'പഞ്ചസാര' ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തില്‍ 50% വരെ ഉയര്‍ന്നു; കാരണമിതാണ്
പഞ്ചസാര ഓഹരികള്‍ക്ക് (sugar companies' stocks) മധുരം കൂടുന്നു. വിപണിയില്‍ പല ഓഹരികളും മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ പിക്കാഡിലി ഷുഗറിന്റെയും (Piccadilly Sugar and Allied Industries Ltd.) മഗധ് ഷുഗറിന്റെയും (Magadh Sugar & Energy Ltd)ഓഹരികൾ 50 ശതമാനവും 42 ശതമാനവും യഥാക്രമം ഉയർന്നു, മറ്റു പ്രധാന ഉൽപ്പാദകരായ ശ്രീ രേണുക (Shree Renuka Sugars Ltd), ഈദ് പാരി (EID Parry India), ബൽറാംപൂർ ചിനി (Balrampur Chini Mills Limited) എന്നിവയുടെ ഓഹരികൾ കാലയളവിൽ 12-23% ഉയർന്നതായി കാണാം.
പ്രമുഖ ബ്രോക്കറേജുകള്‍ പറയുന്നത് പഞ്ചസാര വില ഉയര്‍ന്നതും എഥനോള്‍ ഡിമാൻഡ് വര്‍ധിക്കുന്നതും പഞ്ചസാര ഉല്‍പ്പാദകര്‍ക്ക് ഗുണം ചെയ്യുന്ന ഘടകങ്ങളാണെന്നാണ്.
എൽനിനോ വെല്ലുവിളിയും വിലയും
കാലാവസ്ഥാ പ്രശ്‌നങ്ങള്‍ പഞ്ചസാര ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചത് പഞ്ചസാര വില വർധിക്കാൻ ഇടയാക്കി. എല്‍ നിനോ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ തന്നെ കിലോയ്ക്ക് 37 രൂപയ്ക്ക് മേൽ തന്നെ നിലനിറുത്താനും സാധ്യത കൂടുതലാണ്.
പഞ്ചസാര ഉല്‍പാദനത്തിലുള്ള ഇടിവ് ഉയര്‍ന്ന വില നിലനിര്‍ത്താനിടയാക്കും. ഇത് പഞ്ചസാര കമ്പനികളുടെ മികച്ച സാമ്പത്തിക പ്രകടനത്തിന് വഴിയൊരുക്കും
പഞ്ചസാര ഉല്‍പ്പാദനത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പഞ്ചസാര എത്തിക്കഴിഞ്ഞു. പ്രാദേശിക വില നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ആദ്യമായി പഞ്ചസാര മില്ലുകളുടെ കയറ്റുമതി തടയാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. അടുത്ത മാസം മുതല്‍ ആയിരിക്കും കയറ്റുമതി തടയാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുക.