ഓഹരി നിക്ഷേപത്തിലെ നഷ്ടം കുറയ്ക്കാൻ ഉപയോഗിക്കാം ഈ സംവിധാനം

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. നിക്ഷേപിച്ച പണം നഷ്ടമാകുമോയെന്ന ആശങ്കയാണ് പലരെയും പിന്നോട്ട് നയിക്കുന്നത്. എന്നാല്‍, ഓഹരി നിക്ഷേപത്തിലെ നഷ്ടവും റിസ്‌കും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ (STOP LOSS ORDER).

ഓഹരി ബ്രോക്കര്‍മാര്‍ക്ക് മുന്നിലെ ഓഹരി വ്യാപാര പ്ലാറ്റ്‌ഫോമിലെ നിക്ഷേപകന് മുന്നോട്ടുവയ്ക്കാവുന്ന സംവിധാനം ആണിത്. നിക്ഷേപകന്‍ മുന്‍കൂട്ടി നിശ്ചയിച്ച വിലയിലേക്ക് ഓഹരി വില എത്തുന്നമ്പോള്‍ ഓട്ടോമാറ്റിക്കായി ആ ഓഹരികള്‍ വില്‍ക്കാന്‍ ഈ ടൂള്‍ സഹായിക്കും. ഈ വിലയെ സ്‌റ്റോപ്പ് പ്രൈസ് (Stop Price) അല്ലെങ്കില്‍ സ്റ്റോപ്പ്-ലോസ് പ്രൈസ് (Stop-loss price) എന്ന് വിളിക്കുന്നു.
ഓഹരി വില വന്‍തോതില്‍ ഇടിയുന്നത് വഴി ഓഹരി നിക്ഷേപകന്‍ നേരിട്ടേക്കാവുന്ന നഷ്ടം കുറയ്ക്കുകയാണ് സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ചെയ്യുന്നത്. ഇനി നമുക്ക് എങ്ങനെയാണ് സ്‌റ്റോപ്പ് ലോസ് ഓര്‍ഡര്‍ ഉപയോഗിക്കുന്നത് എന്ന് നോക്കാം.
1) സ്‌റ്റോപ്പ് പ്രൈസ് നിശ്ചയിക്കല്‍: നിങ്ങളൊരു സ്‌റ്റോപ്പ്-ലോസ് ഓർഡർ നിശ്ചയിക്കുമ്പോള്‍, ഓഹരി ആ വിലയിലെത്തുന്ന വേളയില്‍ അവിടെ അത് ഓട്ടോമാറ്റിക്കായി സെല്‍ (sell) അല്ലെങ്കിൽ ബയ് (buy) ചെയ്യപ്പെടും; ഏത് ഓർഡറോടെ നിങ്ങൾ മുന്നോട്ടുവച്ചത് അതിന് അനുസരിച്ചായിരിക്കും ഇത്.
ഓഹരിയുടെ നിലവിലെ വിലയേക്കാൾ താഴ്ന്ന വിലയാകും സാധാരണഗതിയിൽ ലോംഗ് പൊസിഷൻ (അതായത് നിങ്ങളുടെ കൈവശം ഓഹരികൾ നേരത്തേ വാങ്ങിയത് ഉണ്ടെങ്കിൽ)
സ്‌റ്റോപ്പ്-ലോസ് പ്രൈസ്
​.
തിരിച്ച്, ഓഹരിയുടെ നിലവിലെ വിലയേക്കാൾ ഉയർന്ന വിലയിലായിരിക്കും ഷോര്‍ട്ട് പൊസിഷൻ (അതായത്,​ സ്വന്തം അല്ലാത്ത ഓഹരികൾ വാങ്ങിയിട്ടുണ്ടെങ്കിൽ)​ സ്റ്റോപ്പ്-ലോസ് പ്രൈസ്.
നിക്ഷേപകന്‍ സഹിക്കാന്‍ തയ്യാറായ നഷ്ടത്തില്‍ ഒതുങ്ങുന്നതാകും സ്റ്റോപ്പ് പ്രൈസ്. അതിന് മുകളിലേക്ക് നഷ്ടം നേരിടാനാവില്ലെന്ന് വിലയിരുത്തിയാണ് സ്റ്റോപ്പ്-പ്രൈസ് നിശ്ചയിക്കുന്നത്.
2) ആക്ടിവഷന്‍: എപ്പോഴാണോ ലോംഗ്, ഷോര്‍ട്ട് പൊസിഷനുകളിലേക്കായി നിശ്ചയിച്ച സ്റ്റോപ്പ്-പ്രൈസില്‍ നിലവിലെ ഓഹരി വിലയെത്തുക, അപ്പോള്‍ ആ ഓര്‍ഡര്‍ നടപ്പാക്കപ്പെടും. ആ സമയത്ത്, വില്‍ക്കാനോ വാങ്ങാനോ ഏറ്റവും അനുയോജ്യമായ വിലയില്‍ ആ ഓഹരി എത്തുമെന്നതാണ് പ്രത്യേകത. കൂടുതല്‍ നഷ്ടത്തിന് വഴിവയ്ക്കാതെ, ഉചിതസമയത്തും ഉചിത വിലയിലും ഓഹരി വിറ്റഴിക്കാന്‍ ഇത് സഹായിക്കുന്നു.
3. മാര്‍ക്കറ്റ് എക്‌സിക്യൂഷന്‍: എല്ലായ്‌പ്പോഴും സ്‌റ്റോപ്പ്-പ്രൈസിലേക്ക് ഓഹരി വില എത്തുമ്പോള്‍ തന്നെ ഓര്‍ഡര്‍ എക്‌സിക്യൂട്ട് ചെയ്യപ്പെടണമെന്നില്ല. ഇത്, വിപണിയുടെ ഗതിയെയും പണലഭ്യതയെയും (Liquidity) ആശ്രയിച്ചിരിക്കും. നമുക്കൊരു ഉദാഹരണം നോക്കാം:
നിങ്ങള്‍ എ.ബി.സി എന്ന കമ്പനിയുടെ ഓഹരി ഒന്നിന് 570 രൂപയ്ക്ക് വാങ്ങി എന്നിരിക്കട്ടെ. നിക്ഷേപം സുരക്ഷിതമാക്കാനും വലിയ നഷ്ടം ഒഴിവാക്കാനും നിങ്ങള്‍ 555 രൂപ സ്റ്റോപ്പ്-പ്രൈസ് നിശ്ചയിക്കുന്നു എന്നും കരുതുക. അതായത്, നിങ്ങള്‍ 15 രൂപവരെ നഷ്ടം സഹിക്കാന്‍ തയ്യാറാണ്.
ഇപ്പോള്‍ ഓഹരി വില 555 രൂപയിലേക്കോ അതിന് താഴേക്കോ വീണാല്‍, നിങ്ങള്‍ നിശ്ചയിച്ച സ്‌റ്റോപ്പ്-പ്രൈസില്‍ ഓഹരി ഓര്‍ഡര്‍ എക്‌സിക്യൂട്ട് ചെയ്യും (ഓഹരി വില്‍ക്കപ്പെടും).
പോരായ്മകളും
സ്‌റ്റോപ്പ്-ലോസിന് ചില പോരായ്മകളുമുണ്ട്. ഓഹരി വിപണിയില്‍ പലപ്പോഴും ഓഹരിയുടെ വില താഴേക്ക് പോകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്‌റ്റോപ്പ്-ലോസ് നടക്കപ്പെടും. എന്നാല്‍, ഓഹരി വില വൈകാതെ തിരിച്ചുകയറിയേക്കാം. ഇത് വിപ്‌സോ ഇഫക്റ്റ് (Whipsaw Effect) എന്ന് അറിയപ്പെടുന്നു.
