

ഇന്ന് കാണുന്ന മിക്ക സോഫ്റ്റ്‍വെയർ ജോലികളെയും കവർന്നെടുക്കാൻ പാകത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ വലിയ മുന്നേറ്റത്തിന് ലോകം സാക്ഷിയാകുമ്പോഴും ഇന്ത്യയിലെ മുൻനിര ഐടി കമ്പനികൾ ഗവേഷണ, വികസന (R&D) പ്രവർത്തനങ്ങൾക്ക് വകയിരുത്തുന്ന തുകയേക്കാൾ പ്രാധാന്യം നൽകുന്നത് ഡിവിഡന്റ്, ഷെയർ ബൈബാക്ക് എന്നിങ്ങനെയുള്ള കോർപറേറ്റ് നടപടികൾക്കാണോ എന്ന തരത്തിലുള്ള ചർച്ചകൾ സമീപകാലത്ത് സജീവമാണ്.
നിലവിലെ വരുമാനത്തിന്റെ ഏറിയപങ്കും സംഭാവന ചെയ്യുന്ന പരമ്പരാഗത സോഫ്റ്റ്‍വെയർ ജോലികളുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം നിറഞ്ഞു നിൽക്കുന്നതിനിടെ, കഴിഞ്ഞ ദിവസം വിപ്രോ കമ്പനി പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ ഷെയർ ബൈബാക്ക് ഇത്തരം ചർച്ചകളുടെ ഗതിവേഗം കൂട്ടിയിരിക്കുന്നു. തങ്ങളുടെ അതിജീവനത്തിനു സഹായിക്കുന്ന ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ഇന്ത്യൻ ഐ.ടി കമ്പനികൾ മതിയായ പുനർനിക്ഷേപം നടത്തുന്നില്ലേ? എ.ഐ മുന്നേറ്റത്തിൽ ഐ.ടി കമ്പനികൾ എങ്ങനെ പിടിച്ചുനിൽക്കും? വിശദമായി നോക്കാം.
പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ എയ്ക്വിറ്റാസ് ഇൻവെസ്റ്റ്മെന്റ് പുറത്തുവിട്ടിട്ടുള്ള ഡേറ്റ പ്രകാരം, 2020 - 2025 സാമ്പത്തിക വർഷത്തിനിടയിൽ രാജ്യത്തെ 5 മുൻനിര ഐടി കമ്പനികൾ മാത്രം ചേർന്ന് ഡിവിഡന്റ്, ഷെയർ ബൈബാക്ക്, ബോണസ് ഇഷ്യൂ എന്നിങ്ങനെ വിവിധ പാരിതോഷികങ്ങളിലൂടെ ഓഹരി ഉടമകൾക്ക് കൈമാറിയത് 4.8 ലക്ഷം കോടി രൂപയാണ്. ഈ 5 കമ്പനികളുടെ ലാഭത്തിന്റെ 87 ശതമാനം വരുമിത്. എന്നാൽ ഐ.ടി കമ്പനികൾ ഗവേഷണ പ്രവർത്തനത്തിനായി മാറ്റിവെക്കുന്ന വിഹിതം 3% മാത്രമാണ്. അതേസമയം യു.എസ് ടെക് കമ്പനികൾ ആകട്ടെ, അവരുടെ വരുമാനത്തിന്റെ 12 മുതൽ 20 ശതമാനത്തിലധികമാണ് ഗവേഷണ - വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത്. എന്നാൽ ഇന്ത്യൻ ഐ.ടി കമ്പനികൾ ഇങ്ങനെ ചെയ്യുന്നതിന് പിന്നിൽ വ്യക്തമായ ചില സാമ്പത്തിക - തന്ത്രപരമായ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
"ഇന്ത്യൻ ഐടി കമ്പനികൾ പ്രധാനമായും സർവീസിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്, പ്രോഡക്ടുകളിൽ അല്ല. അതുകൊണ്ട് പുതിയ എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിന് പകരം, ആഗോള ടെക് കമ്പനികളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്ക് സേവനം നൽകാനാണ് ഇവർ മുൻഗണന നൽകുന്നത്. അതിനാൽ ഗവേഷണ - വികസന പ്രവർത്തനങ്ങൾക്ക് ഭീമമായ തുക ചെലവാക്കാതെ, ജീവനക്കാരുടെ പരിശീലനം, വിദേശ ഡീപ്-ടെക് സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കൽ, ആഗോള പങ്കാളിത്തം എന്നിവയിലാണ് ഇവർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചുരുക്കത്തിൽ, നിലവിലുള്ള എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുരക്ഷിതമായി ബിസിനസ് ചെയ്യാനാണ് ഇന്ത്യൻ ഐടി കമ്പനികൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ പണം ഗവേഷണത്തിന് മുടക്കാതെ ഓഹരി ഉടമകൾക്ക് തന്നെ തിരികെ നൽകുന്നത്", സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് ആയ സനൽ പി. (Registration No. INH000022880) പറഞ്ഞു.
"യു.എസ് ടെക് കമ്പനികൾ ആധിപത്യം പുലർത്തുന്ന സെമികണ്ടക്ടർ ചിപ്പുകൾ, ലാംഗ്വേജ് മോഡലുകൾ, ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉൾപ്പെട്ട 'എ.ഐ സ്റ്റാക്കിനോട്' നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം ലാഭകരമായ മറ്റൊരു തന്ത്രമാണ് ഇന്ത്യൻ ഐടി കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. എൻവിഡിയ, ഓപ്പൺ എഐ പോലുള്ള മുൻനിര എഐ/ടെക് കമ്പനികളോട് മത്സരിക്കുന്നതിനായി മൂലധനം ചെലവഴിക്കുന്നതിനേക്കാൾ പ്രായോഗികം, അവർ വികസിപ്പിച്ചെടുത്ത ടൂളുകൾ ഉപയോഗപ്പെടുത്തി പുതിയ സേവനങ്ങൾ തങ്ങളുടെ ഉപഭോക്താക്കളായ ബിസിനസ് സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതാണെന്ന് ഇന്ത്യൻ ഐ.ടി കമ്പനികൾ കണക്കുകൂട്ടുന്നു. അതായത് യു.എസ് കമ്പനികളിൽ നിന്ന് അടിസ്ഥാന എ.ഐ സാങ്കേതികവിദ്യകൾ (Layers 1 & 2) വാടകയ്ക്ക് എടുക്കുകയും, അവ ഉപയോഗിച്ചുള്ള ഇന്റഗ്രേഷൻ, കസ്റ്റമൈസേഷൻ, കംപ്ലയൻസ് തുടങ്ങിയ സേവനങ്ങളിൽ (Layer 3) ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാനുമാണ് ഇന്ത്യൻ ഐ.ടി കമ്പനികൾ ശ്രമിക്കുന്നതെന്ന് സാരം", കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ.ഐ എൻജിനീയർ അനിൽ ഭട്ട് വ്യക്തമാക്കുന്നു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine