ഈ 2 പൊതുമേഖല റെയിൽവേ കമ്പനികൾ ലയിപ്പിക്കുന്നു? ഓഹരികളിൽ 12% വരെ മുന്നേറ്റം

ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്, റെയിൽ വികാസ് നി​ഗം ലിമിറ്റഡ് എന്നിവയുടെ ഓഹരികളാണ് വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ 12 ശതമാനം വരെ കുതിച്ചുയർന്നത്.

ഈ 2 പൊതുമേഖല റെയിൽവേ കമ്പനികൾ ലയിപ്പിക്കുന്നു? ഓഹരികളിൽ 12% വരെ മുന്നേറ്റം
Published on

ഇന്ത്യൻ വിപണിയിൽ ഇന്ന് (2026 മാർച്ച് 6) പ്രധാന ഓഹരി സൂചികകളിൽ കനത്ത ഇടിവ് തുടരുന്നതിനിടെ, രണ്ട് പൊതുമേഖ റെയിൽവേ കമ്പനികളുടെ ഓഹരികളിൽ വൻ മുന്നേറ്റം. ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ് (BSE: 541956, NSE: IRCON), റെയിൽ വികാസ് നി​ഗം ലിമിറ്റഡ് (BSE: 542649, NSE: RVNL) എന്നീ ഓഹരികളാണ് വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ 12 ശതമാനം വരെ കുതിച്ചുയർന്നത്. ലയനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ പോർട്ടലിൽ വന്ന വാർത്തയെ തുടർന്നാണ് ഈ റെയിൽവേ ഓഹരികൾ മിന്നിത്തിളങ്ങിയത്.

എന്താണ് സംഭവം?

പി.എസ്.യു കണക്ട് എന്ന ഓൺലൈൻ പോർട്ടലാണ് ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട്, ഇർകോൺ ഇന്റർനാഷണലും റെയിൽ വികാസ് നി​ഗവും (ആർവിഎൻഎൽ) തമ്മിൽ ലയിച്ചേക്കുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ രണ്ട് പൊതുമേഖല കമ്പനികളും തമ്മിൽ ലയിപ്പിക്കുന്നതിനുള്ള നിർദേശം റെയിൽവേ മന്ത്രാലയം സജീവമായി പരി​ഗണിക്കുകയാണെന്നാണ് വാർത്ത. റെയിൽവേ മന്ത്രാലയത്തിന് പുറമെ, ധന മന്ത്രാലയം, പൊതുമേഖല സ്ഥാപന വകുപ്പ്, സാമ്പത്തിക കാര്യ കാബിനറ്റ് സമിതി എന്നിവയിൽ നിന്നും ഇർകോണിന്റേയും ആർവിഎൻഎല്ലിന്റേയും ലയനത്തിനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്.

രണ്ട് കമ്പനികളുടേയും ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എന്നീ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലി​സ്റ്റ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് ഇർകോൺ ഇന്റർനാഷണൽ, ആർവിഎൻഎൽ ലയനം ഓഹരികൾ സ്വാപ് ചെയ്തുകൊണ്ടായിരിക്കാം പൂർത്തിയാക്കാൻ സാധ്യത.

എന്തുകൊണ്ട് മുന്നേറ്റം?

റിപ്പോർട്ടിൽ പറഞ്ഞതുപോലെ ലയനം സംഭവിക്കുകയാണെങ്കിൽ, റെയിൽവേ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ശേഷിയുള്ളതും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നതുമായ വമ്പനൊരു പൊതുമേഖല സ്ഥാപനം രൂപപ്പെടുന്നതായിരിക്കും. ആർവിഎൻഎല്ലിന്റെ പ്രോജക്ട് മാനേജ്മെന്റ് കാര്യശേഷിയും സവിശേഷ പരിചയസമ്പത്തും ഇർകോൺ ഇന്റർനാഷണലിന് റെയിൽവേ കൺസ്ട്രക്ഷൻ ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള മികവും കാര്യക്ഷമതയും കൂടാതെ രാജ്യാന്തര തലത്തിലുള്ള പ്രവർത്തന സാന്നിധ്യവും ഒരുപോലെ ലയനശേഷമുണ്ടാകുന്ന കമ്പനിക്ക് മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

അതേസമയം ഇർകോണിന്റേയും ആർവിഎൻഎല്ലിന്റേയും ലയനം, നിക്ഷേപകരും പോസിറ്റീവായി കണക്കിലെടുത്തതു കൊണ്ടാണ് ഇന്ന് ഇതിന്റെ ഓഹരികളിൽ മുന്നേറ്റമുണ്ടായത്. രാവിലെ ഒരു ഘട്ടത്തിൽ, ഇർകോൺ ഇന്റർനാഷണൽ ഓഹരി 12% കുതിച്ചുയർന്ന് 150 രൂപ നിലവാരത്തിലേക്കും ആർവിഎൻഎൽ ഓഹരി 7% വർധനയോടെ 298 രൂപ നിലവാരം വരെയും മുന്നേറിയിരുന്നു.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com