ഓഹരി നിക്ഷേപകന് ഏറ്റവും അനുകൂലമായ വിലയില്‍ ഓഹരി വിറ്റൊഴിയാനാണല്ലോ സ്‌റ്റോപ്പ്-പ്രൈസ് നിശ്ചയിക്കുന്നത്. എന്നാല്‍, കനത്ത ഇടിവ് നേരിടുന്ന സാഹചര്യങ്ങളില്‍ ആ ഓര്‍ഡര്‍ എക്‌സിക്യൂട്ട് ചെയ്യുന്ന വില, ചിലപ്പോള്‍ നേരത്തേ നിശ്ചയിച്ച സ്‌റ്റോപ്പ്-പ്രൈസിനേക്കാളും താഴെപ്പോകാം. ഇത് വിപണിയിലെ പണലഭ്യതയെ ആശ്രയിച്ചിരിക്കും.
ട്രെയിലിംഗ് സ്‌റ്റോപ്പ് ലോസ് ഓര്‍ഡര്‍
ഓഹരിവില ഇടിയുന്നതിന് അനുസരിച്ച് മാത്രമല്ല, ഉയരുന്നതിനും ആനുപാതികമായി സ്റ്റോപ്പ് ലോസ് നിശ്ചയിക്കാമെന്ന് നേരത്തേ പറഞ്ഞല്ലോ. നമുക്ക് സ്‌റ്റോപ്പ്-പ്രൈസ് ഓഹരി വിലയുടെ ഗതിക്കനുസരിച്ച് ഓട്ടോമാറ്റക്കായി ക്രമീകരിക്കാവുന്നതുമാണ്. ഇതിനെ ട്രെയിലിംഗ് സ്‌റ്റോപ്പ് ലോസ് എന്ന് വിളിക്കുന്നു. ഒരു ഉദാഹരണം നോക്കാം.
എ.ബി.സി എന്ന കമ്പനിയുടെ ഓഹരി ഒന്നിന് 570 രൂപയ്ക്ക് നിങ്ങള്‍ വാങ്ങി എന്നിരിക്കട്ടെ. 15 രൂപ ട്രെയിലിംഗ് സ്‌റ്റോപ്പ്-പ്രൈസും നിശ്ചയിക്കുന്നു. ഇപ്പോള്‍ ഓഹരി വില 585 രൂപയായി വര്‍ദ്ധിച്ചാല്‍ അവിടെ നിങ്ങളുടെ പുതിയ സ്റ്റോപ്പ് ലോസ് ഓട്ടോമാറ്റിക്കായി 570 രൂപയായി നിശ്ചയിക്കപ്പെടും (585-15 )​.
ഇനിയിപ്പോള്‍ ഓഹരി വില 600 രൂപയായി ഉയര്‍ന്നു എന്നിരിക്കട്ടെ, അപ്പോള്‍ ഓട്ടോമാറ്റിക്കായി നിശ്ചയിക്കപ്പെടുന്ന സ്റ്റോപ്പ് പ്രൈസ് 585 രൂപയായിരിക്കും. ഇതാണ് ട്രെയിലിംഗ് സ്റ്റോപ്പ് ഓര്‍ഡര്‍. ഓഹരി വില ഇടിയുന്ന ഘട്ടത്തില്‍ നിക്ഷേപകന്റെ നഷ്ടം നിജപ്പടെുത്തുകയും ഓഹരി വില ഉയരുന്ന സാഹചര്യങ്ങളില്‍ നിശ്ചിത ലാഭം ഉറപ്പ് നല്‍കുകയുമാണ് ഇത് ചെയ്യുന്നത്.
സാധാരണയായി,​ സ്റ്റോപ്പ് ലോസ് സംവിധാനം ഇൻ‌ട്രാ-ഡേ ട്രേഡിംഗിനാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ,​ ചില ബ്രോക്കർമാർ ദീർഘകാല നിക്ഷേപങ്ങൾക്കും ഈ ഓപ്ഷൻ അനുവദിക്കാറുണ്ട്.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it