്ഥാവകാശം. വില്‍ക്കുകയോ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുകയോ ആവാം. ക്രിപ്റ്റോകറന്‍സി പോലെ, എന്‍.എഫ്.ടി ഉല്‍പ്പന്നങ്ങള്‍ക്കും ഭാവിയില്‍ മൂല്യവര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാങ്ങുന്നവരില്‍ (കളക്ടേഴ്‌സ്്) അധികവും. ഭാവിയില്‍ വലിയ വിലയ്ക്ക് വിറ്റ് കാശുണ്ടാക്കാമല്ലോ. കലാപരമായ മൂല്യത്തോടുള്ള ഇഷ്ടം കൊണ്ട് വാങ്ങുന്നവരും ഉണ്ട്.
ജനസമ്മിതി നേടിയ ബ്രാന്‍ഡുകളുടെയും കലാകാരന്മാരുടെയും എന്‍എഫ്ടികള്‍ ശേഖരിക്കുക വഴി ഒരു പുതിയ നിക്ഷേപ മാര്‍ഗ്ഗത്തിന്റെ ചുരുള്‍ കൂടി ഈ സാങ്കേതികവിദ്യ തുറന്നുകാട്ടുന്നു. പരമ്പരാഗത കലാസൃഷ്ടി വില്‍പ്പന നടന്നുകഴിഞ്ഞാല്‍ പിന്നീടുള്ള വില്‍പ്പനകള്‍ക്ക് ആര്‍ട്ടിസ്റ്റിന് നേട്ടമൊന്നും ലഭിക്കാറില്ല. എന്നാല്‍ തുടര്‍ന്നുള്ള ഓരോ വില്‍പ്പനയ്ക്കും നിശ്ചിതശതമാനം റോയല്‍റ്റി എന്‍എഫ്ടി ആര്‍ടിസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കും.
ആര്‍ട്ട് വില്‍പ്പന മാത്രമോ?
ഇന്ന് പല ജനപ്രിയ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും എന്‍എഫ്ടി എന്ന സാങ്കേതിക ലോകത്തിലേക്ക് ചുവടുറപ്പിച്ചു കഴിഞ്ഞു. അഡിഡാസ്, നൈക്കി, വിസ, കൊകൊ-കോള എന്നീ കമ്പനികള്‍ ചില സമീപകാല ഉദാഹരണങ്ങളാണ്. എന്‍എഫ്ടിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാര്യത്തില്‍ ക്രിയാത്മകമായി ഇടപെട്ടുവരികയാണെന്ന് ഇന്‍സ്റ്റഗ്രാം സി.ഇ.ഒ ആഡം മൊസേരിയും വ്യക്തമാക്കിക്കഴിഞ്ഞു. എന്‍എഫ്ടികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നേരിട്ട് ലേലം ചെയ്തെടുക്കാമെന്ന തലത്തില്‍ കൂടി മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന സൂചനമുണ്ട്. എന്‍എഫ്ടിയുടെ റീച്ച് അതിഗംഭീരമാണെന്നും ഇതാണ് ഭാവിയെന്നാണ് തനിക്ക് തോന്നുന്നതെന്നുമാണ് ആദ്യ വില്‍പ്പനയ്ക്കു ശേഷം റിമ കല്ലിങ്കല്‍ പ്രതികരിച്ചത്.
തട്ടിപ്പില്‍ ജാഗ്രതൈ!
ഏതൊരു സംവിധാനവും പോലെ, എന്‍എഫ്ടിക്കും അതിന്റേതായ ദോഷവശങ്ങളുണ്ട്. വ്യാജ, തട്ടിപ്പ് പരാതികള്‍ നിരവധി ഉയര്‍ന്നുകഴിഞ്ഞുവെന്നതാണ് ഒന്ന്. ഫീസും കമ്മിഷനും വലിയതോതില്‍ വ്യത്യാസപ്പെട്ടാണ് ഈടാക്കുന്നത്. ഇടപാടുകള്‍ക്കും എക്സ്ചേഞ്ചുകള്‍ക്കും വേണ്ട നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത് വലിയ തോതില്‍ വൈദ്യുതി നഷ്ടത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാവുകയും പരിസ്ഥിതിക്ക് വലിയ ദോഷമായി ബാധിക്കുകയും ചെയ്യും. ഈ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നവര്‍ തീര്‍ച്ചയായും തുറന്ന കണ്ണോടെ വേണം ചെയ്യാന്‍. എല്ലായിപ്പോഴും പുതിയ വിവരങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കുകയും സൂക്ഷ്മമായി സ്വന്തം നിലയ്ക്ക് കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും വേണം. പണം വെച്ചുള്ള കളിയായതിനാല്‍ ഇടപാടുകളില്‍ ശ്രദ്ധയുണ്ടാവണം.
Next Story
Videos