ഓഹരി നിക്ഷേപകര്‍ ഇപ്പോള്‍ എവിടെ നിക്ഷേപിക്കണം? ഇതാ അഞ്ച് മേഖലകള്‍

ഇന്ത്യന്‍ ഓഹരി സൂചികകള്‍ അമ്പരപ്പിക്കുന്ന കുതിപ്പാണ് നടത്തുന്നത്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടവും വിപണി സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ നിക്ഷേപം നടത്തുന്നവര്‍ ഏതെല്ലാം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത്? സാമ്പത്തിക, ഓഹരി വിപണി വിദഗ്ധന്‍ ടി എസ് അനന്തരാമന്‍ പറയുന്നത് ഇതാണ്:

കിതപ്പില്ലാതെ വിപണി
2020 മാര്‍ച്ച് 20 ന് ശേഷം നിഫ്റ്റി അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ ഓഹരി വിപണിയില്‍ നിന്ന് കാര്യമായ നേട്ടം നിക്ഷേപകര്‍ക്ക് ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. നിക്ഷേപകര്‍ക്ക് ഇപ്പോള്‍ നേട്ടമുണ്ട്. വിപണിയിലെ ഈ സ്ഥിതി അടുത്ത നാലഞ്ച് കൊല്ലം നീട്ടുനില്‍ക്കാനാണിട. ഇതിനിടെ തിരുത്തല്‍ സംഭവിക്കില്ലെന്നല്ല. തിരുത്തല്‍ എന്തായാലും ഉണ്ടാകും. അത് എന്ന്, എപ്പോള്‍, എന്തുകൊണ്ട് എന്നൊന്നും ഇപ്പോള്‍ പറയാന്‍ ഞാന്‍ മുതിരുന്നില്ല.

തിരുത്തല്‍ സംഭവിച്ചാലും ഇന്ത്യന്‍ ഓഹരി വിപണിക്ക് അത് ഗുണം തന്നെയാണ് ചെയ്യുക. കാരണം, ഒരു ഇടിവില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി പണവുമായി നിക്ഷേപകര്‍ കാത്തുനില്‍ക്കുകയാണ്. വിപണിയിലേക്ക് പണമൊഴുക്ക് ഉണ്ടാവുക തന്നെ ചെയ്യും.
എന്തുകൊണ്ട് കുതിക്കുന്നു?
കോവിഡും ലോക്ക്ഡൗണും വര്‍ക്ക് ഫ്രം ഹോം സംസ്‌കാരവും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് മുന്‍പെന്നത്തേക്കാള്‍ പുതുനിക്ഷേപകരെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതുവരെ കാണാത്ത വിധമുള്ള പുതുനിക്ഷേപകരുടെ കുത്തൊഴുക്കാണ് ഇപ്പോഴുള്ളത്. ഇവരുടെ കൈയില്‍ നിക്ഷേപിക്കാന്‍ പണമുണ്ട്. മാത്രമല്ല മറ്റ് നിക്ഷേപ മാര്‍ഗങ്ങളുടെ പ്രകടനത്തെ മറികടന്ന് ഓഹരി നിക്ഷേപം മുന്നേറുന്നതും നിക്ഷേപകരില്‍ ആവേശം പകരുന്നു. ഈ പണമൊഴുക്ക് ഇന്ത്യന്‍ ഓഹരി വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ കമ്പനികള്‍ ആന്തരികമായി ഒട്ടേറെ മാറ്റങ്ങള്‍ നടത്തുകയാണ്. ചെലവ് കുറച്ചു. ഡിജിറ്റൈസേഷന്‍ വേഗത്തിലാക്കി. ഇതെല്ലാം കമ്പനികളുടെ ലാഭക്ഷമത കൂട്ടി. അതായത് വര്‍ഷങ്ങളായി കമ്പനികള്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഫലം ഇപ്പോള്‍ ലഭിച്ചുതുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടാണ് ഓഹരി വിപണിയിലെ കമ്പനികള്‍ മികച്ച ഫലം പുറത്തുവിടുന്നതിന്റെ ഒരു കാരണവും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ഒട്ടേറെ പരിഷ്‌കരണ നടപടികള്‍ ഉണ്ടായി. അസംഘടിത രീതിയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ സംഘടിത സ്വഭാവം പല മേഖലകളിലും ഉണ്ടായി വരുന്നു. അത് ഓഹരി വിപണിയിലുള്ള സംഘടിത സ്വഭാവമുള്ള കമ്പനികള്‍ കൂടുതല്‍ ഗുണമുണ്ടാക്കിയിട്ടുണ്ട്.

