റെയ്മണ്ട് ഓഹരികള്‍ ഇന്ന്‌ 40 ശതമാനം ഇടിഞ്ഞു; കാരണം ഇതാണ്

റെയ്മണ്ട് ഓഹരികള്‍ ഇന്നലത്തെ വിലയില്‍ നിന്ന് 40 ശതമാനത്തോളം ഇടിഞ്ഞാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഓഹരിയൊന്നിന് 3,150.16 രൂപ വിലയുണ്ടായിരുന്നത് 1,906 രൂപയായി കുറഞ്ഞു. അതിന്റെ കാരണം ഇതാണ്. റെയ്മണ്ടിനു കീഴിലുള്ള ലൈഫ് സ്റ്റൈല്‍ ബിസിനസിനെ വേര്‍പെടുത്തിയാണ് (De-merger) ഇന്നു മുതല്‍ റെയമണ്ട് ഓഹരി വ്യാപാരം നടത്തുന്നത്. അതായത് റെയ്മണ്ടിന്റെ ലൈഫ് സ്റ്റൈല്‍ ബിസിനസിന്റെ മൂല്യം റെയ്മണ്ട് ഓഹരികളില്‍ ഇനി കണക്കിലെടുക്കില്ല. ആ മൂല്യം ഒഴിവാക്കിയുള്ള വില കണ്ടെത്തലിനായി രാവിലെ 9.45 മുതല്‍ 10 മണി വരെ പ്രത്യേക വ്യാപാരം നടത്തിയിരുന്നു. അതിലാണ് 1,950 രൂപയില്‍ ഓഹരി വ്യാപാരം തുടങ്ങിയത്. പിന്നീട് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ച ഓഹരി വില 2,047.45 രൂപയിലെത്തി. പിന്നീട് ഇത് 1,852.50 രൂപയിലേക്ക് താഴുകയും ചെയ്തു. നിലവില്‍ ഇന്നലത്തെ ക്ലോസിംഗ് വിലയേക്കാള്‍ 36.04 ശതമാനം നഷ്ടത്തോടെ 2,001.30 രൂപയിലാണ് വ്യാപാരം.

ഓഗ്‌സ്റ്റ്-സെപ്റ്റംബറോടെ റെയ്ണ്ട് ലൈഫ്‌സ്റ്റൈല്‍ ബിസിനസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രത്യേകമായി ലിസ്റ്റ് ചെയ്യും. ഈ ഓഹരി വീതിക്കുന്നതിന്റെ റെക്കോഡ് ഡേറ്റ് ഇന്നാണ്. ഇന്നലെ വരെ റെയ്മണ്ട് ഓഹരി സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് അഞ്ച് ഓഹരിക്ക് നാല് എന്ന കണക്കില്‍ റെയ്മണ്ട് ലൈഫ്‌സ്റ്റൈല്‍ ഓഹരികള്‍ ലഭിക്കും. നിലവില്‍ ഓഹരി വില കുറച്ചു തിരിച്ചു കയറിയിട്ടുണ്ട്.

റിയല്‍ എസ്‌റ്റേറ്റും വേര്‍പെടുത്തും

വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ലൈഫ് സ്റ്റൈല്‍ ബിസിനസിനെ വേര്‍പെടുത്തുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിനെയും വേര്‍പെടുത്തുന്നുണ്ട്. അടുത്ത 15-18 മാസത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വര്‍പെടുത്തല്‍ പൂര്‍ത്തിയാക്കിയേക്കും. ഇരു ബിസിനസുകളും വേര്‍പെടുത്തിയ ശേഷം എന്‍ജിനീയറിംഗ് ബിസിനസ് മാത്രമാകും റെയ്മണ്ടില്‍ അവശേഷിക്കുക. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ലിസ്റ്റ് ചെയ്യുമ്പോള്‍ 1:1 എന്ന കണക്കിലാകും ഓഹരി വീതിക്കുക. അതായത് ഒരു റെയ്മണ്ട് ഓഹരിക്ക് ഒരു റിയല്‍ എസ്‌റ്റേറ്റ് ഓഹരി ലഭിക്കും.

Related Articles

Next Story

Videos

Share it