

ഇന്ത്യൻ വിപണിയിലെ റിയൽ എസ്റ്റേറ്റ് ഓഹരികളിൽ വൻ ഇടിവ് തുടരുന്നു. ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും റിയാൽറ്റി സെക്ടറൽ സൂചികയുടെ ഭാഗമായിട്ടുള്ള പത്ത് ഓഹരികളും ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ നഷ്ടം രേഖപ്പെടുത്തി. 0.40 ശതമാനം മുതൽ 10 ശതമാനത്തോളം വരെ ഇടിവാണ് ഈ റിയൽ എസ്റ്റേറ്റ് ഓഹരികളിൽ കുറിച്ചിരിക്കുന്നത്.
എൻഎസ്ഇയുടെ സെക്ടറൽ സൂചികയായ നിഫ്റ്റി റിയാൽറ്റിയിൽ 5.04 ശതമാനവും ബിഎസ്ഇയുടെ സെക്ടറൽ സൂചികയായ ബിഎസ്ഇ റിയാൽറ്റിയിൽ 5.21 ശതമാനം വീതവും നഷ്ടം ഇന്നത്തെ (2026 ജനുവരി 20) വ്യാപാരത്തിനൊടുവിൽ രേഖപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ റിയൽ എസ്റ്റേറ്റ് ഓഹരികൾ കാഴ്ചവെച്ച ഏറ്റവും മോശം പ്രകടനവുമാണിത്. ഇതോടെ ജനുവരി മാസത്തിൽ ഇതുവരെയായി എട്ട് ശതമാനത്തിലേറെ ഇടിവ് നിഫ്റ്റി റിയാൽറ്റി സൂചികയിൽ നേരിട്ടു.
വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികളായ ശോഭ ലിമിറ്റഡിന്റെ ഓഹരി 10.26 ശതമാനവും ഒബ്റോയ് റിയാൽറ്റിയുടെ ഓഹരി 7.69 ശതമാനത്തിലേറെയും ഇടിഞ്ഞു. മറ്റ് മുൻനിര റിയൽ എസ്റ്റേറ്റ് ഓഹരികളായ ലോധ ഡെവലപ്പേസ് 6.32 ശതമാനവും ഗോദ്റേജ് പ്രോപ്പർട്ടീസ് 5.95 ശതമാനവും പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് 5.83 ശതമാനവും വീതവും നഷ്ടം രേഖപ്പെടുത്തി. ഡിഎൽഎഫ്, അനന്ത്‍ രാജ് ലിമിറ്റഡ് 4.23 ശതമാനം വീതവും ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ ഇടിവ് നേരിട്ടു.
അതേസമയം 0.68 ശതമാനം മാത്രം താഴ്ന്ന സിഗ്നേച്ചർഗ്ലോബൽ (ഇന്ത്യ) എന്ന ഓഹരിയാണ് നിഫ്റ്റി റിയാൽറ്റി സൂചികയുടെ ഭാഗമായ ഓഹരികളുടെ കൂട്ടത്തിൽ കുറഞ്ഞ നഷ്ടം കുറിച്ചത്. ലോധ ഡെവലപ്പേഴ്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ്, ബ്രിഗേഡ് എന്റർപ്രൈസസ്, ആദിത്യ ബിർള റിയൽ എസ്റ്റേറ്റ് തുടങ്ങിയ മുൻനിര റിയൽ എസ്റ്റേറ്റ് ഓഹരികൾ 52 ആഴ്ച കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും വീണു.
2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ (2025 ഒക്ടോബർ - ഡിസംബർ) റിയൽ എസ്റ്റേറ്റ് കമ്പനികൾ കാഴ്ചവെച്ച പുതിയ യൂണിറ്റുകളുടെ വിൽപ്പന കണക്കുകൾ നിരാശപ്പെടുത്തിയതാണ് പ്രധാനമായും തിരിച്ചടിയായത്. രാജ്യത്തെ സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയും റിയൽ എസ്റ്റേറ്റ് മേഖലയുടെ ഡിമാൻഡിനെ നേരിട്ട് സ്വാധീനിക്കുന്നതാണ്. ഇതിനോടൊപ്പം ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വീണുപോയതും തിരിച്ചടിയായെന്നും മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. അതേസമയം വിൽപ്പനയിലെ ഏറ്റക്കുറച്ചിൽ താത്കാലികമാണെന്നും മുന്നോട്ട് ശുഭാപ്തി വിശ്വാസമാണുള്ളതെന്നും റിയൽ എസ്റ്റേറ്റ് കമ്പനികളുടെ വക്താക്കൾ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine