രണ്ട് ദിവസം കൊണ്ട് 15 ശതമാനത്തോളം ഇടിഞ്ഞ് സൊമാറ്റോ ഓഹരി; കാരണമിതാണ്

ഏറെ പ്രതീക്ഷയോടെ ഓഹരിവിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റോ ഓഹരികളുടെ തിളക്കം മങ്ങുന്നു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള നിര്‍ബന്ധിത ലോക്ക്-ഇന്‍ കാലയളവ് തിങ്കളാഴ്ച അവസാനിച്ചതോടെ സൊമാറ്റോയുടെ ഓഹരികള്‍ കഴിഞ്ഞ രണ്ട് സെഷനുകളില്‍ ഏകദേശം 15 ശതമാനം ഇടിഞ്ഞതായാണ് ഓഹരി വിപണി വിദഗ്ധരുടെ റിപ്പോര്‍ട്ട്. വിറ്റഴിക്കലും ഓഹരിയില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.

ചൊവ്വാഴ്ച സൊമാറ്റോയുടെ ഓഹരികള്‍ 120.60 രൂപയിലെത്തി. വെള്ളിയാഴ്ച 141.2 രൂപയിലാണ് കൗണ്ടര്‍ വ്യാപാരം നടന്നത്. എന്നിരുന്നാലും, 11.15 ന് ഇത് 123.90 രൂപയായി തിരിച്ചുപിടിച്ചു. 124.65 പോയിന്റിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഭാവി സാധ്യതകളെ പരിഗണിച്ച് സൊമാറ്റോ ഓഹരികള്‍ മികച്ച വാല്വേഷന്‍ നിലനിര്‍ത്തുമെന്ന് ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.
സമീപകാല വിറ്റഴിക്കല്‍ ഓഹരിയുടെ മൂല്യം ഇടിയാന്‍ ഇടയാക്കി, സൊമാറ്റോയുടെ നിലവിലുള്ള വിപണി മൂലധനം 97,250 കോടി രൂപയാണ്. ലിസ്റ്റിംഗിന് ശേഷം വിപണി മൂല്യം ഉയര്‍ന്ന് ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു.
ഓഹരിവിപണിയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 70 ശതമാനം ഉയര്‍ന്നിരുന്ന സൊമാറ്റോ ഓഹരികള്‍ അടുത്ത 12 മാസത്തില്‍ ഇനിയും 68 ശതമാനത്തോളം ഉയര്‍ന്നേക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പ്രവചിച്ചിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it