നിക്ഷേപ രംഗത്ത് 2024ല്‍ എന്തൊക്കെ സംഭവിക്കും?

ജനുവരി മാസമാകുമ്പോൾ നിക്ഷേപകർ ചിന്തിക്കുന്ന ഒന്നാണ് ഈ വര്‍ഷത്തിലെ നിക്ഷേപ തന്ത്രം എന്താകണം എന്നത്. ഉത്തരം വ്യക്തമാണ്, വര്‍ഷം മാറിയതു കൊണ്ട് നിക്ഷേപ തന്ത്രം മാറണമെന്നില്ല. നല്ല വളര്‍ച്ചാ സാധ്യത ഉള്ള, നല്ല മാനേജ്മെന്റ് ഉള്ള കമ്പനികളില്‍ നിക്ഷേപിക്കുക എന്നതാണ് എക്കാലത്തെയും മികച്ച നിക്ഷേപ തന്ത്രം. ബാക്കിയെല്ലാം വ്യാപാര തന്ത്രങ്ങളാണ്. വ്യാപാര തന്ത്രം അതിനു കഴിവും സാമര്‍ഥ്യവും ഉള്ളവര്‍ പ്രയോഗിക്കട്ടെ. നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപ തന്ത്രത്തില്‍ ഉറച്ചുനില്‍ക്കട്ടെ.

എങ്കിലും പുതുവര്‍ഷത്തില്‍ എവിടെ നിക്ഷേപിക്കണമെന്നും സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ച ചെയ്യാവുന്ന വിഷയമാണ്. 2023ല്‍ നിന്ന് എത്ര വ്യത്യസ്തമാണ് 2024 എന്ന് മനസിലാക്കുന്നതും അതനുസരിച്ചു കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതും നല്ല കാര്യമാണ്.

വളര്‍ച്ച കുറയും

2024നെപ്പറ്റി നമുക്ക് അറിയാവുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:

1. ഈ വര്‍ഷം ജി.ഡി.പി വളര്‍ച്ച അല്‍പ്പം കുറവാകുമെന്ന ഐ.എം.എഫ് നിഗമനത്തോടൊപ്പമാണ് മറ്റു ബഹുരാഷ്ട്ര ഏജന്‍സികളും ബാങ്കുകളും ഉള്ളത്.

ഒക്ടോബറിലെ ഐ.എം.എഫ് വിലയിരുത്തലില്‍ 2024ല്‍ ലോക ജി.ഡി.പി വളര്‍ച്ച 2.9 ശതമാനം ആകുമെന്നാണ് പറയുന്നത്.

2023ല്‍ വളര്‍ച്ച 3 ശതമാനവും 2022ല്‍ 3.5 ശതമാനവും ആയിരുന്നു.

ആഗോള വളര്‍ച്ച കുറയുന്നതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടാകും.

2. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വന്‍ വിജയം പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ സംഭവിച്ചില്ലെങ്കില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടാകാം.

തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വലിയ തോതില്‍ പണമൊഴുക്കും. അതു താല്‍ക്കാലികമായി ജി.ഡി.പി വളര്‍ത്തും. എന്നാല്‍ തെരഞ്ഞെടുപ്പു കാല നിയന്ത്രണങ്ങള്‍ ജി.ഡി.പി വളര്‍ച്ചയെ ബാധിക്കും.

3. ആഗോള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നു. യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ ഹമാസ്-ഇസ്രയേല്‍ യുദ്ധവും പുതിയ പോര്‍മുഖം തുറന്നു. ചെങ്കടലില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരരുടെ ആക്രമണം ചരക്ക് ഗതാഗതത്തിനു ഭീഷണിയായി.


പലിശ കുറയും, വിലക്കയറ്റവും

4. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് (ഫെഡ്)അടക്കം കേന്ദ്ര ബാങ്കുകള്‍ ഈവര്‍ഷം പലിശ കുറച്ചു തുടങ്ങും. വിലക്കയറ്റവും കുറയും.

5. കഴിഞ്ഞ വര്‍ഷം കാര്‍ഷികോല്‍പ്പാദനത്തില്‍ കുറവു വരുത്തിയ എല്‍നിനോ പ്രതിഭാസം ഈ വര്‍ഷം തുടരും. ഭക്ഷ്യവിലകള്‍ ഉയര്‍ന്നു നില്‍ക്കും. വളര്‍ച്ചയും കാര്‍ഷികോല്‍പ്പാദനവും കുറയുന്നതു വിപണിക്കു നല്ലതല്ല. സംഘര്‍ഷങ്ങളും അങ്ങനെ ത്തന്നെ. ലോക ചരക്കുനീക്കത്തിന്റെ 30% നടക്കുന്ന ചെങ്കടല്‍ പ്രശ്ന മേഖലയാകുന്നതും വിപണിക്കു ക്ഷീണം വരുത്തും. എന്നാല്‍ പലിശ കുറയുന്നതു വിപണികളെ ശക്തിപ്പെടുത്തും. ഉല്‍പ്പാദനച്ചെലവ് കുറയുന്നതു വ്യവസായങ്ങളെയും.

അപ്പോള്‍ പുതിയ ചോദ്യം ഉയരും. ഏത് മേഖലകളാണ് അടുത്ത വര്‍ഷം കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത്?

ആഡംബരം കുതിക്കുന്നു

എല്ലാ മേഖലകളും ഒരുപോലെ വളരുകയില്ല. കഴിഞ്ഞ കാലങ്ങള്‍ അതാണ് കാണിച്ചു തരുന്നത്. കോവിഡിനു ശേഷം രാജ്യം വളര്‍ച്ചയിലേക്കു തിരിച്ചുവന്ന വര്‍ഷങ്ങളാണ് 2022, 2023 വര്‍ഷങ്ങള്‍. മഹാമാരിയുടെ വര്‍ഷങ്ങളില്‍ മാറ്റിവെച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോക്താക്കള്‍ ശ്രമിച്ചു. അത് വാഹന

വില്‍പ്പനയിലും (കാര്‍ വില്‍പ്പന 40 ലക്ഷത്തിനു മുകളിലായി) ടൂറിസത്തിലും ഒക്കെ പ്രതിഫലിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഇതുകണ്ടു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ 13 വലിയ നഗരങ്ങളിലെ പാര്‍പ്പിട വില്‍പ്പനയില്‍ 30% വര്‍ധന ഉണ്ടായി.

ഈ രണ്ട് മേഖലയിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. വില കൂടിയ വാഹനങ്ങളും ആഡംബര പാര്‍പ്പിടങ്ങളുമാണ് വില്‍പ്പനയില്‍ മുന്നേറിയത്. സാദാ ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു.ഈ വളര്‍ച്ച എല്ലാ മേഖലയിലും ഇല്ല. എഫ്.എം.സി.ജി അടക്കം നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ച ഇല്ല.

2.1% വളര്‍ച്ച മാത്രമാണ് എഫ്.എം.സി.ജി വില്‍പ്പനയില്‍ ഉള്ളതെന്ന് മാര്‍ക്കറ്റിംഗ് വിശകലന ഏജന്‍സികള്‍ പറയുന്നു. ധാന്യങ്ങളുടെയും പൊടികളുടെയും വില്‍പ്പന മൂന്ന് ശതമാനവും ലഘുപാനീയ വില്‍പ്പന 8.2 ശതമാനവും കുറഞ്ഞു. സാമ്പത്തിക വളര്‍ച്ചാ നിരക്ക്കുറവായാല്‍ ഈ മേഖലകളില്‍ തളര്‍ച്ച തുടരും.


അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കുമോ?


അടിസ്ഥാനസൗകര്യ വികസനത്തെപ്പറ്റി ഏറെ പറയുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളിലെ തോതില്‍ റോഡുകള്‍ നിര്‍മിക്കപ്പെടുന്നില്ല. 2024ലേക്ക് ഈ മേഖല പുതിയ വെല്ലുവിളിയും നേരിടുന്നുണ്ട്. ബജറ്റ് വിഹിതം കുറയും (കാരണം കമ്മി). 2023-24ല്‍ 5.9% കമ്മിയാണ് ബജറ്റില്‍ നിര്‍ദേശിച്ചത്. അത് ഈവര്‍ഷം 5.2 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്. അപ്പോള്‍ മൂലധനച്ചെലവ് ചുരുങ്ങും. സ്വാഭാവികമായും ദേശീയപാതാ വികസനവും മറ്റും സാവധാനമാകും.

