

പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ കൊണ്ട് വിപണിയില്‍ പിന്നാമ്പുറ കളി നടക്കുന്നുണ്ടോ? ഇറാനെതിരായ സൈനിക ആക്രമണം തല്‍ക്കാലം നിര്‍ത്തിവെക്കുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് നടന്ന അസാധാരണ വ്യാപാര ഇടപാടുകള്‍ ആഗോള വിപണിയില്‍ സംശയങ്ങള്‍ക്ക് വഴിവെച്ചു. വെറും 20 മിനിട്ടില്‍ 840 കോടി രൂപ ലാഭം നേടിയെന്ന് കണക്കാക്കുന്ന ദുരൂഹ വ്യാപാരം ഇപ്പോള്‍ വ്യാപക ചര്‍ച്ചയില്‍.
ന്യൂയോര്‍ക്ക് സമയം രാവിലെ 6:50നാണ് (ഇന്ത്യന്‍ സമയം തിങ്കള്‍ വൈകിട്ട് 4:20), ട്രംപ് ഇറാനെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു തൊട്ടുമുമ്പ്, സാധാരണയായി ശാന്തത കാണാറുള്ള പ്രീ-മാര്‍ക്കറ്റ് സമയത്ത് വിപണിയില്‍ അപ്രതീക്ഷിതമായി വന്‍ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. എസ്&പി 500 ഫ്യൂച്ചേഴ്‌സില്‍ ഏകദേശം 1.5 ബില്യണ്‍ ഡോളറിന്റെ വാങ്ങലും, എണ്ണ ഫ്യൂച്ചേഴ്‌സില്‍ 192 മില്യണ്‍ ഡോളറിന്റെ വിറ്റഴിക്കലും നടന്നു. പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില ഒരു ബാരലിന് 109 ഡോളറില്‍ നിന്ന് 92 ഡോളറായി ഇടിഞ്ഞപ്പോള്‍, എസ്&പി ഫ്യൂച്ചേഴ്‌സ് ഏകദേശം 2.5% ഉയര്‍ന്നു. ഈ മാറ്റം നേരത്തെ തന്നെ കണക്കുകൂട്ടി നിക്ഷേപിച്ചവര്‍ക്ക് വന്‍ ലാഭമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇതിനു പിന്നാലെ വെറും 15 മിനിട്ടിനകം ഇാനെ ലക്ഷ്യമിടുന്ന ആക്രമണം 5 ദിവസം നിര്‍ത്തിവെക്കുന്നതായി ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ അറിയിപ്പ് വന്നു.
ഹെഡ്ജ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ചില വിപണി നിരീക്ഷകര്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് വലിയ ഇടപാടുകള്‍ നടക്കുന്നത് അടുത്തിടെ പലവട്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്നു. ചില എനര്‍ജി കണ്‍സള്‍ട്ടന്റുകള്‍ ഇത്തരം 'സമയോചിതമായ' ബ്ലോക്ക് ട്രേഡുകള്‍ അസാധാരണമാണെന്ന് വിലയിരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്‍സൈഡര്‍ ട്രേഡിംഗിന്റെ സാധ്യതകളെ കുറിച്ചുള്ള ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്.
ട്രംപിന്റെ ഈ യു-ടേണ്‍ തീരുമാനത്തിന് പിന്നില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതാണ് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചത് സമാധാന ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നതിനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഇറാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. യുഎസ് വിപണിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന തെറ്റായ വിവരങ്ങളാണിതെന്നും ഇറാന്‍ ആരോപിച്ചു.
ഇതോടെ, ട്രംപിന്റെ അപ്രതീക്ഷിത നയമാറ്റത്തിന് മുന്‍പ് നടന്ന വന്‍ ട്രേഡുകള്‍ പ്രഖ്യാപനത്തിന് മുമ്പ് വിവരം ചോര്‍ന്നു കിട്ടിയതിന്റെ തുടര്‍ച്ചയാണെന്ന സംശയം ബലപ്പെട്ടു. ആഗോള സാമ്പത്തിക വിപണികളില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എങ്ങനെ തല്‍ക്ഷണം സ്വാധീനമുണ്ടാക്കുന്നുവെന്നതിന് ഇതൊരു പുതിയ ഉദാഹരണമായി.
ഇറാന്‍-അമേരിക്ക സംഘര്‍ഷം മൂലം എണ്ണവിലയില്‍ കുത്തനെ മാറ്റങ്ങള്‍ പതിവായിട്ടുണ്ട്. ആഗോള വിപണികള്‍ വലിയ ചാഞ്ചാട്ടത്തിലാണ്. എവിടെയും സാമ്പത്തിക അനിശ്ചിതത്വം. യുദ്ധത്തിന്റെ കാര്യത്തില്‍ ട്രംപ് പലവട്ടം നിലപാട് മാറ്റിയതും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ച ഘടകമാണ്. ഇന്‍സൈഡര്‍ ട്രേഡിംഗ് ആരോപണം ഉയരുമ്പോള്‍ വിപണിയിലെ നീതിയും സുതാര്യതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. വന്‍കിട നിക്ഷേപകര്‍ക്ക് മാത്രമായി വിവരങ്ങള്‍ മുന്‍കൂട്ടി കൈമാറുന്നുണ്ടോ? അങ്ങനെയെങ്കില്‍ സാധാരണ നിക്ഷേപകരോടുള്ള കടുത്ത അന്യായം അതിലുണ്ട്. ആരാണ് 840 കോടിയുടെ ലാഭമുണ്ടാക്കിയത്? ചോദ്യം ബാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine