വിപണി ചാഞ്ചാട്ടത്തിൽ; പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം; എന്തുകൊണ്ട്?

വിപണി ഇന്ന് ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും ഡിഫൻസ് ഓഹരികളിൽ മികച്ച മുന്നേറ്റം. പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശനവും സൈനിക സഹകരണ പ്രതീക്ഷകളും ഓഹരികൾക്ക് കരുത്തായി.
defence stock rally
canva
Published on

വ്യാഴാഴ്ചത്തെ (2026 ഫെബ്രുവരി 26) വ്യാപാരത്തിലും ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഭേദപ്പെട്ട നേട്ടത്തോടെയാണ് പ്രധാന ഓഹരി സൂചികകൾ രാവിലെ വ്യാപാരം ആരംഭിച്ചതെങ്കിലും തുടർ മുന്നേറ്റം സാധ്യമാകാതെ പിൻവലിയുന്ന കാഴ്ചയാണ് പീന്നീട് കാണാനായത്. ഇതിനിടയിലും ഇന്ന് തിളങ്ങി നിന്നത് പ്രതിരോധ (Defence) മേഖലയിൽ നിന്നുള്ള കമ്പനികളുടെ ഓഹരികളാണ്. ആറ് ശതമാനം വരെ മുന്നേറ്റം പ്രകടമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിഫൻസ് ഓഹരികളുടെ കുതിപ്പ് എന്നതും ശ്രദ്ധേയം.

മുന്നേറിയ ഡിഫൻസ് ഓഹരികൾ

  • ഡിസിഎക്സ് ഇന്ത്യ: +6%

  • ഐഡിയഫോർജ് ടെക്നോളജി: +5%

  • ഡേറ്റ പാറ്റേൺസ് ഇന്ത്യ: +5%

  • അപ്പോളോ മൈക്രോ സി​സ്റ്റംസ്: +4%

  • അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ്: +4​%

  • ഭാരത് ഡൈനാമിക്സ്: +3%

  • ഭാരത് ഇലക്ട്രോണിക്സ്: +3%

  • സോളാർ ഇൻഡസ്ട്രീസ്: +2%

  • ​ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ്: +2%

  • യൂണിമെക് എയ്റോസ്പേസ്: +1.5%

  • സെൻ ടെക്നോളജീസ്: +1.5%

  • പരസ് ഡിഫൻസ്: +1

  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്: +1

എന്തുകൊണ്ട് മുന്നേറ്റം?

ആയുധക്കച്ചവടത്തേക്കാൾ ഉപരിയായി ഇന്ത്യയും ഇസ്രായേലും തമ്മിൽ സൈനിക മേഖലയിൽ തന്ത്രപ്രധാന സഹകരണത്തിന് മുതിരുമെന്ന നി​ഗമനമാണ് ഇന്നത്തെ വ്യാപാരത്തിനിടെ ഡിഫൻസ് ഓഹരികളിൽ മുന്നേറ്റത്തിന് വഴിതെളിച്ചതെന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. ഇസ്രായേലുമായി അതിനൂതന സാങ്കേതികവിദ്യ കൈമാറ്റം, സംയുക്തമായി പുതിയ ഉപകരണങ്ങളുടെ വികസനം, ആഴത്തിലുള്ള സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഉപകരിച്ചേക്കുമെന്നാണ് അനുമാനം. മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെയും അത്യാധുനിക ആയുധ സാങ്കേതികവിദ്യയുടെയും കാര്യത്തിൽ പ്രത്യേകിച്ചും.

സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണയിൽ ഇന്ത്യയും ഇസ്രായേലും എത്തിച്ചേർന്നേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രതിരോധ സെക്രട്ടറിയുടെ ഇസ്രായേൽ സന്ദർശത്തിനിടെ സൈനിക സഹകരണത്തിനുള്ള നിർണായക കരാറിൽ ഒപ്പിട്ടതാണ് ഇതിനുള്ള പശ്ചാത്തലമൊരുക്കുന്നത്. അതുപോലെ ഇരുരാജ്യങ്ങളും തമ്മിൽ വിശാലമായ സ്വതന്ത്ര വ്യാപാര കരാറിനുള്ള പ്രാരംഭ ചർച്ചകൾക്കും ഈയാഴ്ച തുടക്കമിട്ടിരുന്നു.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com