

ചൊവ്വാഴ്ചത്തെ (2026 ജൂൺ 9) വ്യാപാരത്തിൽ വിപണിയിൽ ചാഞ്ചാട്ടം നേരിടുകയാണെങ്കിലും ബാങ്കിംഗ് ഓഹരികളിൽ ശക്തമായ മുന്നേറ്റം. എൻ.എസ്.ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റി രണ്ട് ശതമാനത്തോളം നേട്ടത്തിൽ തുടരുകയാണ്. ഇതോടെ സൂചിക 55,000 നിലവാരം വീണ്ടും മറികടന്നു. ബാങ്ക് നിഫ്റ്റിയുടെ ഭാഗമായ 14 ബാങ്ക് ഓഹരികളും നേട്ടത്തിലാണ്.
അതുപോലെ എൻ.എസ്.ഇയുടെ സെക്ടറൽ സൂചികകളായ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഒരു ശതമാനത്തിലേറെയും പി.എസ്.യു ബാങ്ക് 3 ശതമാനത്തോളവും നേട്ടത്തിലാണ്. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ആർ.ബി.ഐയുടെ ഭാഗത്തുനിന്നും ചില നടപടികൾ പ്രഖ്യാപിച്ചതിന്റെ ഗുണഫലം ബാങ്കുകൾക്ക് ലഭിക്കുമെന്ന നിഗമനമാണ് ഓഹരികളിലെ മുന്നേറ്റത്തിന് വഴിതെളിച്ചത്.
രൂപയുടെ മൂല്യശോഷണം തടയുന്നതിനായി വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള ചില വ്യവസ്ഥകൾ റിസർവ് ബാങ്ക് (ആർ.ബി.ഐ) ഇക്കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ (എം.പി.സി) ഉദാരമാക്കിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്നോണം പ്രവാസികൾക്ക് ഇന്ത്യയിലെ ബാങ്കുകളിൽ വിദേശ കറൻസിയിൽ സ്ഥിരനിക്ഷേപം അനുവദിക്കുന്ന എഫ്.സി.എൻ.ആർ-(ബി) അക്കൗണ്ടുകളിലും വിദേശത്ത് നിന്നും ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള നടപടികളേയും സംബന്ധിച്ച പ്രവർത്തന മാർഗരേഖ ആർ.ബി.ഐ അവതരിപ്പിച്ചു.
ഈ രണ്ട് കേസുകളിലും വിദേശ കറൻസിയുടെ വിനിമയനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് നേരിടാവുന്ന നഷ്ടസാധ്യത ഒഴിവാക്കുന്നതിനായി ബാങ്കുകൾ സ്വീകരിക്കുന്ന മുഖ്യ ഹെഡ്ജിങ് തന്ത്രങ്ങളിലൊന്നായ ഡോളർ സ്വാപ്പ് (ക്രോസ്-കറൻസി സ്വാപ്പ്) സംവിധാനത്തിന്റെ 1.5 ശതമാനം പലിശ സബ്സിഡിയായി അനുവദിക്കുമെന്ന് ആർ.ബി.ഐ പ്രഖ്യാപിച്ചതാണ് ബാങ്ക് ഓഹരികളിലെ മുന്നേറ്റത്തിന് വഴിതെളിച്ചത്. ബാങ്കുകൾക്ക് ഹെഡ്ജിങ് ചെയ്യാനുള്ള ട്രേഡ് എടുക്കുന്നതിന്റെ ചെലവ് ഗണ്യമായി ലാഭിക്കാം എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. കൂടാതെ വിദേശത്ത് നിന്നും ഫണ്ട് സ്വരൂപിക്കുന്നതിന് പൊതുമേഖല ബാങ്കുകൾക്ക് പുറമെ സ്വകാര്യ ബാങ്കുകളേയും അനുവദിച്ചതും അനുകൂല ഘടകമായി.
പൊതുമേഖല ബാങ്കിംഗ് സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 5 ശതമാനത്തോളം മുന്നേറ്റത്തോടെ നേട്ടക്കണക്കിൽ മുന്നിലാണ്. കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ഓഹരികൾ 3 ശതമാനത്തിലേറെ നേട്ടത്തോടെ തൊട്ടുപിന്നാലെയുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), യൂണിയൻ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്ക് ഓഹരികളിൽ രണ്ട് ശതമാനത്തിലേറെ വീതവും നേട്ടം രേഖപ്പെടുത്തി. ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് ഓഹരികൾ ഒന്നര ശതമാനത്തിലേറെ നേട്ടവും കരസ്ഥമാക്കി.
അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെയർമാനായിരുന്ന അതനു ചക്രവർത്തിയുടെ അപ്രതീക്ഷിത രാജിയും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിന്മേലും സ്വതന്ത്ര നിയമ വിദഗ്ധർ നടത്തിയ അന്വേഷണത്തിന്റെ അവലോകന റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതോടെ നിക്ഷേപകർ ജാഗ്രത പാലിച്ചതാണ് ഇതിനുള്ള പ്രധാന കാരണം.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine