ഗോൾഡ് ലോൺ കമ്പനികൾക്കുള്ള ആർബിഐ നിബന്ധനയിൽ ഇളവ്; നേട്ടമുണ്ടാക്കാവുന്ന ഓഹരികൾ ഏതൊക്കെ?

ഗോൾഡ് ലോൺ എൻബിഎഫ്സികൾക്ക് കൂടുതൽ ശാഖകൾ തുറക്കുന്നതിലെ മുൻകൂർ അനുമതി നിബന്ധന ആർബിഐ ഒഴിവാക്കി. ഈ തീരുമാനത്തിന്റെ ​ഗുണഫലം ഏറ്റവുമധികം ലഭിക്കാവുന്ന ഓഹരികൾ നി‍ർദേശിച്ച് മോ‌ർ​ഗൻ ​സ്റ്റാൻലി റിപ്പോർട്ട് പുറത്തിറക്കി.
gold loan companies
canva
Published on

സ്വർണ പണയ വായ്പയിൽ (​ഗോൾഡ് ലോൺ) ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) കൂടുതൽ ശാഖകൾ ആരംഭിക്കുന്നതിന് മുൻകൂറായി തന്നെ അനുമതി നേടിയിരിക്കണമെന്ന നിബന്ധനയിൽ ഇളവ് അനുവദിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ).

ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന പണനയ സമിതിയുടെ (എംപിസി) യോ​ഗത്തിനുശേഷം ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ ആർബിഐ ​ഗവർണർ സജ്ഞയ് മൽ​ഹോത്രയാണ് വമ്പൻ ​ഗോൾഡ് ലോൺ കമ്പനികൾക്ക് തലവേദനയായി നിന്നിരുന്ന മുൻകൂർ അനുമതി വിഷയത്തിൽ ഇളവ് അനുവദിച്ചുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.

പ്രവർത്തന വിപുലീകരണം: വെല്ലുവിളി മാറിക്കിട്ടും

വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്ന വമ്പൻ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ (ഡൈവേഴ്സിഫൈഡ് എൻബിഎഫ്സി) നിന്നും വ്യത്യസ്തമായി ഗോൾഡ് ലോൺ കമ്പനികൾക്ക് 1000-ത്തിലധികം ശാഖകൾ ആരംഭിക്കുന്നതിന് റിസ‌ർവ് ബാങ്കിന്റെ മുൻകൂർ അനുമതി വേണമെന്ന് നിബന്ധനയുണ്ടായിരുന്നു. വൻകിട​ ​ഗോൾഡ് ലോൺ കമ്പനികളെ സംബന്ധിച്ച് ബിസിനസ് പ്രവർത്തനങ്ങളുടെ വിപുലീകരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് മിക്കപ്പോഴും കാലതാമസം സൃഷ്ടിച്ചിരുന്ന ഔദ്യോ​ഗിക നടപടിയായിരുന്നു ഇത്.

എന്നാൽ പുതിയ ശാഖകൾ തുറക്കുന്നതിന് ഇനിമുതൽ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ആർബിഐ വ്യക്തമാക്കിയതോടെ വൻകിട ​ഗോൾഡ് ലോൺ കമ്പനികൾക്ക് പ്രവർത്തന വിപുലീകരണത്തിന് നേരിട്ടിരുന്ന മുഖ്യ തടസ്സങ്ങളിലൊന്ന് മാറിക്കിട്ടുകയാണ്. ഇതോടെ ഡൈവേഴ്സിഫൈഡ് എൻബിഎഫ്സികളുമായി വിപണിയിൽ മത്സരിക്കാൻ ​ഗോൾഡ് ലോൺ കമ്പനികളെയും ഇത് സഹായിക്കുന്നു.

ഏതൊക്കെ കമ്പനികൾ നേട്ടമുണ്ടാക്കും?

കൂടുതൽ ശാഖകൾ തുറക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് അനുവദിച്ചതോടെ കൂടുതൽ നേട്ടം ലഭിക്കാവുന്ന ​ഗോൾഡ് ലോൺ കമ്പനികളെ നിർദേശിച്ച് വിദേശ ബ്രോക്കറേജ് സ്ഥാപനമായ മോർ​ഗൻ ​സ്റ്റാൻലി രം​ഗത്തെത്തി. കേരളത്തിൽ നിന്നുള്ള പ്രമുഖ ലി​സ്റ്റഡ് കമ്പനികളും ​ഗോൾഡ് ലോൺ എൻബിഎഫ്സികളുമായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയാണ് ആർബിഐയുടെ പുതിയ തീരുമാനത്തിന്റെ കൂടുതൽ ​ഗുണഫലം നേടുകയെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ ഏറ്റവും പുതിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.

മുത്തൂറ്റ് ഫിനാൻസിന് 4,967 ശാഖകളും മണപ്പുറം ഫിനാൻസിന്റെ കീഴിൽ 4,044 ശാഖകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അതേസമയം ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും അമിതാവേശത്തോടെ ശാഖകൾ തുറക്കാനുള്ള അനുമതിയല്ല ഇതെന്നും പകരം കമ്പനിയുടെ തന്ത്രപരമായ ചോയിസിന് മുന്നിൽ പ്രതിബന്ധമായി നിന്നിരുന്ന ഒരു തടസ്സത്തെ മാറ്റുക മാത്രമാണ് ആർബിഐ ചെയ്തിരിക്കുന്നതെന്നും മോർ​ഗൻ ​സ്റ്റാൻലിയുടെ അനലി​സ്റ്റ് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരി 3.59% നേട്ടത്തോടെയും മണപ്പുറം ഫിനാൻസ് ഓഹരി 2.44 ശതമാനം നേട്ടത്തോടെയുമാണ് ക്ലോസിങ് കുറിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com