അടി കഴിഞ്ഞിട്ടില്ല, വടി വെട്ടാൻ പോയിട്ടേ ഉള്ളൂ! ഐടി ഓഹരികൾ ഇനിയും 65​% വരെ ഇടിയാമെന്ന് ജെഫറീസ്

മുൻനിര കമ്പനികളുടെ ഉൾപ്പെടെ ഐടി ഓഹരികളെ ഡൗൺ​ഗ്രേഡ് ചെയ്ത് ജെഫറീസ്. ഏറ്റവും മോശം സാഹചര്യത്തിൽ ഐടി ഓഹരികളുടെ വില ഇനിയും 30-65 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്നും റിസർച്ച് റിപ്പോർട്ട്.
IT Stocks Downgrade News
canva
Published on

ഇന്ത്യൻ വിപണിയിൽ ഐടി കമ്പനികളുടെ ഓഹരികളിൽ തിരിച്ചടി തുടരുകയാണ്. എൻഎസ്ഇയുടെ ഐടി വിഭാ​ഗം ഓഹരികളുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി ഐടി ആകട്ടെ, കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തിലധികം ഇടിവ് നേരിട്ടു. ഐടി മേഖലയിൽ കാർമേഘം പടരുന്നതിനിടെയാണ് ഓഹരികളുടെ വില ഇനിയും വൻ തോതിൽ ഇടിയാമെന്നുള്ള സൂചനയുമായി ആ​ഗോള ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ജെഫറീസ്, പുതിയ റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രമുഖ ഐടി ഓഹരികളുടെയൊക്കെ റേറ്റിം​ഗ് ഡൗൺ​ഗ്രേഡ് ചെയ്തെങ്കിലും പ്രതീക്ഷയുള്ള ഏതാനും ഓഹരികളേയും മുന്നോട്ടുവെച്ചിട്ടുണ്ട്. ജെഫറീസ് റിസർച്ച് റിപ്പോർട്ടിന്റെ വിശ​ദാംശം നോക്കാം.

എന്തുകൊണ്ട് റേറ്റിങ് താഴ്ത്തി?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ അതിവേ​ഗ വളർച്ച, പരമ്പരാ​ഗത ഐടി സേവന മേഖലയിൽ ഘടനാപരമായ പരിവർത്തനത്തിന് ഇടയാക്കുകയാണ്. ദീർഘകാല പരിപാലനത്തിനും നിർവഹണത്തിനുമായുള്ള മാനേജ്ഡ് സർവീസസ് (Managed Services) വിഭാ​ഗത്തിൽ പ്രത്യേകിച്ചും. പരമ്പരാ​ഗത ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിന്റെ ​ഗണ്യമായ സംഭാവനയും ഇവിടെ നിന്നാണ്.

പുതിയതായി വിപണിയിൽ അവതരിക്കുന്ന എഐ ടൂളുകൾക്ക് പരമ്പരാ​ഗത ഐടി സേവനങ്ങൾ കുറഞ്ഞ ചെലവിലും വേ​ഗത്തിലും നിറവേറ്റാൻ സാധിക്കുമെന്നതിനാൽ, മാറ്റങ്ങളോട് അതിവേ​ഗം പൊരുത്തപ്പെട്ടില്ലെങ്കിൽ നിലവിലെ ഐടി കമ്പനികളുടെ ഭാവി വരുമാനത്തിലും ലാഭക്ഷമതയിലും വൻ ഇടിവ് നേരിടാനുള്ള സാധ്യത നിലനിൽക്കുന്നു. ഭാവി പ്രവർത്തന തന്ത്രങ്ങളിൽ ഐടി കമ്പനികൾക്ക് സമ​ഗ്ര പരിഷ്കരണം നടത്തേണ്ടിവരും. ഇക്കാരണങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് ഏറ്റവും മോശം സാ​ഹചര്യത്തിൽ, ഐടി കമ്പനികളുടെ ഓഹരി വില ഇനിയും 30 മുതൽ 65 ശതമാനം വരെ ഇടിയാമെന്ന സാധ്യത ജെഫറീസിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

ഡൗൺ​ഗ്രേഡ് ചെയ്യപ്പെട്ട പ്രധാന ഐടി ഓഹരികൾ

  • ഇൻഫോസിസ്: നേരത്തെ നൽകിയിരുന്ന 'ബൈ' റേറ്റിം​ഗിൽ നിന്നും 'ഹോൾഡ്' എന്ന റേറ്റിം​ഗിങ്ങിലേക്ക് താഴ്ത്തി. സമീപഭാവിയിലേക്ക് ഓഹരിയിൽ പ്രവചിച്ചിരുന്ന ലക്ഷ്യവില 1,880 രൂപയിൽ നിന്നും 1,290 രൂപയിലേക്കും കുറച്ചു.

  • ടിസിഎസ്: 'ഹോൾഡ്' റേറ്റിം​ഗിൽ നിന്നും 'അണ്ടർപെർഫോം' എന്നതിലേക്ക് റേറ്റിം​ഗ് താഴ്ത്തി. ഓഹരിയുടെ സമീപകാല ലക്ഷ്യവില 3,485 രൂപയിൽ നിന്നും 2,350 രൂപയിലേക്കും താഴ്ത്തി.

  • എച്ച്സിഎൽ ടെക്നോളജീസ്: നിലവിലെ 'ബൈ' റേറ്റിം​​ഗ് 'ഹോൾഡ്' എന്നതിലേക്ക് താഴ്ത്തി. ഓഹരിയുടെ സമീപകാല ലക്ഷ്യവില 1,885 രൂപയിൽ നിന്നും 1,390 രൂപയിലേക്കും കുറച്ചു.

  • എൽടിഐ മൈൻഡ്ട്രീ: 'ഹോൾഡ്' റേറ്റിം​ഗിൽ നിന്നും 'അണ്ടർപെർഫോം' എന്നതിലേക്ക് താഴ്ത്തി. ഓഹരിയുടെ സമീപകാല ലക്ഷ്യവില 6,175 രൂപയിൽ നിന്നും 4,300 രൂപയിലേക്കും താഴ്ത്തി നിശ്ചയിച്ചു.

  • ഹെക്സാവെയർ: 'ഹോൾഡ്' റേറ്റിം​ഗിൽ നിന്നും 'അണ്ടർപെർഫോം' എന്നതിലേക്ക് റേറ്റിം​ഗ് താഴ്ത്തി. ഓഹരിയുടെ സമീപകാല ലക്ഷ്യവില 660 രൂപയിൽ നിന്നും 460 രൂപയായും കുറച്ചു.

  • എംഫസിസ്: നിലവിലെ 'ബൈ' റേറ്റിം​ഗിൽ നിന്നും 'ഹോൾഡ്' എന്നതിലേക്ക് റേറ്റിം​ഗ് താഴ്ത്തി. സമീപഭാവിയിലേക്ക് ഓഹരിക്ക് നിർദേശിച്ചിരുന്ന ലക്ഷ്യവില 3,410 രൂപയിൽ നിന്നും 2,450 രൂപയിലേക്കും കുറച്ചു.

  • വിപ്രോ: നിലവിലെ 'അണ്ടർപെർഫോം' എന്ന റേറ്റിം​ഗ് സമീപഭാവിയിലേക്കും നിലനി‌ർത്തി. ഓഹരിക്ക് നിർദേശിച്ച സമീപകാല ലക്ഷ്യവില 220 രൂപയിൽ നിന്നും 180 രൂപയിലേക്കും താഴ്ത്തി.

പരി​ഗണിക്കാവുന്ന ഐടി ഓഹരികൾ ഏതൊക്കെ?

എ.ഐ വികാസം പ്രാപിക്കുന്നതോടെ, പരമ്പരാ​ഗത സോഫ്റ്റ്‍വെയർ സേവന മേഖലകളിൽ നിന്നുള്ള വരുമാനം ​ഗണ്യമായി കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതു കാരണം വൻകിട ഐടി കമ്പനികളുടെ ഓഹരികൾ പൊതുവേ അനാകർഷകമായി. എന്നിരുന്നാലും ഇടത്തരം വിഭാ​ഗത്തിലുള്ള ഐടി കമ്പനികളെയാണ് താരതമ്യേന പരി​ഗണിക്കാവുന്നതെന്നും ജെഫറീസിന്റെ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. വിപണിയിൽ തുറന്നുകിട്ടുന്ന പുതിയ അവസരങ്ങളോടും സാധ്യതയോടും വേ​ഗത്തിൽ പൊരുത്താപ്പെടാനുള്ള ശേഷി കൂടുതലാണെന്നതാണ് മിഡ് ക്യാപ് ഐടി കമ്പനികൾക്കുള്ള അനുകൂല ഘടകമായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നത്.

ഇതിൽ നിന്നും കൊഫോർജ്, സജിലിറ്റി, ഇൻവെഞ്ച്വറസ് നോളജ് സൊലൂഷൻസ് തുടങ്ങിയ ഓഹരികളെയാണ് ജെഫറീസ് നിർദേശിക്കുന്നത്. 2026-28 സാമ്പത്തിക വർഷക്കാലയളവിൽ ഈ ഐടി കമ്പനികളുടെ പ്രതിയോഹരി വരുമാനം (EPS) 19-25 ശതമാനം സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തുമെന്നാണ് നി​ഗമനം. എന്നിരുന്നാലും സമീപ ഭാവിയിലേക്ക് സെക്ടറിനുമേൽ തുടരുന്ന ശക്തമായ സമ്മർദം കാരണം ഐടി ഓഹരികളിൽ ഇനിയും ഇടിവിനുള്ള സാധ്യതയുണ്ടെന്നും ജെഫറീസിന്റെ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com