കൂടുതല്‍ നേട്ടം നല്‍കിയ കേരള കമ്പനി ഓഹരികള്‍ ഏതൊക്കെ?

2022ല്‍ ഓഹരി വിപണികള്‍ തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും 2023ന്റെ ആരംഭത്തില്‍ മികച്ച തുടക്കം കുറിക്കാന്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിന് സാധിച്ചിരുന്നില്ല. ആദ്യ മൂന്ന് മാസങ്ങളില്‍ നിഫ്റ്റി 50 (ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനത്തെ സൂചിപ്പിക്കുന്ന ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചിക) ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയെ കുറിച്ച് നിക്ഷേപകര്‍ക്കുള്ളിലുണ്ടായിരുന്ന ആശങ്കകള്‍ മൂലം താഴേക്ക് പോയിരുന്നു.

കേരള കമ്പനികളുടെ പ്രകടനം. 2023 ഓഗസ്റ്റ് 11ലെ വിലനിലവാര പ്രകാരം


എന്നിരുന്നാലും, മാക്രോ ഇക്കണോമിക്സ് ഫണ്ടമെന്റലുകളുടെ (വിശാല സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായ അടിസ്ഥാനപരമായ വികാസങ്ങള്‍/പുരോഗതി) കാര്യത്തിലുണ്ടായ ക്രമാനുഗതമായ പുരോഗതി, കമ്പനികളുടെ വരുമാനത്തിലുണ്ടായ വര്‍ധന, വിദേശ കമ്പനികളുടെ ശ്രദ്ധ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കായത് എന്നിവയെല്ലാം നിക്ഷേപ താല്‍പ്പര്യം കൂടുന്നതിലേക്കും വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വീണ്ടും ഒഴുകുന്നതിലേക്കും നയിച്ചു. മാര്‍ച്ച് മുതല്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 1.60 ലക്ഷം കോടി രൂപയാണ് ഒഴുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വന്ന ഏറ്റവും ഉയര്‍ന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം 2020 കലണ്ടര്‍ വര്‍ഷത്തിലെ 1.70 ലക്ഷം കോടി രൂപയായിരുന്നു! മാര്‍ച്ചില്‍ വിപണി താഴ്ചയുടെ പടവുകളിലായിരുന്നെങ്കില്‍ ഇങ്ങനെയുള്ള പല കാരണങ്ങളാല്‍ അഞ്ച് മാസം കൊണ്ട് നിഫ്റ്റി 15 ശതമാനമാണ് ഉയര്‍ന്നത്.
ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍, സ്റ്റാഗ്ഫ്ളേഷനെ (സമ്പദ്ഘടനയിലെ സ്തംഭനത്തോടൊപ്പം പണപ്പെരുപ്പവും കൂടി ചേരുന്ന പ്രതിഭാസം) കുറിച്ചുള്ള ഭീതി എന്നിവയെല്ലാമുണ്ടായിട്ടും നിഫ്റ്റി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 10 ശതമാനമെന്ന മാന്യമായ നേട്ടം സമ്മാനിച്ചു.
കേരളത്തില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 41 കമ്പനികളില്‍ 25 എണ്ണം സൂചികയുടെ പ്രകടനത്തെ കടത്തിവെട്ടുന്ന നേട്ടമാണ് സമ്മാനിച്ചത്. അഞ്ച് കമ്പനികളുടെ ഓഹരി വില ഇക്കാലയളവില്‍ ഇരട്ടിയായി! കേരള കമ്പനികളുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രകടനംപരിശോധിച്ചാല്‍ പല കമ്പനികളും നല്ല നേട്ടം സമ്മാനിച്ചിട്ടുണ്ടെങ്കിലും വെറും പത്ത് കമ്പനികള്‍ മാത്രമാണ് നിഫ്റ്റിയുടെ 70 ശതമാനം റിട്ടേണിനെ മറികടന്നത്.
തിളങ്ങുന്ന ഫാക്ട്
ഒരുവര്‍ഷ കാലയളവോ അല്ലെങ്കില്‍ അഞ്ച് വര്‍ഷക്കാലയളവോ പരിഗണിച്ചാലും ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചത് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (എഫ്.എ.സി.ടി/ഫാക്ട്) ആണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എഫ്.എ.സി.ടിയുടെ ഓഹരി വില 277 ശതമാനം വര്‍ധിച്ചപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11 മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2023 പുരസ്‌കാര ജേതാവായ, 2019ല്‍ എഫ്.എ.സി.ടിയുടെ നേതൃപദവിയിലെത്തിയ കിഷോര്‍ റുംഗ്തയാണ് നഷ്ടക്കയത്തിലായിരുന്ന കമ്പനിയെ ലാഭപാതയിലേക്ക് എത്തിച്ചത്.
ഒരു വർഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനികൾ

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എഫ്.എ.സി.ടിയുടെ വരുമാനം മൂന്ന് മടങ്ങ് വര്‍ധിച്ച് 6,200 കോടി രൂപയിലെത്തി. ലാഭവും കൂടി. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടാമത്തെ കമ്പനി കല്യാണ്‍ ജുവലേഴ്സാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കല്യാണ്‍ ജുവലേഴ്സിന്റെ ഓഹരി വില 189 ശതമാനമാണ് കൂടിയത്. ഫ്രാഞ്ചൈസി മാതൃകയില്‍ ചടുലമായി നടത്തുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ വരുമാനം ക്രമാനുഗതമായി വളരാന്‍ സഹായിക്കുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലാണ് കമ്പനി അതിന്റെ ആദ്യ ഫ്രാഞ്ചൈസി ഷോറൂം ആരംഭിച്ചത്. നിലവില്‍ ഇത്തരത്തിലുള്ള 34 ഷോറൂമുകളുണ്ട്. 2024 മാര്‍ച്ചോടെ ഫ്രാഞ്ചൈസി മാതൃകയില്‍ 67 ഷോറൂമുകള്‍ തുറക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
സൗത്ത് ഇന്ത്യന്‍ ബാങ്ക് (168 ശതമാനം), പ്രമുഖ കെമിക്കല്‍/ഫാര്‍മസ്യൂട്ടിക്കല്‍ അസംസ്‌കൃത വസ്തുനിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്‍ (151 ശതമാനം), പ്ലൈവുഡ് നിര്‍മാതാക്കളായ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് (140 ശതമാനം) എന്നീ കമ്പനികളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടിയവര്‍.
430% കുതിച്ച് കിംഗ്സ് ഇന്‍ഫ്ര
അഞ്ച് വര്‍ഷക്കാലയളവ് എടുത്താല്‍ കേരളത്തില്‍ നിന്നുള്ള സീഫുഡ് കമ്പനിയായ കിംഗ്സ് ഇന്‍ഫ്ര വെഞ്ച്വേഴ്സാണ് ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കാഴ്ചവെച്ചത്; 430 ശതമാനം നേട്ടം. ഉല്‍പ്പന്നശ്രേണിയും പശ്ചാത്തല സൗകര്യങ്ങളും പടിപടിയായി മെച്ചപ്പെടുത്തുന്ന ഈ കമ്പനിക്ക് അടുത്തിടെ ഒരു ചൈനീസ് കമ്പനിയില്‍ നിന്ന് കയറ്റുമതി കരാര്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ കരാര്‍ മൂലം പ്രതിവര്‍ഷം 100-200 കോടി രൂപ വരുമാനം സൃഷ്ടിക്കാനാകും. നിറ്റ ജലാറ്റിന്‍ (399 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (227 ശതമാനം), സ്‌കൂബിഡേ ഗാര്‍മെന്റ്സ് (152 ശതമാനം) എന്നിവയാണ് അഞ്ചുവര്‍ഷ കാലയളവിലെ ഉയര്‍ന്ന നേട്ടമുണ്ടാക്കിയ പട്ടികയില്‍ ഇടംനേടിയ മറ്റ് കമ്പനികള്‍.

5 വർഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനികൾ


ഇന്ത്യന്‍ ഓഹരി വിപണി സൂചിക സര്‍വകാല റെക്കോഡുകള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകുമ്പോള്‍ 41ല്‍ 11 ഓഹരികള്‍ മാത്രമാണ് അവ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയുടെ അടുത്തെത്തിയിരിക്കുന്നത്. വന്‍ നേട്ടമുണ്ടാക്കിയവരില്‍ ഭൂരിഭാഗവും വന്‍കിട കമ്പനികളാണ്. അതേസമയം 500 കോടിയില്‍ താഴെ

വിപണി മൂല്യമുള്ള കമ്പനികള്‍, അവയില്‍ ചിലത് ഒഴികെ, കഴിഞ്ഞ അഞ്ച് വര്‍ഷമായി കാര്യമായ നേട്ടം നല്‍കിയില്ല. കേരളത്തിലെ പല കമ്പനികള്‍ക്കും നിഫ്റ്റിയുടെ നേട്ടത്തിനൊപ്പം എത്തണമെങ്കില്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക. ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങാനുള്ള നിര്‍ദേശമല്ല)

(This article was originally published in Dhanam Magazine August 30th issue)

Related Articles
Next Story
Videos
Share it