ബൈജൂസ് അടുത്തവര്‍ഷം ഓഹരി വിപണിയിലെത്തുമോ? വട്ടമിട്ട് പറന്ന് ബാങ്കുകള്‍

അടുത്ത വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ തരംഗം സൃഷ്ടിച്ച് എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ ഐപിഒ എത്തുമോ? നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ് അടുത്തവര്‍ഷം ഐപിഒ നടപടികളിലേക്ക് കടന്നേക്കുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍. അതിന്റെ ഭാഗമായി പല ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളും കമ്പനിയുടെ മൂല്യനിര്‍ണയ പ്രക്രിയയും നടത്തുന്നതായാണ് സൂചന.

നിലവില്‍ ബൈജൂസിന്റെ മൂല്യം 16.5 ബില്യണ്‍ ഡോളറാണ്. എന്നാല്‍ അടുത്ത വര്‍ഷം ബൈജൂസ് ഐപിഒയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ കമ്പനിയുടെ മൂല്യം 40 ബില്യണ്‍ - 45 ബില്യണ്‍ ഡോളറാകാന്‍ ഇടയുണ്ടെന്ന് ബാങ്കുകള്‍ പ്രവചിക്കുന്നു. അതേസമയം മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനപ്രകാരം ഇത് 50 ബില്യണ്‍ ഡോളര്‍ വരെയാകാം. ഇത് സംഭവിച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ടോപ് 10 ലിസ്റ്റഡ് കമ്പനികളിലൊന്നായി ബൈജൂസ് മാറിയേക്കും.

രാജ്യത്തെ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ അടുത്തിടെ ലിസ്റ്റിംഗ് നടത്തിയിരുന്നു. പേടിഎം, പോളിസി ബസാര്‍, നൈക്ക, മോബിക്വിക്ക് എന്നിവയുടെയെല്ലാം ഐപിഒ ഉടന്‍ നടക്കാനിടയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ബൈജൂസും ഓഹരി വിപണിയിലേക്കെത്തുമെന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നത്.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്തിയേക്കുമെന്ന സൂചന മുമ്പ് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നല്‍കിയിരുന്നെങ്കിലും അതിനുള്ള കൃത്യമായ പദ്ധതിയൊന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളില്ല.

കോവിഡ് മഹാമാരിക്കാലത്ത് മാത്രം 1.5 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ച ബൈജൂസ് 2021 ല്‍ മാത്രം ഏഴ് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷമാദ്യം ബൈജു രവീന്ദ്രന്‍ തന്നെ പറഞ്ഞ കണക്കുകള്‍ പ്രകാരം ബൈജൂസിന് 80 ദശലക്ഷം ഉപയോക്താക്കളുണ്ട്. ഇതില്‍ 5.5 ദശലക്ഷം പെയ്ഡ് സബ്‌സക്രൈബേഴ്‌സാണ്. ഐപിഒ വാര്‍ത്തകളോട് ബൈജു രവീന്ദ്രന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് 'ടെക്ക്രഞ്ച്' റിപ്പോര്‍ട്ട് ചെയ്യുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it