

പ്രമുഖ ട്രാവൽ ടെക് കമ്പനിയും ഇന്ത്യയിലെ മുൻനിര യാത്ര അനുബന്ധ കൺസ്യൂമർ സേവനങ്ങൾ നൽകുന്ന ബ്രാൻഡ് ആയ ഈസ് മൈ ട്രിപ്പിന്റെ (Ease My Trip) ഉടമസ്ഥരുമായ ഈസി ട്രിപ് പ്ലാനേഴ്സ് ലിമിറ്റഡിന്റെ (BSE: 543272, NSE: EASEMYTRIP) ഓഹരിയിൽ വമ്പൻ കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഈ സ്മോൾ ക്യാപ് ഓഹരിയിൽ 60 ശതമാനം വരെ മുന്നേറ്റം രേഖപ്പെടുത്തി.
കഴിഞ്ഞയാഴ്ച 6.50 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെട്ടിരുന്ന ഈസി ട്രിപ് പ്ലാനേഴ്സ് ഓഹരിയുടെ വില, ഇന്ന് (2026 ഫെബ്രുവരി 18) രാവിലെ 10.60 രൂപ നിലവാരം വരെ മുന്നേറി. കഴിഞ്ഞ ഒരു വർഷമായി ഇറക്കത്തിന്റെ പാതയിലായിരുന്ന ഈ കുഞ്ഞൻ ഓഹരി, കമ്പനിയുടെ ഭാഗത്തുനിന്നുമുള്ള പ്രഖ്യാപനത്തോടെ സടകുടഞ്ഞ് എണീക്കുകയായിരുന്നു.
പ്രധാന ബിസിനസ് മേഖലകളിൽ വളർച്ച ത്വരിതപ്പെടുത്താനും കമ്പനിയുടെ സാമ്പത്തികശക്തി വർധിപ്പിക്കുന്നതിനുമായി 500 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാനുള്ള നിർദേശം ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 14) ചേർന്ന ഈസി ട്രിപ് പ്ലാനേഴ്സിന്റെ ഡയറക്ടർ ബോർഡ് യോഗം തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇക്വിറ്റി ഓഹരികളും മറ്റ് അനുയോജ്യ സെക്യൂരിറ്റികളും ഇഷ്യൂ ചെയ്തുകൊണ്ടാണ് വിഭവ സമാഹരണം ലക്ഷ്യമിട്ടിരിക്കുന്നത്.
ഈസി ട്രിപ് പ്ലാനേഴ്സിന്റെ നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം പ്രസിദ്ധീകരിച്ച വേളയിൽ ഹോട്ടൽ, ഹോളിഡേ പാക്കേജ് പോലെയുള്ള ഉയർന്ന വരുമാന സാധ്യതയുള്ള മേഖലകളിൽ ഭാവിവികസന പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ദീർഘകാല ബിസിനസ് മുൻഗണനകളോട് ചേർന്നുനിൽക്കുന്നവിധം ടെക്നോളജിയും പ്ലാറ്റ്ഫോം മെച്ചപ്പെടുത്തിയും തന്ത്രപരമായ അവസരം മുതലെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഇതിനായുള്ള ഫണ്ട് ശേഖരിക്കാനുള്ള നീക്കത്തിന് കമ്പനി നേതൃത്വം അനുമതി നൽകിയതിനെ നിക്ഷേപകർ പോസിറ്റീവായി കണക്കിലെടുത്തതാണ് ഈസി ട്രിപ് പ്ലാനേഴ്സിന്റെ ഓഹരിയിൽ മുന്നേറ്റമുണ്ടായതെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
യാത്രയുമായി ബന്ധപ്പെട്ട ബസ് ടിക്കറ്റ് മുതൽ വിമാന ടിക്കറ്റ് വരെയും ടാക്സി സേവനവും ഹോട്ടൽ മുറി ബുക്കിങ്ങും ഹോളിഡേ പാക്കേജുകളും ട്രാവൽ ഇൻഷുറൻസും വിസ പ്രോസസിങ്ങ് സേവനങ്ങളും ഒക്കെയായി സമഗ്ര യാത്രാ സേവനങ്ങൾ നൽകുന്ന ട്രാവൽ ടെക് കമ്പനിയാണ് ഈസി ട്രിപ് പ്ലാനേഴ്സ് ലിമിറ്റഡ്. 2008-ൽ ന്യൂഡൽഹി കേന്ദ്രമാക്കിയായിരുന്നു കമ്പനിയുടെ തുടക്കം. 2021 മാർച്ചിലാണ് കമ്പനിയുടെ ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. 187 രൂപയ്ക്ക് ഇഷ്യൂ ചെയ്ത ഈസി ട്രിപ് പ്ലാനേഴ്സ് ഓഹരി 13 ശതമാനം പ്രീമീയത്തിൽ 212 രൂപയിലായിരുന്നു ലിസ്റ്റ് ചെയ്തത്.
തുടർന്നിങ്ങോട്ട് തണുത്ത പ്രകടനമാണ് ഓഹരി കാഴ്ചവെച്ചത്. ഇതിനിടെ 2022-ൽ രണ്ട് തവണയും 2023-ൽ ഒരു തവണയും വീതം ബോണസ് ഷെയർ നൽകുകയും 2022 നവംബറിൽ സ്റ്റോക്ക് സ്പ്ലിറ്റും നടപ്പാക്കിയതോടെ ഓഹരി വില ആനുപാതികമായി തിട്ടപ്പെടുത്തിയതോടെയാണ് 10-20 രൂപ നിലവാരത്തിലേക്ക് വില എത്തിച്ചേർന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ മുന്നേറ്റത്തോടെ ഈസി ട്രിപ് പ്ലാനേഴ്സ് ഓഹരിയിൽ ഒരു വർഷത്തിനിടെ നേരിട്ട നഷ്ടം 20 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine