

മിതത്വം, സെലക്ടീവായി ചില മേഖലകളില്‍ തിരിച്ചുകയറ്റം. 2026ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതീക്ഷിക്കാവുന്നത് ഇതൊക്കെയാണ്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍, ലിക്വിഡിറ്റി കര്‍ശനമാക്കല്‍, ട്രംപ്ണോമിക്സിന്റെ ഭാഗമായുള്ള ചുങ്കപ്പോര് തുടങ്ങിയവയെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു വര്‍ഷമാണ് കടന്നുപോയത്. ഇതൊക്കെയുണ്ടായിട്ടും ഇന്ത്യന്‍ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായ പ്രതിരോധ ശേഷി പ്രകടമാക്കിയെന്നതാണ് ശ്രദ്ധേയം.
യുഎസ് താരിഫ് വര്‍ധന, ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം, ഇന്തോ-പാക് പിരിമുറുക്കങ്ങള്‍, വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മറ്റ് വിപണികളിലേക്ക് നിക്ഷേപം കൊണ്ടുപോയത് തുടങ്ങി ബാഹ്യ സാഹചര്യങ്ങള്‍ അങ്ങേയറ്റം നെഗറ്റീവായിട്ട് പോലും ഇന്ത്യയുടെ അതിവിപുലമായ ഉപഭോഗ അടിത്തറ, നയപരമായ വഴക്കം, ഇക്വിറ്റി വിപണിയില്‍ കുടുംബങ്ങളുടെ നിക്ഷേപത്തോത് ഉയര്‍ന്നത് എന്നിവയെല്ലാം വലിയ ഉലച്ചില്‍ തട്ടാതെ കാര്യങ്ങളെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള പണ പ്രവാഹം കുറഞ്ഞിട്ടും രൂപ ഡോളറിനെതിരെ ദുര്‍ബലമായിട്ടും വ്യാപാരക്കമ്മി വര്‍ധിച്ചിട്ടു പോലും പൊതുമേഖല സ്ഥാപനങ്ങള്‍, ഓട്ടോ, മെറ്റല്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ലാര്‍ജ് ക്യാപ് ഇക്വിറ്റി ഓഹരികളാണ് 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഓഹരി വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്.
2025നെ രൂപപ്പെടുത്തിയ സാഹചര്യങ്ങള്‍ 2026ല്‍ പെട്ടെന്ന് അപ്രത്യക്ഷമാകാന്‍ ഇടയില്ല. യുഎസ് താരിഫുകള്‍ സപ്ലൈ ചെയ്നുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഉല്‍പാദനത്തെ അധിഷ്ഠിതമാക്കിയുള്ള സമ്പദ്‌വ്യവസ്ഥകള്‍ തളര്‍ച്ചയിലാണ്. ഇതെല്ലാം ചേര്‍ന്ന് ആഗോള മൂലധനത്തെ പ്രതിരോധ സ്ഥാനത്തേക്കാണ് തള്ളിയിട്ടിരിക്കുന്നത്. വര്‍ധിച്ചുവരുന്ന യുഎസ് തൊഴിലില്ലായ്മയും മന്ദഗതിയിലുള്ള വ്യാവസായിക ഉല്‍പാദനവും ഫെഡറല്‍ റിസര്‍വിനെ കൂടുതല്‍ നിരക്ക് കുറക്കലിന് നിര്‍ബന്ധിതരാക്കിയേക്കാം. എന്നിരുന്നാലും വിപണിയിലെ ഉണര്‍വ് പണപ്പെരുപ്പ നിരക്കിനെയും ബോണ്ട് വിപണിയില്‍ നിന്നുള്ള സൂചനകളെയും ആശ്രയിച്ചിരിക്കും. 2026ല്‍ യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വ്യാപാര നിലപാടുകള്‍ മയപ്പെടുത്താനും സാധ്യതയുണ്ട്.
ആഗോള സൂചനകള്‍ സ്ഥിരതയിലേക്കാണ് ഇപ്പോള്‍ വിരല്‍ചൂണ്ടുന്നത്. വൈവിധ്യവല്‍ക്കരണ തന്ത്രത്തിന്റെ ഭാഗമായി ആഗോള ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. ആഗോള ജിഡിപി വളര്‍ച്ച മന്ദഗതിയിലാണെങ്കിലും തകരാതെ നില്‍ക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില ആഗോള പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയുടെ കാര്യത്തില്‍ ഒരു തടയും ഇടുന്നുണ്ട്. എന്നിരുന്നാലും ജപ്പാന്റെ ബോണ്ട് യീല്‍ഡ് വര്‍ധിച്ചുവരുന്നത് യെന്‍ വഴിയുള്ള വ്യാപാരം വര്‍ധിക്കാനിടയാക്കിയേക്കും. യുഎസ് നയത്തില്‍ വ്യക്തമായ ഇളവ് വരും വരെ ഇന്ത്യ ഉള്‍പ്പെടെയുള്ള എമര്‍ജിങ് വിപണികളെ ഇക്കാര്യം സമ്മര്‍ദ്ദത്തിലാക്കിയേക്കും.
ആഭ്യന്തര തലത്തിലെ മാക്രോസൂചനകള്‍ ശക്തമായി തുടരുന്നുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ യഥാര്‍ഥ ജിഡിപി എട്ട് ശതമാനം വര്‍ധിച്ചു. പക്ഷേ നോമിനല്‍ ജിഡിപി ബജറ്റ് പ്രതീക്ഷയേക്കാള്‍ താഴെ 8.8 ആണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സഹന പരിധിയില്‍ നില്‍ക്കുന്നതിനാല്‍ 2026ല്‍ പണനയത്തില്‍ ഇളവുകള്‍ ഉണ്ടായേക്കും. രാജ്യത്ത് ഉപഭോഗം വര്‍ധിപ്പിക്കുന്നതിന് സഹായകമായ ധനകാര്യ നയങ്ങളാണ് സ്വീകരിച്ചുവരുന്നത്.
കയറ്റുമതി രംഗത്ത് കയറ്റിറക്കങ്ങളുണ്ട്. പക്ഷേ സേവനങ്ങളുടെ കയറ്റുമതി സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. എണ്ണ വില കുറഞ്ഞു നിലനില്‍ക്കുന്നതും കാര്യങ്ങള്‍ നേരെയാകാന്‍ സഹായകമാവുന്നുണ്ട്. എന്നാല്‍ മൊത്തത്തില്‍ സാമ്പത്തിക സ്ഥിരത ആര്‍ജിക്കാന്‍ വെല്ലുവിളികളുണ്ട്.
ലിക്വിഡിറ്റിയും ക്രെഡിറ്റ് സാഹചര്യങ്ങളും മെച്ചപ്പെടുന്നുണ്ട്. ആര്‍ബിഐ നയങ്ങള്‍ ലിക്വിഡിറ്റി വര്‍ധിപ്പിച്ചു. 2025ല്‍ 125 ബേസിസ് പോയിന്റ് നിരക്ക് കുറച്ചതോടെ, റിപോ നിരക്ക് ഇപ്പോള്‍ 5.25 ശതമാനമായി. വായ്പ ആവശ്യകത നിലനില്‍ക്കുന്നുണ്ട്. ബാലന്‍സ് ഷീറ്റ് കോവിഡ് കാലത്തിന് മുമ്പത്തേക്കാള്‍ നല്ല നിലയിലാണ്. പലിശ ചെലവും അനുകൂലമായ നിലയിലാണ്. രാജ്യത്തെ കുടുംബങ്ങളില്‍ നിന്നുള്ള ഇക്വിറ്റി നിക്ഷേപം വലിയ തോതില്‍ വിപണിയെ താങ്ങുന്നുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 566 ബില്യണ്‍ രൂപയാണ് ഇക്വിറ്റി മാര്‍ക്കറ്റിലേക്ക് എസ്‌ഐപി വഴി വന്നത്. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ കുറയുന്നതും യുഎസ് നിരക്കുകള്‍ താഴുന്നതും മൂലം 2026ല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തേക്ക് തിരികെ വന്നേക്കാം.
മൂല്യത്തെ ചുറ്റിപ്പറ്റിയാണ് ഇക്വിറ്റികളുടെ പ്രകടനം വിലയിരുത്തപ്പെടുക. 2025ല്‍ നിഫ്റ്റി 10 ശതമാനം നേട്ടം നല്‍കി. 2026ല്‍ നിഫ്റ്റി 12 ശതമാനം വളര്‍ച്ച നേടുമെന്നാണ് അനുമാനം. സ്വകാര്യ മൂലധനത്തിലുണ്ടാകുന്ന വര്‍ധന, കമ്പനികളുടെ വരുമാനം കൂടുന്നത്, മാക്രോതലത്തിലുള്ള റിസ്‌കുകള്‍ കുറയുന്നത് എന്നതിനെയെല്ലാം ആശ്രയിച്ചാണിതിരിക്കുന്നത്.
2026ല്‍ വിപണി അത്ര മോശമായിരിക്കില്ല. പക്ഷേ എല്ലാ മേഖലകളുടെയും പ്രകടനം ഒരുപോലെ ആകില്ല. വായ്പ രംഗത്ത് ഇരട്ടയക്ക വളര്‍ച്ചയും ആരോഗ്യകരമായ മൂലധനമുള്ളതും ബാങ്കുകള്‍ക്ക് അനുകൂല ഘടകമാണ്. ഉപഭോഗത്തിലുണ്ടാകുന്ന വര്‍ധന എഫ്എംസിജിക്ക് ഗുണകരമാകും. ഹെല്‍ത്ത്കെയര്‍ രംഗത്തും മുന്നേറ്റം പ്രതീക്ഷിക്കാം. റെയില്‍, റോഡ് ചെലവ് ത്വരിതപ്പെടുത്തുകയും സ്വകാര്യ പങ്കാളിത്തം വികസിക്കുകയും ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യ നിര്‍വഹണം വേഗത്തില്‍ തുടരുന്നു. പ്രീമിയം മാര്‍ക്കറ്റ് റിയല്‍ എസ്റ്റേറ്റ് രംഗത്തിന് കരുത്തേകും. എഐ രംഗത്ത് ഇടപാടുകള്‍ കൂടും.
എന്തുതന്നെയായാലും 2026 വലിയ ഊഹക്കച്ചവടത്തിന് അനുകൂലമായ വര്‍ഷമായിരിക്കില്ല. ഇന്ത്യയുടെ അടുത്തഘട്ട വളര്‍ച്ചക്കുള്ള ഒരു അടിത്തറയായി മാത്രമെ 2026 വര്‍ഷത്തെ വിപണി പ്രകടനത്തെ വിലയിരുത്താനാവൂ.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഫണ്ടമെന്റല്‍ റിസര്‍ച്ച് മേധാവിയാണ് ലേഖകന്‍)
(Originally published in Dhanam Magazine January 15, 2026 issue.)
What will the stock market be like in 2026?
Read DhanamOnline in English
Subscribe to Dhanam Magazine