ഇതെല്ലാം ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ലോകത്തില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ്. 2025 ഓടെ ലോകത്തെമ്പാടുമുള്ള, ഒട്ടേറെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഓഹരി വിപണിയിലെത്തും. ഇന്ത്യയിലും അത് സംഭവിക്കും. ഇതെല്ലാം 4 - 5 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയൊരു മുന്നേറ്റത്തിന് തന്നെ കാരണമാകും.
ഏതെല്ലാം മേഖലകളില്‍ ഇപ്പോള്‍ നിക്ഷേപിക്കാം?
a. ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്: വന്‍ കിട്ടാക്കടമുണ്ടാകുമെന്ന ഭീതിയില്‍ നിക്ഷേപകര്‍ അകന്നുനിന്നിരുന്ന മേഖലയാണിത്. മാത്രമല്ല, പരിഷ്‌കരണങ്ങളുടെ ഫലം പൂര്‍ണമായും ഈ മേഖലയില്‍ പ്രതിഫലിച്ച് തുടങ്ങിയിട്ടുമില്ല. ബാങ്കുകള്‍, എന്‍ ബി എഫ് സികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിങ്ങനെ ഈ രംഗത്തെ മികച്ച കമ്പനികള്‍ നിക്ഷേപയോഗ്യമായ തലത്തിലാണ് ഇപ്പോള്‍. വരും നാളുകളില്‍ ഈ മേഖല മുന്നേറുക തന്നെ ചെയ്യും.

b. റിയല്‍ എസ്‌റ്റേറ്റ് മേഖല: 10-15 കൊല്ലമായി റിയല്‍ എസ്‌റ്റേറ്റിലെ വിലകള്‍ വലിയ തോതില്‍ കൂടിയിട്ടില്ല. ഈ രംഗത്തെ മികച്ച കമ്പനികളുടെ മൂല്യവും ഒരു ദശാബ്ദത്തോളമായി താഴ്ന്ന നിലയില്‍ തന്നെയാണ് തുടരുന്നത്. എന്നാല്‍ റെറ ചട്ടം ഈ രംഗത്തെ സംഘടിത കമ്പനികള്‍ക്ക് ഏറെ ഗുണമായിട്ടുണ്ട്. ഭാവിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറും.

c. റിയല്‍ എസ്റ്റേറ്റ് അനുബന്ധമേഖല: അതായത് ഒരു ഹൗസിംഗ് ബൂം വന്നാല്‍ കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കമ്പനികള്‍ക്ക് ഗുണകരമാകും. ആ മേഖലയിലെ മികച്ച കമ്പനികള്‍ക്ക് ഇത് ഗുണകരമാകും.

e. ഓട്ടോമൊബീല്‍, ഓട്ടോ അനുബന്ധ മേഖല: ഓട്ടോമൊബീല്‍ ആന്‍സെലറി മേഖലയില്‍ ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് സപ്ലെ ചെയ്യാന്‍ പ്രാപ്തിയുള്ള കമ്പനികളുണ്ട്. ഈ രംഗത്തും വരും നാളുകളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം.

d. ഐടി ആന്‍ഡ് ഫാര്‍മ: ഈ രംഗത്തെ മികച്ച കമ്പനികളുടെ ഓഹരി വിലകള്‍ താരതമ്യേന ഉയര്‍ന്ന തലത്തിലാണെങ്കിലും ഈ രണ്ട് മേഖലകളിലും ഇന്ത്യയ്ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും അതിന്റേതായ കരുത്തുണ്ട്. അതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ മേഖലയിലും നിക്ഷേപമാകാം.


Related Articles
Next Story
Videos
Share it