ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഇഷ്ടപ്പെട്ട ബ്രോക്കിങ് ആപ് ഏത്? മുന്നില്‍ ആര്? കണക്കുകള്‍ സംസാരിക്കുന്നു...

ഒരുകാലത്ത് ബാങ്കുകളുടെയും പരമ്പരാഗത ബ്രോക്കിങ് സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലായിരുന്ന വിപണി ഇന്ന് മൊബൈല്‍ ആപുകളിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ കൈകളിലെത്തിയിരിക്കുകയാണ്
ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഇഷ്ടപ്പെട്ട ബ്രോക്കിങ് ആപ് ഏത്? മുന്നില്‍ ആര്? കണക്കുകള്‍ സംസാരിക്കുന്നു...
Published on

ഓഹരി വിപണിയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് തുടരുകയാണ്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് 2026 മെയ് മാസത്തിലെ സ്റ്റോക്ക് ബ്രോക്കിങ് ആപ്പുകളുടെ ആക്റ്റീവ് യൂസര്‍ കണക്കുകള്‍. ഒരുകാലത്ത് ബാങ്കുകളുടെയും പരമ്പരാഗത ബ്രോക്കിങ് സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലായിരുന്ന വിപണി ഇന്ന് മൊബൈല്‍ ആപുകളിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ കൈകളിലെത്തിയിരിക്കുകയാണ്.

ഗ്രോ ബഹുദൂരം മുന്നില്‍

ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയത് ഗ്രോ (Groww) ആണ്. 1.31 കോടി സജീവ ഉപയോക്താക്കളുമായി ഗ്രോ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കിങ് പ്ലാറ്റ്‌ഫോമായി തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള സീറോധയുടെയും മൂന്നാം സ്ഥാനത്തുള്ള ഏയ്ഞ്ചല്‍ വണ്ണിന്റെയും ആക്റ്റീവ് യൂസര്‍മാരെ കൂട്ടിയാലും ഗ്രോയുടെ അടുത്ത് എത്തുന്നില്ലെന്നതാണ് ശ്രദ്ധേയം.

രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടമാണ് ഇപ്പോള്‍ ഏറ്റവും കടുത്തത്. 68.5 ലക്ഷം സജീവ ഉപയോക്താക്കളുമായി സീറോധ (Zerodha) രണ്ടാം സ്ഥാനത്തും 66.8 ലക്ഷം ഉപയോക്താക്കളുമായി ഏയ്ഞ്ചല്‍ വണ്‍ (Angel One) മൂന്നാം സ്ഥാനത്തുമാണ്. ഇരുവരും ടെക്നോളജി കേന്ദ്രീകൃത ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരാണ്. ഇവര്‍ക്കിടയിലെ വ്യത്യാസം വെറും 1.7 ലക്ഷം ഉപയോക്താക്കള്‍ മാത്രമായതിനാല്‍ വരും മാസങ്ങളില്‍ സ്ഥാനം മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

പരമ്പരാഗത ബ്രോക്കര്‍മാരുടെ കാര്യം

അതേസമയം, പരമ്പരാഗത ബ്രോക്കിങ് സ്ഥാപനങ്ങള്‍ പൂര്‍ണമായും പിന്നിലായിട്ടില്ല. 21.1 ലക്ഷം ഉപയോക്താക്കളുമായി ഐസിഐസിഐ ഡയറക്ട് നാലാം സ്ഥാനത്തുണ്ട്. കൊട്ടട് സെക്യൂരിറ്റീസ് (13.8 ലക്ഷം), എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് (13.6 ലക്ഷം), എസ്ബിഐ സെക്യൂരിറ്റീസ് (11.4 ലക്ഷം) എന്നിവയും ആദ്യ പത്തില്‍ ഇടംപിടിച്ചു. എന്നാല്‍ ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരും പരമ്പരാഗത ബ്രോക്കര്‍മാരും തമ്മിലുള്ള ഉപയോക്തൃ വ്യത്യാസം വിപണിയുടെ ഭാവിദിശ വ്യക്തമാക്കുന്നതാണ്.

