മാറുന്ന രാഷ്ട്രീയ കാലാവസ്ഥ, ചാഞ്ചാട്ടത്തിലും നേട്ടം കൊയ്ത് എഫ്.എം.സി.ജി മേഖല

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍പെട്ട് പല മേഖലകളും കടപുഴകിയപ്പോള്‍ നിക്ഷേപകര്‍ക്ക് പിടിവള്ളിയായി മാറിയിരിക്കുകയാണ് എഫ്.എം.സി.ജി വിഭാഗം. ഇന്നലത്തെ വിപണിയുടെ വന്‍ വീഴ്ചയില്‍ ഒരു ശതമാനം നേട്ടവുമായി പിടിച്ചു നിന്ന എഫ്.എം.സി.ജി മേഖലയിലെ മിക്ക ഓഹരികളും ഇന്ന് അഞ്ച് ശതമാനം വരെ ഉയര്‍ന്ന് പൊങ്ങി.

നിരാശാജനകമായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എല്ലാ സെക്ടറല്‍ സൂചികകളും നിലംപരിശായപ്പോള്‍ നിക്ഷേപകര്‍ അഭയം കണ്ടെത്തിയത് വേഗത്തില്‍ വിറ്റഴിയുന്ന സാധനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ (എഫ്.എം.സി.ജി) ഓഹരികളിലാ ണ്.
രാഷ്ട്രീയ കാാലാവസ്ഥയിലുണ്ടായ മാറ്റം ഇന്ത്യയുടെ എഫ്.എം.സി.ജി രംഗത്തിന് വഴിത്തിരിവാകുന്നുവെന്നാണ് വിശകലന വിദഗ്ധര്‍ കരുതുന്നത്. മികച്ച മൺസൂൺ ഗ്രാമീണ വിപണികളെ സജീവമാക്കുമെന്ന പ്രവചനങ്ങൾ ഈ മേഖലയ്ക്ക് ഇതിനകം തന്നെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്.

ഡിഫന്‍സീവ് സെക്ടറിലേക്ക് ഷിഫ്റ്റ്

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരും മുമ്പ് വിപണിയുടെ പ്രതീക്ഷ ഇന്‍ഫ്രാസ്ട്രക്ചറില്‍ കൂടുതല്‍ നിക്ഷേപം വരുമെന്നും പതുക്കെയെങ്കിലും എഫ്.എം.സി.ജി സെക്ടറിനും ഗുണം ചെയ്യുമെന്നുമായിരുന്നു. എന്നാലിപ്പോഴത്തെ ബി.ജെ.പി -എന്‍.ഡി.എ സംഖ്യത്തിന്റെ സീറ്റ് നിലയനുസരിച്ച് ഉപഭോഗത്തിന് ഊന്നല്‍ നല്‍കിയുള്ള സര്‍ക്കാരാകും വരിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നേരത്തെ ശക്തമായ മുന്നേറ്റം നടത്തിയ പി.എസ്.യു ബാങ്ക്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിന്ന് പിന്‍മാറുന്ന നിക്ഷേപകര്‍ 'പോര്‍ട്ട്‌ഫോളിയോ ഷിഫ്റ്റ്' നടത്തുന്നതാണ് ഡിഫന്‍സീവ് സെക്ടര്‍ എന്നറിയപ്പെടുന്ന എഫ്.എം.സി.ജി ഓഹരികളെ മുന്നേറ്റത്തിലാക്കുന്നത്.
മുന്നിൽ എച്ച്.യു.എല്‍

ഹിന്ദുസ്ഥന്‍ യൂണിലിവര്‍ (എച്ച്.യു.എല്‍) തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും അഞ്ച് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി. ഇന്ന് ഏഴ് ശതമാനമാണ് ഓഹരി മുന്നേറിയത്.

ഡാബര്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നീ ഓഹരികളും ആറ് ശതമാനത്തിലേറെ ഉയര്‍ന്നു. എഫ്.എം.സിജി സൂചികയിലെ ഓഹരികളും ഇന്ന് നേട്ടത്തിലാണ്. 2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മിക്ക എഫ്.എം.സി.ജി കമ്പനികളുടെയും മാനേജ്‌മെന്റ് വിതരണ ശൃഖലകള്‍ മെച്ചപ്പെടുത്തുന്നതിനായി പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ കൂടിയാകുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷം ഉയര്‍ന്ന ഒറ്റ അക്ക വളര്‍ച്ചയിലെത്താമെന്ന പ്രതീക്ഷയും എഫ്.എം.സി.ജി മേഖല നിലനിറുത്തുന്നുണ്ട്.
Related Articles
Next Story
Videos
Share it