ചൈനീസ് കുടുംബങ്ങള്‍ സ്വര്‍ണത്തിന് പിന്നാലെ, എന്താണ് കാരണം? ഇനിയും വില കയറുമോ?

ഭൂമിയും വീടും വിട്ട് ചൈനക്കാര്‍ സ്വര്‍ണത്തിനു പിന്നാലെ പായുന്നത് എന്തുകൊണ്ട്? ചൈനക്കാര്‍ സ്വര്‍ണം വാരിക്കൂട്ടിയാല്‍ വിലയിടിവിന് തടയിടാനാകുമോ? ചൈനയിലെ സ്വര്‍ണഭ്രമം മലയാളികളുടെ സ്വര്‍ണവാങ്ങലിന്റെ ചെലവ് കൂട്ടുമോ?
gold jewellery
canva
Published on: 

സ്വര്‍ണത്തിന് ഒരല്‍പം വിലയിടിഞ്ഞു നില്‍ക്കുന്ന നേരം. മഞ്ഞലോഹത്തിനു പിന്നാലെയാണിപ്പോള്‍ ചൈനക്കാര്‍. കണ്ണു മഞ്ഞളിക്കുന്ന സാധ്യത വല്ലതും അവര്‍ കാണുന്നുണ്ടോ? മറ്റു ചില നിക്ഷേപ രീതികളില്‍ നിന്നുള്ള ആദായം കുറയുന്നതാണ് സ്വര്‍ണഭ്രമത്തിനു പിന്നില്‍. സമ്പാദ്യത്തിന്റെ മൂല്യം സംരക്ഷിക്കണമെങ്കില്‍ സ്വര്‍ണത്തില്‍ തന്നെ നിക്ഷേപിക്കണമെന്നു ചിന്തിക്കുന്ന ചൈനക്കാരുടെ എണ്ണം കൂടുന്നു. ആഭരണങ്ങള്‍ക്കു മാത്രമല്ല, ബിസ്‌ക്കറ്റിനും കോയിനും ഡിമാന്റ്.

നമ്മള്‍ മലയാളികളെപ്പോലെ

നമ്മള്‍ മലയാളികളെപ്പോലെ തന്നെ ഒരു കാലത്ത് ഭൂമിയും വീടുമായിരുന്നു സമ്പത്ത് വളര്‍ത്താന്‍ ചൈനക്കാരും കണ്ട മാര്‍ഗം. പക്ഷേ, രണ്ടു രംഗത്തും ഇന്ന് മാന്ദ്യമാണ്. ഓഹരി വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണനിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന ഘടകം. കുടുംബങ്ങള്‍ മാത്രമല്ല, ചൈനയുടെ കേന്ദ്രബാങ്കും സ്വര്‍ണം കൂടുതലായി ശേഖരിക്കുകയാണ്. കണക്കുകളില്‍ ഇത് വ്യക്തം. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സെപ്തംബറില്‍ വാങ്ങിയത് 23 ടണ്‍. 2,410 ടണ്‍ ആണ് ഇപ്പോള്‍ അവരുടെ ശേഖരം. ഈ വര്‍ഷം ഓഗസ്റ്റ് വരെ ചൈനയുടെ സ്വര്‍ണ ഇറക്കുമതി 1,000 ടണ്‍ കവിഞ്ഞു.

ചൈനക്കാര്‍ വാങ്ങുന്നതു കൊണ്ട് സ്വര്‍ണവില ഇനിയും താഴില്ലെന്ന് പറയാനാവുമോ? കേന്ദ്രബാങ്കുകളുടെ കരുതല്‍ ശേഖര നയം, ആഗോള ധനവിപണി സാഹചര്യങ്ങള്‍ എന്നിവയെല്ലാമാണ് ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് ഓര്‍ക്കണം. 2026ല്‍ ആഗോളതലത്തില്‍ സ്വര്‍ണക്കട്ടികളുടെയും നാണയങ്ങളുടെയും നിക്ഷേപ ആവശ്യകത ആഭരണ ആവശ്യകതയെ മറികടക്കുമെന്നാണ് ഗവേഷണസ്ഥാപനമായ മെറ്റല്‍സ് ഫോക്കസിന്റെ വിലയിരുത്തല്‍. ഈ മാറ്റത്തിന് നേതൃത്വം നല്‍കുന്ന വിപണികളിലൊന്നാണ് ചൈന. ഉയര്‍ന്ന വില ആഭരണ വാങ്ങലിനെ ബാധിക്കുമ്പോഴും നിക്ഷേപ ആവശ്യകത നിലനില്‍ക്കാം. കുടുംബസമ്പാദ്യം കൈകാര്യം ചെയ്യുന്ന മധ്യവയസ്‌കരായ സ്ത്രീകളും യുവ നിക്ഷേപകരും ചൈനയിലെ സ്വര്‍ണവാങ്ങലില്‍ സജീവമാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും വലിയ സ്വര്‍ണ വിപണി

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണിയാണ് ചൈന. 2013ലും വിലയിടിവിന്റെ നേരത്ത് ചൈനയില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങല്‍ നടന്നിരുന്നു. ചൈനീസ് ഉപഭോക്താക്കളുടെ ആവശ്യകത റെക്കോഡിലെത്തി. പക്ഷേ, ആഗോള ഇടിഎഫുകളില്‍നിന്നുള്ള വലിയ പിന്മാറ്റം വിപണിയെ ബാധിച്ചു. ചെറുകിട ഉപഭോക്താക്കളുടെ ശക്തമായ വാങ്ങലും നിക്ഷേപഫണ്ടുകളുടെ വില്‍പനയും ഒരേസമയം സംഭവിക്കാം. അതാണ് ആ അനുഭവം വ്യക്തമാക്കുന്നത്.

ചൈനീസ് ഡിമാന്റ് ശക്തമായി രാജ്യാന്തര വിലയ്ക്ക് പിന്തുണ നല്‍കിയാല്‍ അതിന്റെ സ്വാധീനം ഇന്ത്യയിലും എത്താം. എന്നാല്‍ ഇന്ത്യന്‍ വില രാജ്യാന്തര നിരക്കിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല. രൂപ-ഡോളര്‍ വിനിമയനിരക്ക്, ഇറക്കുമതിത്തീരുവ, നികുതികള്‍, പ്രാദേശിക പ്രീമിയം എന്നിവയും നിര്‍ണായക ഘടകങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com