ഓഹരി വില 10% ഇടിഞ്ഞു; ഇന്‍ഫോസിസിന് ഇതെന്തുപറ്റി?

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് ഇന്നലെയാണ് നടപ്പുവര്‍ഷത്തെ (2023-24) ജൂണ്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,360 കോടി രൂപയില്‍ നിന്ന് 5,945 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍, നിരീക്ഷകര്‍ പ്രതീക്ഷിച്ച 6,000 - 6,350 കോടി രൂപ കടക്കാനാകാതെ വന്നത് ഓഹരികളെ വലച്ചു.

ഇതിന് പുറമേ, നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ചാ പ്രതീക്ഷ (Revenue Guidance) 4-7 ശതമാനത്തില്‍ നിന്ന് 1-3.5 ശതമാനത്തിലേക്ക് ഇന്‍ഫോസിസ് വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ ഓഹരികള്‍ ഇന്ന് കൂപ്പുകുത്തുകയായിരുന്നു. ഇന്‍ഫിയുടെ ഈ നടപടി മറ്റ് ഐ.ടി ഓഹരികളെയും ഉലച്ചു. ഓഹരി വിപണിയാകെ ഇന്ന് നഷ്ടത്തിലേക്ക് തകർന്ന് വീണു.
ഇന്നലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടതിന് പിന്നാലെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NYSE) ഇന്‍ഫോസിസ് ഓഹരി വില 8.41 ശതമാനം ഇടിഞ്ഞ് 16.22 ഡോളറായിരുന്നു. ഒരുവേള വില വ്യാപാരത്തിനിടെ 15.33 ഡോളറിലും എത്തിയിരുന്നു. ഇതിന്റെ ചുവടുകൂടി പിടിച്ചാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലെയും വീഴ്ച.
കരാറുകളില്‍ ഏര്‍പ്പെടാന്‍ നേരിടുന്ന കാലതാമസവും ഉപയോക്തൃ കമ്പനികള്‍ ചെലവ് ചുരുക്കാന്‍ തീരുമാനിച്ചതുമാണ് വരുമാന വളര്‍ച്ചാപ്രതീക്ഷ വെട്ടിക്കുറയ്ക്കാന്‍ ഇന്‍ഫോസിസിനെ നിര്‍ബന്ധിതരാക്കിയത്.
വീഴ്ചയ്ക്ക് വേറെയും കാരണങ്ങള്‍
പ്രതീക്ഷയ്‌ക്കൊത്തുയരാത്ത പ്രവര്‍ത്തന ഫലം, വിപണിയില്‍ വെല്ലുവിളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ച നടപടി, ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഇടിവ് എന്നിവയ്ക്ക് പുറമേ വേറെയും കാരണങ്ങളുണ്ട് ഇന്ന് ഇന്‍ഫി ഓഹരികളുടെ വീഴ്ചയ്ക്ക് പിന്നില്‍.
അവയില്‍ പ്രധാനം ഇന്‍ഫി ഓഹരിക്ക് പ്രമുഖ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങളെല്ലാം വിറ്റൊഴിയല്‍ (SELL) സ്റ്റാറ്റസ് നല്‍കിയെന്നതാണ്. നിലവില്‍ 8.53 ശതമാനം ഇടിവുമായി 1,325.25 രൂപയിലാണ് സെന്‍സെക്‌സില്‍ ഇന്‍ഫോസിസ് ഓഹരിയുള്ളത്.
ഉടന്‍ വില്‍ക്കുന്നതാണ് നല്ലതെന്നാണ് നിക്ഷേപകരോട് പ്രമുഖ ബ്രോക്കറേജ് ഏജന്‍സികള്‍ പറയുന്നത്. വില വൈകാതെ 1,300 രൂപയ്ക്കും താഴെ വീണേക്കാമെന്നതാണ് കാരണമെന്നും അവര്‍ പറയുന്നു.
ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്ന വില 1,250-1,280 രൂപ നിരക്കിലാണ്. ജെ.പി മോര്‍ഗനും (JP Morgan) മക്വയറീയും (Macquarie) അണ്ടര്‍വെയിറ്റ് (Underweight) സ്റ്റാറ്റസാണ് നല്‍കിയിട്ടുള്ളത്.
വില 1,150 രൂപയിലേക്ക് താഴ്‌ന്നേക്കാമെന്ന് ജെ.പി മോര്‍ഗനും 1,130 രൂപവരെയാകുമെന്ന് മക്വയറീയും കരുതുന്നു. 1,210-1,260 രൂപയാണ് നോമുറ (Nomura) പ്രവചിക്കുന്നത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it