

പശ്ചിമേഷ്യയിലെ യുദ്ധവും അതിനെ തുടർന്നുള്ള ക്രൂഡോയിൽ വിലക്കയറ്റവും കാരണം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ വിപണിയിൽ ചൊവ്വാഴ്ചത്തെ (2026 മാർച്ച് 10) വ്യാപാരം ആശ്വാസകരമായാണ് പുരോഗമിക്കുന്നത്. പ്രധാന അടിസ്ഥാന ഓഹരി സൂചികകൾ ഉച്ചയോടെ അര ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തുന്നു.
എന്നാൽ വിപണിയിൽ നിഴലിക്കുന്ന അനിശ്ചിതത്വത്തിനിടയിലും ഒരുകൂട്ടം ഫെർട്ടിലൈസർ (Fertilizer) ഓഹരികൾ ഇന്ന് 20 ശതമാനം വരെ കുതിച്ചുയർന്നിട്ടുണ്ട്. രാജ്യത്ത പ്രകൃതി വാതക വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഒരു ഉത്തരവാണ് ഫെർട്ടിലൈസർ ഓഹരികളിലെ കുതിപ്പിന് കാരണം.
ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) - 19% നേട്ടം
രാഷ്ട്രീയ കെമിക്കൽസ് & ഫെർട്ടിലൈസർ (ആർസിഎഫ്) - 13% നേട്ടം
നാഷണൽ ഫെർട്ടിലൈസർ - 12% നേട്ടം
ഗുജറാത്ത് നർമദ വാലി ഫെർട്ടിലൈസേഴ്സ് (ജിഎൻഎഫ്സി) - 6% നേട്ടം
കൊറോമാണ്ടൽ ഇന്റർനാഷണൽ - 5% നേട്ടം
ചമ്പൽ ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് - 5% നേട്ടം
ദീപക് ഫെർട്ടിലൈസേഴ്സ് & പെട്രോകെമിക്കൽസ് - 5% നേട്ടം
പാരദീപ് ഫോസ്ഫേറ്റ്സ് - 4% നേട്ടം
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ, ഹോർമുസ് കടലിടുക്ക് വഴി കപ്പൽ മാർഗം പ്രകൃതി വാതകം കൊണ്ടുവരുന്നതിന് പ്രതിസന്ധി നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിതരണം അവതാളത്തിലാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ഓരോരോ മേഖലയ്ക്കും മുൻഗണന നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് ഇന്ന് പുറത്തിറക്കിയിരുന്നു. പ്രകൃതി വാതക (വിതരണ നിയന്ത്രണം) ഉത്തരവ്-2026 പ്രകാരം, ഫെർട്ടിലൈസർ പ്ലാന്റുകൾക്ക്, അവയുടെ കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപയോഗത്തിന്റെ 70 ശതമാനം വരെ വിതരണ ലഭ്യത ഉറപ്പാക്കും. ഇത്തരത്തിൽ അനുവദിക്കുന്ന പ്രകൃതി വാതകം കമ്പനിയുടെ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ പാടില്ല.
ആവശ്യമുള്ളതിന്റെ 30 ശതമാനം കുറവ് നേരിടുന്നുണ്ടെങ്കിൽ പോലും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ സർക്കാർ മുൻഗണന നിശ്ചയിച്ചപ്പോൾ രണ്ടാം നിരയിൽ ഫെർട്ടിലൈസർ കമ്പനികളെ ഉൾപ്പെടുത്തി എന്നത് വിപണി പോസിറ്റീവായി എടുത്തു. കാരണം, യൂറിയ നിർമാണത്തിന് പ്രകൃതി വാതകം അത്യന്താപേക്ഷിത ഘടകമാണ്. അതുകൊണ്ട് വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രകൃതി വാതകത്തിന്റെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നതിലൂടെ കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടില്ല എന്നതാണ് ഫെർട്ടിലൈസർ ഓഹരികളെ നേട്ടത്തിലേക്ക് നയിച്ചത്.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine