

അനിശ്ചിതത്വം നിറഞ്ഞു നിന്ന ആദ്യപകുതിക്കുശേഷം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചു വരവിന്റെ പാതയിലാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ മടിച്ചു നിന്ന കമ്പനികള്‍ ഇപ്പോള്‍ ഐപിഒയുമായി സജീവമാണ്. ഓരോ ആഴ്ച്ചയും ഐപിഒ പെരുമഴയായി പെയ്തിറങ്ങിയതോടെ റീട്ടെയ്ല്‍ നിക്ഷേപകരടക്കം ആവേശത്തിലാണ്. ഐപിഒ അലോട്ട്‌മെന്റിനായി അപേക്ഷിക്കുന്ന റീട്ടെയ്ല്‍ നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ കുറച്ചു നാളുകളായി വളരെ കൂടുതലാണ്.
ലിസ്റ്റിംഗില്‍ തന്നെ നേട്ടമുണ്ടാക്കാമെന്ന ചിന്തയാണ് പലരെയും ഐപിഒയ്ക്കായി അപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സമീപകാലത്ത് ലിസ്റ്റ് ചെയ്ത പല ഓഹരികളും ഐപിഒ വിലയേക്കാള്‍ താഴെയാണെന്നതാണ് യാഥാര്‍ത്ഥ്യം. കാരണങ്ങള്‍ പലതുണ്ടെങ്കിലും ചില അടിസ്ഥാന ഘടകങ്ങള്‍ അവഗണിക്കുന്നതാണ് നിക്ഷേപകര്‍ക്ക് വിനയാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
അടുത്തിടെ നടന്ന ഐപിഒകളില്‍ നിലവിലുള്ള ഉടമസ്ഥരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വില്പന കൂടിയ അളവിലാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് തങ്ങളുടെ നിക്ഷേപവും ലാഭവും ബുദ്ധിപൂര്‍വം പിന്‍വലിക്കാന്‍ പ്രമോട്ടര്‍മാര്‍ ശ്രമിക്കുന്നു. സമീപകാലത്ത് ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പലതിലും പ്രമോട്ടര്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
ഓഹരി വില്പനയുടെ സിംഹഭാഗവും ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണെങ്കില്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം, നിലവിലെ പ്രമോട്ടര്‍മാര്‍ അവരുടെ സ്വന്തം കമ്പനിയിലെ ഓഹരിവിഹിതം കുറയ്ക്കുന്നുവെന്ന സൂചനയാണ് ഇത് നല്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ കൂടിയാല്‍ നിലവിലെ ഉടമസ്ഥര്‍ക്ക് ഈ കമ്പനിയില്‍ വേണ്ടത്ര ആത്മവിശ്വാസമില്ലെന്ന് കരുതേണ്ടി വരും. കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാനുള്ള സാധ്യത ഓഫര്‍ ഫോര്‍ സെയിലിലൂടെ കുറയുന്നു.
പലരും ഐപിഒ ലഭിക്കുന്നത് ലോട്ടറിയടിക്കുന്നത് പോലെയാണ് കരുതുന്നത്. സമീപകാല ചരിത്രം ഈ ചിന്തകളെ തിരുത്തുന്നതാണ്. ഐപിഒയില്‍ ഓഹരികള്‍ ലഭിച്ചെന്നത് അത്ര നേട്ടമാണെന്ന് പറയാന്‍ സാധിക്കില്ല. അടുത്ത കാലത്ത് ലിസ്റ്റ് ചെയത് പല ഓഹരികളും ഐപിഒ വിലയേക്കാള്‍ താഴെയാണെന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ മുന്‍കാല ചരിത്രം, വരുമാനം, വരുമാന മാര്‍ഗങ്ങള്‍. ഭാവിയിലെ സാധ്യതകള്‍ എല്ലാം നോക്കി മാത്രം നിക്ഷേപിക്കുക. ഇതിനായി വിദഗ്ധരുടെ സേവനം ഉറപ്പായും തേടണം.
Read DhanamOnline in English
Subscribe to Dhanam Magazine