Begin typing your search above and press return to search.
ഓഹരി വിപണിയിലെ കുതിപ്പ്; കേരളത്തില്‍ ഏറ്റവുമധികം സമ്പത്ത് സൃഷ്ടിച്ചത് ആര്?
ഓഹരിവളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനി സാരഥികളില്‍ ഏറ്റവുമധികം ധനികനായി മാറിയ സംരംഭകന്‍ ആരാണ്? സെന്‍സെക്‌സ് കഴിഞ്ഞ ആഴ്ച ആദ്യമായി 60,000 എന്ന ചരിത്ര നേട്ടത്തിലേക്കെത്തിയപ്പോള്‍ കഴിഞ്ഞ 12 മാസങ്ങളില്‍ ആരാണ് പരമാവധി നേട്ടമുണ്ടാക്കിയത്? ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധപ്പെടുത്തിയ കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിലെ ധനികരെ കാണാം.
കൈവശം വച്ചിരിക്കുന്ന വ്യക്തിഗത ഓഹരികളുടെ മൂല്യത്തിനനുസരിച്ച് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവരില്‍ ആദ്യ സ്ഥാനത്ത് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്ഥാപകനായ സി ജെ ജോര്‍ജ് ആണ്. കൊച്ചി ആസ്ഥാനമായുള്ള ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിഗത ഓഹരികളുടെ മൂല്യം ഏകദേശം ഇരട്ടിയായതിനാല്‍ (കഴിഞ്ഞ 12 മാസത്തിനിടെ), തുടര്‍ച്ചയായ ബുള്‍ തരംഗത്തില്‍ പരമാവധി വരുമാനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജിയോജിത്തിന്റെ 331 കോടിരൂപ മതിക്കുന്ന ഓഹരികളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.
ജിയോജിത്തില്‍ അദ്ദേഹത്തിന് കൈവശമുള്ള 18.17 ശതമാനം ഓഹരികളുടെ മൂല്യം 95.95 ശതമാനം അഥവാ 162 കോടിവര്‍ധിച്ചാണ് ഇന്നത്തെ നിലയിലേക്കെത്തിയിട്ടുള്ളത്. 2020 സെപ്റ്റംബര്‍ 24 ല്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് പ്രകാരമാണിത്. എന്നാല്‍ അദ്ദേഹമാണോ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന് ചോദിച്ചാല്‍ അല്ല, കാരണം അദ്ദേഹത്തിന്റെ ഓഹരിമൂല്യത്തെക്കാള്‍ ഏറെ മുകളിലാണ് മുത്തൂറ്റ്, വി-ഗാര്‍ഡ് കുടുംബത്തിന്റെയും കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപകരുടെയുമെല്ലാം ഓഹരിമൂല്യം.
വ്യക്തിഗതമായി പരിശോധിച്ചാല്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ പ്രമോട്ടര്‍ സാബു എം ജേക്കബിനും സെന്‍സെക്‌സ് ഉയര്‍ച്ചയുടെ പ്രയോജനം ലഭിച്ചു. കിറ്റെക്‌സിലെ അദ്ദേഹത്തിന്റെ വ്യക്തിഗത ഉടമസ്ഥതയുടെ മൂല്യം 370.85 കോടി രൂപയാണ്, ഇത് കഴിഞ്ഞ സെപ്റ്റംബറിലെ 220 കോടിയില്‍ നിന്ന് 70% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വി-ഗാര്‍ഡ് ചെയര്‍മാന്‍ എമെറിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഇളയ മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി കൈകാര്യം ചെയ്യുന്ന വണ്ടര്‍ലാ ഹോളിഡേസും സ്റ്റോക്ക് ബൂമില്‍ സമാനമായ സമ്പത്ത് സൃഷ്ടിച്ചു. വണ്ടര്‍ലായിലെ അരുണിന്റെ 35.75% ഓഹരിയുടെ മൂല്യം ഏകദേശം 463 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 309.70 കോടിയായിരുന്നു. 49.49% ശതമാനമാണ് വളര്‍ച്ച.
Next Story
Videos