

എൻഎസ്ഇയുടെ പ്രധാന അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി50യുടെ ഭാഗമായിട്ടുള്ള ഒരുകൂട്ടം ബ്ലൂചിപ് ഓഹരികളിൽ നിറംമങ്ങിയ പ്രകടനം തുടരുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലയളവ് കണക്കാക്കിയാൽ നിഫ്റ്റി സൂചിക ഏകദേശം 12.5 ശതമാനം മുതൽ 14.2 ശതമാനം വരെയുള്ള നിരക്കിൽ സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ ഈ ഓഹരികൾ നേരിയ നേട്ടം മുതൽ നഷ്ടക്കണക്കുകളാണ് കുറിച്ചിടുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, അദാനി എന്റർപ്രൈസസ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് തുടങ്ങിയ നിഫ്റ്റി സൂചികയുടെ ഭാഗമായ ഓഹരികളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിക്ഷേപകർക്ക് നിരാശ സമ്മാനിച്ചത്.
എൻഎസ്ഇ നിഫ്റ്റി50 സൂചികയുടെ ഭാഗമായ ഓഹരികളെ ഇന്ത്യൻ വിപണിയുടെ പശ്ചാത്തലത്തിൽ പൊതുവേ ബ്ലൂചിപ് ഓഹരികളായാണ് കണക്കാക്കുന്നത്. എന്നാൽ അതിനൊത്ത പ്രകടനമല്ല സമീപകാലത്ത് എല്ലാ നിഫ്റ്റി ഓഹരികളും കാഴ്ചവെച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിനിടെ അദാനി എന്റർപ്രൈസസ് ഓഹരിയാണ് നിക്ഷേപകർക്ക് ഏറ്റവും നഷ്ടം നൽകിയത്. സംയോജിത വാർഷിക നിരക്കിൽ 14 ശതമാനം ഇടിവാണ് അദാനി എന്റർപ്രൈസസ് ഓഹരി രേഖപ്പെടുത്തിയത്.
സമാനമായി ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി ലിമിറ്റഡ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ നിഫ്റ്റി ഓഹരികളും കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ നിക്ഷേപകർക്ക് നഷ്ടമാണ് സമ്മാനിച്ചത്. ഐടിസി ലിമിറ്റഡ് 0.1 ശതമാനവും ഇൻഫോസിസ് 3 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 4.1 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് 4.6 ശതമാനം വീതവും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തി. എന്നിരുന്നാലും ബാങ്കിലെ സ്ഥിരനിക്ഷേപങ്ങൾക്ക് (എഫ്ഡി) ലഭിക്കുന്ന പലിശയേക്കാളും താഴ്ന്ന ആദായമാണിത്.
ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകരിലൊന്നായ മ്യൂച്ചൽ ഫണ്ടുകൾ പക്ഷേ നിറംമങ്ങിയ പ്രകടനം കാഴ്ചവെക്കുന്ന നിഫ്റ്റി ഓഹരികൾ വാങ്ങിക്കൂട്ടുന്നതായാണ് റിപ്പോർട്ടുകളിൽ നിന്നും വെളിവാകുന്നത്. 2025 ഡിസംബർ പാദത്തിനൊടുവിലെ കണക്കുകൾ പ്രകാരം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിലുള്ള മൊത്തം മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപമൂല്യം 3.37 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിലുള്ള മൊത്തം മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപമൂല്യം 1.99 ലക്ഷം കോടി രൂപയാണ്.
സമാനമായി ഇൻഫോസിസ് ഓഹരിയിൽ 1.35 ലക്ഷം കോടി രൂപയും ടാറ്റ കൺസൾട്ടൻസി ലിമിറ്റഡ് ഓഹരിയിൽ 64,216 കോടി രൂപയും കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയിൽ 92,550 കോടി രൂപയും ഐടിസി ലിമിറ്റഡ് ഓഹരിയിൽ 81,731 കോടി രൂപയും ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരിയിൽ 34,201 കോടി രൂപയും ഏഷ്യൻ പെയിന്റസ് ഓഹരിയിൽ 28,372 കോടി രൂപയും വീതമാണ് ഇക്കഴിഞ്ഞ ഡിസംബർ പാദത്തിനൊടുവിൽ ലഭ്യമായ റിപ്പോർട്ട് പ്രകാരം മൊത്തം മ്യൂച്ചൽ ഫണ്ടുകളുടെയും നിക്ഷേപമൂല്യം.
Read DhanamOnline in English
Subscribe to Dhanam Magazine