

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഇൻസ്റ്റിട്യൂഷണൽ ഇൻവെസ്റ്ററാണ് പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി. നിലവിൽ 17.83 ലക്ഷം കോടി രൂപയുടെ നിക്ഷേപ മൂല്യമുള്ള 283 ഓഹരികളാണ് എൽഐസിയുടെ കൈവശമുള്ളത്. അതുകൊണ്ട് തന്നെ എൽഐസിയുടെ ഇക്വിറ്റി പോർട്ട്ഫോളിയോയിൽ സംഭവിക്കുന്ന മാറ്റങ്ങൾക്ക് നിക്ഷേപക ലോകത്ത് ഏറെ പ്രാധാന്യമുണ്ട്.
കാരണം ഇത്രയുമധികം വലിയ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നവർ വാങ്ങുന്നതും വിൽക്കുന്നതുമായ ഓഹരികളുടെ പാറ്റേണിൽ നിന്നും റീട്ടെയിൽ നിക്ഷേപകർക്കുള്ള ചില സൂചനകൾ മറഞ്ഞിരിപ്പുണ്ട്. ഇത്തരത്തിൽ ഡിസംബർ പാദത്തിൽ എൽഐസിയുടെ പോർട്ട്ഫോളിയോയിൽ സംഭവിച്ച മാറ്റങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ഇപ്പോൾ വിപണിയിൽ നിഴലിക്കുന്ന പൊതുവികാരത്തിന് നേർവിപരീതമായൊരു നീക്കം നടത്തിയതു തിരിച്ചറിയാനാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൽ നിലനിൽപ്പിനെ കുറിച്ചുള്ള ആശങ്കകാരണം സമീപകാലത്ത് കനത്ത തിരിച്ചടി നേരിടുന്ന ഐടി സെക്ടറിൽ എൽഐസി ക്രമാനുഗതമായി നിക്ഷേപം വർധിപ്പിക്കുന്നൊരു പാറ്റേൺ പ്രകടമാണ്. അതും ശക്തമായി നിലകൊള്ളുന്ന ബാങ്കിങ്, ഇൻഡസ്ട്രിയൽ സെക്ടറുകളിൽ നിന്നുള്ള മുൻനിര ഓഹരികളിലെ നിക്ഷേപം കുറച്ചുകൊണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ 15 ശതമാനത്തിലേറെ നഷ്ടം നേരിട്ട ടിസിഎസ് ഓഹരിയിൽ 3,136 കോടി രൂപയുടെയും എച്ച്സിഎൽ ടെക് ഓഹരിയിൽ 2,293 കോടി രൂപയുടേയും അധിക നിക്ഷേപമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ എൽഐസി നടത്തിയിരിക്കുന്നത്. സമീപകാലത്ത് 30 ശതമാനം തിരിച്ചടി നേരിട്ട മിഡ് ക്യാപ് ഐടി കമ്പനിയായ കൊഫോർജിൽ ഒരു ശതമാനത്തിൽ താഴെയുണ്ടായിരുന്ന ഓഹരി വിഹിതം 4.66 ശതമാനത്തിലേക്കും ഉയർത്തി. ഇതോടെ എൽഐസിക്ക് ഇന്ത്യൻ ഐടി സെക്ടറിലുള്ള നിക്ഷേപം 1.82 ലക്ഷം കോടി രൂപയിൽ നിന്നും 2.17 ലക്ഷം കോടി രൂപയായും വർധിച്ചു.
മറുവശത്ത് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ഓഹരികളിലും ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എൽ&ടി എന്നിവയിലുമുള്ള നിക്ഷേപം താഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച, ഇന്ത്യൻ ഐടി കമ്പനികളെ തച്ചുതകർക്കുമെന്ന ആശങ്ക എൽഐസിക്ക് ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ പാദത്തിനിടെ 73 എൻഎസ്ഇ ലിസ്റ്റഡ് കമ്പനികളിലാണ് എൽഐസി ഓഹരിവിഹിതം വർധിപ്പിച്ചത്. അതേസമയം 90-ഓളം കമ്പനികളുടെ ഓഹരികളിൽ ഇതേകാലയളവിനിടെ എൽഐസിയുടെ നിക്ഷേപം താഴ്ത്തിയിട്ടുമുണ്ട്.
എൽഐസി നിക്ഷേപം വർധിപ്പിച്ച പ്രധാന ഓഹരികൾ: എൻഎംഡിസി, വോൾട്ടാസ്, ഡോ റെഡ്ഡീസ് ലാബോറട്ടറീസ്, അസ്ട്രാൽ ലിമിറ്റഡ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എക്സൈഡ് ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു എനർജി, സൺ ഫാർമസ്യൂട്ടിക്കൽസ്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ.
എൽഐസി നിക്ഷേപം കുറച്ച പ്രധാനപ്പെട്ട ഓഹരികൾ: അദാനി പോർട്ട്സ് & എസ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, വേദാന്ത ലിമിറ്റഡ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ), മാരുതി സുസൂക്കി.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine