എപ്പോൾ ഷെയർ ‍ട്രേഡിങ് ചെയ്യരുത്? സ്മാർട്ട് ട്രേഡർമാരുടെ വിജയരഹസ്യം പങ്കുവെച്ച് നിതിൻ കാമത്ത്

അടുത്ത രണ്ടാഴ്ചയിൽ ഇടവേളയിട്ട് മൂന്ന് അവധി കടന്നുവരുന്നതിനാൽ നവോന്മേഷം കൈവരിക്കുന്നതിന് ചെറിയൊരു ബ്രേക്ക് എടുക്കുന്നത് ഉചിതമായിരിക്കുമെന്ന് നിതിൻ കാമത്ത്.
nitin kamath on trade holidays
ഇൻസെറ്റിൽ നിതിൻ കാമത്ത്canva
Published on

അതിജീവനത്തേക്കാൾ ഉപരിയായി ലാഭത്തെ മാത്രം ഉന്നമിടുന്നതാണ് ട്രേഡർമാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന്. എന്നാൽ വിപണിയിൽ തഴക്കംവന്ന ഒരു ട്രേ‍ഡറെ സംബന്ധിച്ച്, അതിവേ​ഗം പണം ഉണ്ടാക്കുക എന്നതിനേക്കാൾ കൈവശമുള്ള മൂലധനം സംരംക്ഷിക്കണമെന്ന മനോഭാവമാകും മുന്നോട്ട് നയിക്കുക.

ഇന്ത്യൻ വിപണിയിൽ അനിശ്ചിതത്വം ഉച്ഛസ്ഥായിയിൽ നിൽക്കുന്ന പശ്ചാത്തലത്തിലും വരുന്ന രണ്ടാഴ്ചയ്ക്കിടെ നിരവധി അവധികളും വരുന്നതിനാലും, രാജ്യത്തെ ഏറ്റവും വലിയ ഷെയർ ബ്രോക്കിം​ഗ് സ്ഥാപനമായ സെറോദയുടെ സ്ഥാപകൻ നിതിൻ കാമത്ത് ട്രേ‍ഡർമാർക്കുള്ള പുതിയ ഉപദേശവുമായി രം​ഗത്തെത്തി.

'ഒരു ബ്രേക്ക് എടുക്കാൻ പറ്റിയ സമയം'

പുതിയതായി വിപണിയിലേക്ക് കടന്നെത്തിയ ട്രേഡർമാർക്ക് നിതിൻ കാമത്ത് നൽകുന്ന ഉപദേശം ലളിതവും എന്നാൽ അത്രയേറെ പ്രാധാന്യം അർഹിക്കുന്നതുമാണ്. സമീപകാലത്ത് വിവിധ ആ​ഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനം കാരണം ഇന്ത്യൻ വിപണി കടുത്ത ചാഞ്ചാട്ടം പ്രകടമാക്കുന്ന സാഹചര്യത്തിൽ, ലാഭനഷ്ട കണക്കുകൾ സ്ഥിരമായി നോക്കിക്കൊണ്ടിരുന്നാൽ മാനസികമായി ക്ഷീണിച്ചുപോകാം.

വിപണിയിൽ എപ്പോഴാണോ അപ്രവചനീയത മുറ്റിനിൽക്കുന്നത്, അപ്പോൾ ലാഭം ഉണ്ടാക്കാൻ വർധിത വീര്യത്തോടെ ട്രേഡ് ചെയ്യുന്നതിനേക്കാളും അവരുടെ കൈവശമുള്ള മൂലധനം സംരംക്ഷിക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമാകണം മുൻ​ഗണന നൽകേണ്ടത്. കാരണം വിപണിയുടെ ദുർഘടമായ ഘട്ടങ്ങൾ വിജയകരമായി അതിജീവിക്കുന്നവർക്കാണ് ദീർഘകാലയളവിൽ അത്യന്തികമായി ലാഭം ഉണ്ടാക്കാൻ കഴിയുക.

ഇന്ത്യൻ വിപണി സമീപകാലത്തായി ചാഞ്ചാട്ടത്തിന്റെ പാതയിലാണുള്ളത്. ഇവിടെ ട്രേഡർമാർ ലാഭത്തേക്കാളും അതിജീവനത്തിന് പരി​ഗണന നൽകണം. ഇപ്പോൾ ചെറിയ അളവിൽ മാത്രം ട്രേഡ് ചെയ്യുക. മികച്ച അവസരം ലഭിക്കുന്നതു വരെ കാത്തിരിക്കുക. അടുത്ത രണ്ടാഴ്ചയിൽ ഇടവേളയിട്ട് മൂന്ന് അവധി കടന്നുവരുന്നതിനാൽ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും നവോന്മേഷം കൈവരിക്കുന്നതിനും ചെറിയൊരു ബ്രേക്ക് എടുക്കുന്നത് ഉചിതമായിരിക്കും. നിതിൻ കാമത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഉപദേശരൂപേണ വ്യക്തമാക്കി.

ഇനി വരുന്ന അവധികൾ

വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ പതിവ് വാരാന്ത്യ അവധി (ശനി, ഞായർ) കൂടാതെ ഇന്ത്യൻ വിപണിക്ക് ബാധകമായ മൂന്ന് പൊതു അവധികൾ കൂടി കടന്നുവരുന്നുണ്ട്. ഇന്ന് (മാർച്ച് 26) രാമനവമി കാരണം വിപണിക്ക് അവധിയാണ്. അടുത്ത ചൊവ്വാഴ്ച (മാർച്ച് 31) ശ്രീ മഹാവീർ ജയന്തി പ്രമാണിച്ചുള്ള അവധിയുണ്ട്. കൂടാതെ അടുത്ത വെള്ളിയാഴ്ച (ഏപ്രിൽ 3) ദുഃഖവെള്ളി പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് അവധി നൽകിയിട്ടുണ്ട്. തുടർന്ന് ഏപ്രിൽ 14ന് അംബേദ്കർ ജയന്തി പ്രമാണിച്ചും അവധിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com