2024ല്‍ ഓഹരി വിപണിയിലേക്ക് പ്രതീക്ഷയോടെ കടക്കാം; നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
023ല്‍ ഓഹരി വിപണിയില്‍ ഇന്ത്യ സൂപ്പര്‍ ശക്തിയായി മാറി - എന്‍.എസ്.ഇയുടെ വിപണി മൂല്യം 25% വര്‍ധിച്ച് 4.16 ലക്ഷം കോടി ഡോളറായി. അങ്ങനെ ലോകത്തെ ഏഴാമത്തെ വലിയ സ്റ്റോക്ക് എക്‌സ്ചേഞ്ച് എന്ന ബഹുമതിക്കും അര്‍ഹമായി. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13 കോടി കൂടാതെ മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ 49 ലക്ഷം കോടി രൂപയായി ഉയര്‍ന്നതും വിപണിക്ക് ശക്തി പകര്‍ന്നു. സ്വര്‍ണം വിലയില്‍ പുതിയ റെക്കോര്‍ഡ് ഇട്ട വര്‍ഷമായി 2023. -പുതു വർഷത്തിൽ നേട്ടം കൊയ്യാൻ നിക്ഷേപകർ സ്വീകരിക്കേണ്ട തന്ത്രങ്ങൾ എന്തൊക്കെ? വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ അറിയാം:
വി. കെ. വിജയകുമാര്‍
ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
വിവിധ ആസ്തികളില്‍ നിക്ഷേപിക്കുക. ഓഹരിക്ക് മുന്‍തൂക്കം നല്‍കുക. നിഫ്റ്റി 21,000ല്‍ വ്യാപാരം നടക്കുമ്പോള്‍ മൂല്യം കഴിഞ്ഞ 12 മാസത്തെ വരുമാനത്തിന്റെ 21 മടങ്ങാണ്. ഇത് ഉയര്‍ന്ന വാല്യുവേഷനാണന്ന് മാത്രമല്ല ദീര്‍ഘകാല ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലാണ്. താമസിയാതെ വിപണിയില്‍ 2025 സാമ്പത്തിക വര്‍ഷത്തെ വരുമാന കണക്കിന് അനുസരിച്ച് അത് ഡിസ്‌കൗണ്ട് ചെയ്യപ്പെടും.
നിലവില്‍ മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളുടെ മൂല്യം നീതീകരിക്കാന്‍ കഴിയാത്ത ഉയര്‍ന്ന നിരക്ക് തന്നെയാണ്. ഇപ്പോള്‍ സുരക്ഷിതം ലാര്‍ജ് ക്യാപ് ഓഹരികളാണ്. സ്വര്‍ണത്തെക്കാളും മറ്റ് ആസ്തികളെക്കാളും മികച്ച നേട്ടം മുന്‍ വര്‍ഷങ്ങളില്‍ ഓഹരികള്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ഓഹരിക്ക് ഒപ്പം വിവിധ ആസ്തികള്‍ നിക്ഷേപത്തിനായി പരിഗണിക്കുന്നതാണ് നല്ലത്. സ്ഥിര വരുമാനം, മൂലധന വര്‍ധന,സുരക്ഷിതത്വം എന്നിവ പരിഗണിച്ച് വേണം നിക്ഷേപിക്കാന്‍.