ഇതിനു പകരം സ്വകാര്യ മൂലധനം വരുമോ? ഇതുവരെയുള്ള സൂചന സ്വകാര്യ മേഖല പണമിറക്കാന്‍ ഒരുങ്ങിയിട്ടില്ല എന്നാണ്. സ്വകാര്യ മേഖല കാര്യമായ നിക്ഷേപ പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. യു.പിയില്‍ അശോക് ലെയ്ലന്‍ഡിന്റെ പുതിയ പ്ലാന്റിന്റെ പണി 2025ല്‍ തുടങ്ങുമെന്നാണ് പറഞ്ഞത്.

ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഗുജറാത്തില്‍ ഫാക്ടറി സ്ഥാപിക്കുന്നതായ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. വാഹന, സ്റ്റീല്‍, പെട്രോ കെമിക്കല്‍, എന്‍ജിനീയറിംഗ് മേഖലകളില്‍ വലിയ നിക്ഷേപ പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.ഓര്‍ക്കുക, വിപണികള്‍ പ്രവചനങ്ങളുടെ വഴിയേ അല്ല പോകാറുള്ളത്. വിപണി പോകുന്നതു പണത്തിന്റെ കൂടെയാണ്. പണം വിപണിയില്‍ എത്തിയാല്‍ ഓഹരികള്‍ ഉയരും.

വിപണിയില്‍ നിന്നു പണം പുറത്തേക്കു നീങ്ങിയാല്‍ ഓഹരികള്‍ താഴും. 2022ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു വിദേശികള്‍ പണം പിന്‍വലിച്ചു, ഓഹരികളുടെ കയറ്റം കുറഞ്ഞ തോതിലായി. 2023ല്‍ വലിയ തോതില്‍ വിദേശികളും സ്വദേശികളും വിപണിയിലേക്കു പണം എത്തിച്ചു. ഓഹരികള്‍ കുതിച്ചുകയറി.


2024ലെ സാമ്പത്തിക ചലനങ്ങളും ഫലങ്ങളും


1. പലിശനിരക്ക് കുറഞ്ഞു തുടങ്ങും.

ഫലം: കമ്പനികള്‍ക്കു വില്‍പ്പന കൂടും. ജനങ്ങള്‍ വായ്പയെടുത്ത് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ തയാറാകും.

2. വിലക്കയറ്റം കുറയും.

ഫലം: കമ്പനികള്‍ക്ക് ഉല്‍പ്പാദനച്ചെലവ് കുറയുകയും ലാഭം കൂടുകയും ചെയ്യും.

3. വികസിത രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പണം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകും.

ഫലം: വികസ്വര രാജ്യങ്ങളിലെ വിപണികള്‍ക്കു നേട്ടം.

4. ചൈന സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പാക്കും.

ഫലം: പദ്ധതി വിജയകരമായാല്‍

ലോഹങ്ങള്‍ക്കു വില കൂടും. നല്ല പദ്ധതി കൊണ്ടുവന്നു വിജയിപ്പിച്ചില്ലെങ്കില്‍

ചൈനീസ് വളര്‍ച്ച കുത്തനെ ഇടിയും.

5. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാകും.

ഫലം: ക്രൂഡ് ഓയില്‍ വില നിരന്തരം ഉയരുമെന്ന ആശങ്ക മാറും. ചെമ്പിനും ലിഥിയത്തിനും വില കൂടും.

6. നിര്‍മിതബുദ്ധിയുടെ ഉപയോഗം വര്‍ധിക്കും.

ഫലം: തൊഴില്‍ മേഖലയില്‍ കൂടുതല്‍ റോബോട്ടുകള്‍ വരും. ഡാറ്റാ അനലിറ്റിക്സ് എളുപ്പമാകും. ഉല്‍പ്പാദനക്ഷമതയില്‍ കുതിച്ചുചാട്ടം ഉണ്ടാകും.

(This article is originally published in Dhanam Business Magazine's January Second Issue)

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it