ഇതിനിടയില്‍ അപ്സ്റ്റോക്സും (Upstox) ധനും (Dhan) ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 19.6 ലക്ഷം ഉപയോക്താക്കളുള്ള അപ്സ്റ്റോക്സ് അഞ്ചാം സ്ഥാനത്തും 10.6 ലക്ഷം ഉപയോക്താക്കളുള്ള ധാന്‍ ഒമ്പതാം സ്ഥാനത്തുമാണ്. ലളിതമായ ഉപയോക്തൃ അനുഭവവും അതിവേഗ അക്കൗണ്ട് തുറക്കല്‍ സംവിധാനവും പുതിയ തലമുറ നിക്ഷേപകരെ ഇവരിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്.

ആദ്യ പത്തിലെ അവസാന സ്ഥാനത്ത് 8.9 ലക്ഷം സജീവ ഉപയോക്താക്കളുമായി മോത്തിലാല്‍ ഓസ്വാള്‍ (Motilal Oswal) എത്തി. ഗവേഷണ മികവും ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്തൃ ശൃംഖലയും ഉണ്ടായിട്ടും ഡിജിറ്റല്‍ തലത്തില്‍ കൂടുതല്‍ വളരേണ്ട വെല്ലുവിളി പരമ്പരാഗത ബ്രോക്കിങ് സ്ഥാപനങ്ങള്‍ നേരിടുന്നുണ്ടെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മൊബൈല്‍-ഫസ്റ്റ് പ്ലാറ്റ്‌ഫോമുകളുടെ കാലം

ആകെ 3.6 കോടിയിലധികം സജീവ നിക്ഷേപകരാണ് ഇന്ത്യയിലെ ആദ്യ പത്ത് ബ്രോക്കിങ് പ്ലാറ്റ്‌ഫോമുകളിലെല്ലാമായി ഉള്ളത്. നിക്ഷേപം കൂടുതല്‍ ലളിതവും വേഗതയേറിയതും മൊബൈല്‍ കേന്ദ്രീകൃതവുമാക്കിയ കമ്പനികളാണ് ഇന്ന് വിജയിക്കുന്നത്. ഇന്ത്യയിലെ റീട്ടെയില്‍ നിക്ഷേപക വിപ്ലവം ഇപ്പോഴും തുടക്കത്തിലായതിനാല്‍ അടുത്ത ഘട്ടത്തില്‍ ആര്‍ക്കാകും മേല്‍ക്കൈ എന്നതാണ് ഇനി ശ്രദ്ധേയമായ ചോദ്യം.

സ്‌റ്റോക്ക് ബ്രോക്കിംഗ് ആപുകളിലെ 10 വമ്പന്മാര്‍

(ഇടപാടുകാരുടെ എണ്ണം-മെയ് 2026)

1. ഗ്രോ - 1.30 കോടി

2. സീറോധ - 68.5 ലക്ഷം

3. ഏഞ്ചല്‍ വണ്‍ - 66.8 ലക്ഷം

4. ഐ.സി.ഐ.സി.ഐ ഡയറക്ട് - 21.1 ലക്ഷം

5. അപ്‌സ്‌റ്റോക്‌സ് - 19.6 ലക്ഷം

6. കൊട്ടക് സെക്യൂരിറ്റീസ് - 13.8 ലക്ഷം

7. എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് - 13.6 ലക്ഷം

8. എസ്.ബി.ഐ സെക്യൂരിറ്റീസ് - 11.4 ലക്ഷം

9. ധന്‍ - 10.6 ലക്ഷം

10. മോത്തിലാല്‍ ഓസ്വാള്‍ - 8.9 ലക്ഷം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

```html ```
logo
DhanamOnline
dhanamonline.com