അക്ഷയ് അഗര്‍വാള്‍
മാനേജിംഗ് ഡയറക്ട്ര്‍, അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ
2024ലും ഓഹരി വിപണിയില്‍ ബുള്ളിഷ് പ്രവണത തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. ആഗോള വിപണികളെ സ്വാധീനിക്കാവുന്ന അമേരിക്കയിലെ മാന്ദ്യത്തിന്റെ സാധ്യതകള്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിലും പൊതു തിരെഞ്ഞെടുപ്പ്, രണ്ടു കേന്ദ്ര ബജറ്റുകളുടെ അവതരണം, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിപണിയെ സ്വാധീനിക്കാം. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്നത് തുടര്‍ന്നാല്‍ ഓഹരി വിപണിയില്‍ റാലി തുടരാം. അടിസ്ഥാന ഘടകങ്ങള്‍ അനുകൂലമാണെങ്കിലും 2023 ല്‍ ഓഹരി വിപണിയില്‍ ഉണ്ടായ കുതിപ്പും ഉയര്‍ന്ന മൂല്യവും കാരണം 2024 ല്‍ താഴ്ന്ന ഇരട്ട അക്ക നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
രാംകി
മാനേജിംഗ് ഡയറക്റ്റര്‍, ഷെയര്‍വെല്‍ത്ത്
2023ല്‍ പൊതുമേഖല സ്ഥാപനങ്ങള്‍. പ്രതിരോധം, റയില്‍വെ, ഊര്‍ജം, മൂലധന ഉത്പന്നങ്ങള്‍ എന്നി മേഖലകളാണ് മികച്ച നേട്ടം നല്‍കിയത്. സ്വര്‍ണത്തിന്റെ 2023ലെ സര്‍വകാല റെക്കോഡ് വിലയിൽ 2024ല്‍ തിരുത്തല്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. 2024ല്‍ ലോഹം, സ്‌പെഷ്യാലിറ്റി രാസവസ്തുക്കള്‍, ലോജിസ്റ്റിക്‌സ്, ലാര്‍ജ് ക്യാപ് ടെക്ക് കമ്പനികള്‍ എന്നി മേഖലകളിലെ ഓഹരികള്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യത ഉണ്ട്. ബാങ്കിംഗ് ഓഹരികളില്‍ മുന്നേറ്റം തുടരാം. നിക്ഷേപകര്‍ക്ക് ഏറെ നേട്ട സാധ്യത ഉള്ള വര്‍ഷമാകും 2024.
2024 ല്‍ ഓഹരിയില്‍ പ്രതീക്ഷ നല്‍കുന്ന മേഖലകള്‍:
പ്രമുഖ ബിസിനസ് ദിനപത്രമായ ഇക്കോണോമിക് ടൈംസ് 2024 ല്‍ പ്രധാനപെട്ട മേഖലകളുടെ ദിശ സൂചന നല്‍കുന്നത് ഇങ്ങനെ:
1. മൂലധന ഉത്പന്നങ്ങള്‍ (Capital Goods): കേന്ദ്ര സര്‍ക്കാര്‍ മൂലധന ചെലവ് വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ മൂലധന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് നേട്ടമാകും.
2 ധനകാര്യം: സമ്പാദ്യ നിരക്ക് വര്‍ധിക്കുന്നത് കൊണ്ട് ധനകാര്യ രംഗത്തെ ഓഹരികള്‍ തുടര്‍ന്നും നേട്ടങ്ങള്‍ നല്‍കാം - ബാങ്കിംഗ്, എന്‍.ബി.എഫ്.സി, ഇന്‍ഷുറന്‍സ്, മറ്റ് ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ പരിഗണിക്കാം.
3. വാഹന നിര്‍മാണം: അനുകൂലമായ സര്‍ക്കാര്‍ നയങ്ങളുടെ പിന്‍ബലം കൂടാതെ വാഹന ഡിമാന്‍ഡ് ഉയരുന്നതും ഈ മേഖല ഓഹരി വിപണിക്ക് ആകർശകമാകും.
പ്രതീക്ഷ നല്‍കാത്ത മേഖലകള്‍:
എഫ്.എം.സി.ജി : അതിവേഗത്തില്‍ വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണിയില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ല. വില്‍പ്പനയില്‍ കാര്യമായ വര്‍ധനവ് ഇല്ല, ഉത്പാദന ചെലവ് ഗണ്യമായി കുറഞ്ഞിട്ടില്ല, മാര്‍ജിന്‍ സമ്മര്‍ദ്ദം ഉണ്ടാവും.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്: വിതരണ ചാനലുകളെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗണ്യമായ വില്‍പ്പന വര്‍ധന ഉണ്ടായില്ല ചില ഓഹരികള്‍ ഉയര്‍ന്ന മൂല്യത്തിലാണ് വിപണനം നടക്കുന്നത്.
രാസവസ്തുക്കള്‍: ചൈനയില്‍ നിന്നുള്ള കടുത്ത മത്സരം വിപണിയുടെ വളര്‍ച്ചയെ ദുര്‍ബലപ്പെടുത്താം
(This is an overall outlook about markets from respective investment experts, do prior study before choosing your plan)