മയക്കം വിട്ട് ഐടിസി; നിക്ഷേപകര്‍ ഇപ്പോള്‍ എന്തു ചെയ്യണം?

ഇന്ത്യന്‍ ഓഹരി സൂചികയുടെ മുന്നേറ്റത്തിന്റെ ഭാഗമാകാതെ മാറി നിന്നിരുന്ന ഐടിസി ഓഹരി കൂടി മയക്കം വിട്ട് ഉണര്‍ന്നതോടെ നിക്ഷേപകര്‍ ആഹ്ലാദത്തില്‍. ഏറെക്കാലമായി നിക്ഷേപകരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു ഐടിസി.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരുപക്ഷേ ഏറ്റവും ട്രോളുകള്‍ സമീപകാലത്ത് ഏറ്റ് വാങ്ങിയ ഓഹരിയും ഐടിസി ആയിരിക്കും.

ധനം ഓണപ്പതിപ്പില്‍ രാജ്യത്തെ പ്രമുഖ്യ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സാരഥിയുമായ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ച അഞ്ച് ഓഹരികളില്‍ ഒന്ന് ഐടിസിയായിരുന്നു. ഏതാനും വര്‍ഷങ്ങളായി കഴിവിനൊത്ത പ്രകടനം കാഴ്ചവെക്കാതിരുന്ന ഐടിസിയില്‍ ഓണക്കാലത്ത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. പൊറിഞ്ചു വെളിയത്ത് ഓഹരി നിക്ഷേപത്തിനായി നിര്‍ദേശിക്കുമ്പോള്‍ വിപണിയിലെ വില 208 രൂപയായിരുന്നു.
ഇപ്പോള്‍ നിക്ഷേപിക്കാമോ?

ഇന്നലെ ഓഹരി വിപണിയില്‍ ഐടിസിയുടെ വില ഏഴ് ശതമാനത്തോളം ഉയര്‍ന്നതോടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് ഐടിസി ഓഹരി വില അടുത്തിരിക്കുകയാണ്. ഈ വര്‍ഷം സെന്‍സെക്‌സ് 23 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ ഐടിസി വെറും എട്ട് ശതമാനത്തോളമാണ് ഉയര്‍ന്നത്.

ഇപ്പോള്‍ ഐടിസിയും ഓഹരി വിപണിയുടെ കുതിപ്പിന്റെ ഭാഗമായി മാറുമ്പോള്‍ നിക്ഷേപകരെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഐടിസിയില്‍ നിക്ഷേപിക്കാമോ?

സിഗററ്റ് വിപണിയില്‍ നായകരാണ് ഐടിസി. കോവിഡ് വ്യാപനത്തിന് കുറവ് വന്നാല്‍ സിഗററ്റ് വിപണി മുന്നേറുമെന്ന് തന്നെയാണ് നിരീക്ഷകരുടെ അഭിപ്രായം.

എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ നീണ്ടശ്രേണിയിലൂടെ ഇന്ത്യയിലെ ഓരോ കുടുംബത്തിലെയും അവിഭാജ്യഘടകമാണ് ഐടിസി. ആശിര്‍വാദ്, സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്‌ലോണ്‍, ക്ലാസ് മേറ്റ്‌സ് എന്നിവ ഐറ്റിസിയുടെ ബ്രാന്‍ഡുകളില്‍ ചിലതാണ്. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈകളിലാണ്.

എഫ് എം സി ജി വിഭാഗത്തില്‍ ഐടിസി ഓഹരി ഏറെ ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമായിരുന്നു ഇതുവരെ. ''SUUTI (Specified Undertaking of the Unit Trust of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ടെന്ന് പൊറിഞ്ചു വെളിയത്ത് ധനം ഓണം പോര്‍ട്ട് ഫോളിയോ അവതരിപ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടിരുന്നു.


Related Articles
Next Story
Videos
Share it