ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കുമോ..? വസ്തുത അറിയാം

നവംബര്‍ 29ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കും. എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും നിരോധിച്ചേക്കും എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് പ്രമുഖ ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ്‌കോയിന്റെയും എഥെറിയത്തിന്റെയും ഉള്‍പ്പടെ വില കൂത്തനെ ഇടിഞ്ഞു. ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീറെക്‌സില്‍ ബിറ്റ്‌കോയിന്റെ വില 4,635,371ല്‍ നിന്ന് 3,350,000 ആയി ഇടിഞ്ഞിരുന്നു. ഇപ്പോള്‍( 12.27 പിഎം) 40,98,000 രൂപയാണ് വസീറെക്‌സില്‍ ഒരു ബിറ്റ്‌കോയിന്റെ വില.

അറിയേണ്ട കാര്യങ്ങള്‍
എല്ലാ സ്വകാര്യ ക്രിപ്‌റ്റോകളെയും ഇന്ത്യ നിരോധിച്ചേക്കും എന്നാണ് വിവരം. എന്നാല്‍ ക്രിപ്‌റ്റോയ്ക്ക് പിന്നിലുള്ള ടെക്‌നോളജിക്ക് പിന്തുണ നല്‍കാനായി ചില ഇളവുകള്‍ നല്‍കിയേക്കും. സ്വന്തം ഡിജിറ്റല്‍ കറന്‍സിക്ക് പ്രാധാന്യം നല്‍കാനായി ചൈന ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചിരുന്നു. അതേ പാതയില്‍ തന്നെയാണ് ഇന്ത്യയുടെയും നീക്കം. ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി അവതരിപ്പാക്കാനാണ് ആര്‍ബിഐയുടെ നീക്കം.
ക്രിപ്റ്റോ ഇടപാടുകള്‍ നീരീക്ഷിക്കാനും നികുതി ഏര്‍പ്പെടുത്താനുമുള്ള നീക്കങ്ങളാവും കേന്ദ്രം നടത്തുക എന്നാണ് വിലയിരുത്തല്‍. പണമായി അംഗീകരിക്കുന്നതിന് പകരം ആസ്ഥിയായി ക്രിപ്റ്റോയെ സര്‍ക്കാര്‍ കണക്കാക്കും എന്നാണ് കരുതുന്നത്. 2018ല്‍ ഇന്ത്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ചിരുന്നു. പിന്നീട് 2020 മാര്‍ച്ചില്‍ സുപ്രീംകോടതിയാണ് നിരോധനം നീക്കിയത്.
നിരോധനം സ്വകാര്യ ക്രിപ്‌റ്റോകള്‍ക്ക് മാത്രം
ഇടപാടുകളിലെ സുതാര്യത അനുസരിച്ച് ഇവയെ പൊതു ക്രിപ്‌റ്റോ കറന്‍സി(public cryptocurrency), സ്വകാര്യ ക്രിപ്‌റ്റോ കറന്‍സി( private cryptocurrency) എന്നിങ്ങനെ രണ്ടായി തിരിക്കാം . ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെയാണ് നിരോധിക്കുക.
ബിറ്റ്‌കോയിന്‍, ലൈറ്റ്‌കോയിന്‍, എഥെറിയം, റിപ്പിള്‍, ഷിബാ ഐന്‍യു, ഡോഷ്‌കോയിന്‍ തുടങ്ങിയവയൊക്കെ പൊതു ക്രിപ്‌റ്റോ കറന്‍സികളാണ്. ഈ കറന്‍സികളിലുള്ള ഇടപാടുകള്‍ ട്രാക്ക് ചെയ്യാവുന്നതാണ്. മൊണേറോ, പാര്‍ട്ടിക്കിള്‍, ഡാഷ്, സിക്യാഷ് തുടങ്ങിയവയൊക്കെ ആണ് സ്വകാര്യ ക്രിപ്‌റ്റോകള്‍. ഇവയിലെ ഇടപാടുകള്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കില്ല.
ഇപ്പോഴുണ്ടായ ഇടിവ്
നിലവില്‍ ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ഉണ്ടായ ഇടിവ് താല്‍ക്കാലികം മാത്രമാണെന്നാണ് വിലയിരുത്തല്‍. എന്താണ് സംഭവിക്കുക എന്ന ആശങ്കമൂലം ക്രിപ്‌റ്റോകള്‍ വിറ്റവരുണ്ട്. നിക്ഷേപം നടത്തുന്ന പലര്‍ക്കും പൊതു ക്രിപ്‌റ്റോ കറന്‍സി, സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളുടെ വ്യത്യാസം പോലും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ഇന്ന് 3,350,000 ആയി ഇടിഞ്ഞ ബിറ്റ്‌കോയിന്‍ പിന്നീട് 40,98,000ലേക്ക് ഉയര്‍ന്നത്. ഇപ്പോഴുള്ള വിലയിടിവ് മുതലാക്കി ക്രിപ്‌റ്റോകള്‍ വാങ്ങുന്നവരും ഉണ്ടെന്നതാണ് വസ്തുത. കുറയുന്തോറും വാങ്ങുക എന്നത് ക്രിപ്‌റ്റോ ലോകത്തെ ഒരു അലിഖിത നിയമമാണ്.
ഇനി ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ഒഴികെ ബാക്കിയെല്ലാം നിരോധിച്ചാലും ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെ മാത്രമാണ് ബാധിക്കുക. ഇന്ത്യയ്ക്ക് പുറത്തുള്ള എക്‌സ്‌ചേഞ്ചുകളിലൂടെ വ്യാപാരം നടത്താം. എഥെറിയം സൂക്ഷിക്കാന്‍ മെറ്റാമാസ്‌ക് എന്ന സാങ്കേതിക മാര്‍ഗം ആണ് പലരും ഉപയോഗിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് ഇവ മാറ്റിയെടുക്കാന്‍ മാത്രമാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ ഉപയോഗിക്കുക. ഇത്തരക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലെ എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കാം.


Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it