സെന്‍സെക്സ് എപ്പോള്‍ 1,00,000 കടക്കും?; ഇസ്രയേല്‍-ഇറാന്‍ യുദ്ധം ബാധിക്കുമോ?; കണക്കു കൂട്ടലുകള്‍ ഇങ്ങനെ

കഴിഞ്ഞ ദശകങ്ങളില്‍ ശരാശരി 15 ശതമാനത്തില്‍ കൂടിയ പ്രതിവര്‍ഷ ആദായം സെന്‍സെക്‌സ് നല്‍കിയിട്ടുണ്ട്
stock market
Stock marketcanva
Published on

സെന്‍സെക്സ് എന്നാണ് ഒരു ലക്ഷം തൊടുന്നത്? ചോദ്യത്തിന് പുതുമയൊന്നുമില്ലെങ്കിലും ഉത്തരം മാറിക്കൊണ്ടിരിക്കുന്നുണ്ട്. 2009ല്‍ യുഎസിലെ എലിയട്ട് വേവ് ഇന്റര്‍നാഷണലിലെ ഏഷ്യാ-പസഫിക് വിപണി പ്രവചന വിഭാഗത്തില്‍ ഉണ്ടായിരുന്ന മാര്‍ക്ക് ഗലാസിയേവ്‌സ്‌കി പറഞ്ഞത് ഏഴ് വര്‍ഷം കൊണ്ട് ഒരു ലക്ഷത്തില്‍ എത്താം എന്നാണ്. 2008ലെ ആഗോള മാന്ദ്യത്തെ തുടര്‍ന്ന് 21,000ത്തില്‍ നിന്ന് സെന്‍സെക്സ് 8000ത്തിലേക്ക് താഴുകയും പിന്നീട് 30 ശതമാനം കയറുകയും ചെയ്ത സമയത്താണ് ഈ പ്രവചനം വന്നത്. അന്ന് അധികമാരും അതിന് വലിയ പ്രാധാന്യം നല്‍കിയില്ല.

2017ല്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ റിധം ദേശായി പറഞ്ഞത് 2021-22 അവസാനം സെന്‍സെക്സിന് ഒരു ലക്ഷത്തില്‍ എത്താം എന്നാണ്. കഴിഞ്ഞ ജനുവരിയില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിച്ചത് വിലക്കയറ്റവും ക്രൂഡ് ഓയില്‍ വിലയും താഴ്ന്നുനിന്നാല്‍ 2025 ഡിസംബറില്‍ സെന്‍സെക്സിന് 1,05,000ത്തില്‍ എത്താന്‍ കഴിയുമെന്നായിരുന്നു. ഈ മെയ് മാസത്തില്‍ അവര്‍ പ്രവചനം അല്‍പ്പം ഭേദപ്പെടുത്തി. ക്രൂഡ് ഓയില്‍ 65 ഡോളറിന് താഴെ ആയിരിക്കുകയും ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുകയും ചെയ്താല്‍ അടുത്ത (2026) ജൂണില്‍ സെന്‍സെക്സിന് ഒരു ലക്ഷം കടക്കാം എന്നാക്കി.

വികസ്വര വിപണികളിലെ നിക്ഷേപ വിദഗ്ധനായ മാര്‍ക്ക് മോബിയസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പറഞ്ഞത് 2024 അവസാനം സെന്‍സെക്സിന് ഒരു ലക്ഷം കടക്കാം എന്നാണ്. അത് പറയുമ്പോള്‍ സെന്‍സെക്സ് 85,000ത്തിന് മുകളില്‍ എത്തിയ ഒരു ബുള്‍ തരംഗത്തിന്റെ ഉച്ച നിലയായിരുന്നു. സെപ്റ്റംബര്‍ 27ന് 85,978 വരെ കയറിയ സെന്‍സെക്സ് പിന്നീട് ഇടിഞ്ഞതും ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് 71,425ല്‍ എത്തിയതും ചരിത്രം.

അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇരട്ടി വളര്‍ച്ച

പ്രവചിച്ചവര്‍ക്ക് തെറ്റിയെന്ന് പറയാനല്ല ഇത് എഴുതുന്നത്. മറിച്ച് സെന്‍സെക്സ് ഒരു ലക്ഷത്തിലെത്തുന്നത് ഇന്ത്യന്‍ വിപണിയുടെ ഒരു വലിയ സ്വപ്നമാണ് എന്ന് കാണിക്കാനാണ്. നിക്ഷേപകരും നിക്ഷേപകരെ തേടുന്ന ബ്രോക്കറേജുകളും ഒക്കെ സെന്‍സെക്സ് @1,00,000 എന്ന സ്വപ്നം താലോലിക്കുന്നവരാണ്. കഴിഞ്ഞ ദശകങ്ങളില്‍ ശരാശരി 15 ശതമാനത്തില്‍ കൂടിയ പ്രതിവര്‍ഷ ആദായം സെന്‍സെക്സ് നല്‍കിയിട്ടുണ്ട്. അത്തരമൊരു വളര്‍ച്ചാ നിരക്കില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സെന്‍സെക്സിന് ഇരട്ടിക്കാനാകും എന്ന് ഏത് നിക്ഷേപകനും അറിയാം. കൂട്ടുപലിശ കണക്കാക്കുന്ന വിദ്യ പഠിച്ചാല്‍ മതി.

ഒരുകാര്യം തീര്‍ച്ച. സെന്‍സെക്സ് തീര്‍ച്ചയായും ഒരു ലക്ഷവും അതിനപ്പുറവും എത്തും. അത് എപ്പോള്‍ എന്ന് തീരുമാനിക്കുന്നത് വിപണിയല്ല, സമ്പദ്ഘടന ആണെന്ന് മാത്രം. ഇന്ത്യയുടെ സമ്പദ്ഘടന കുറേക്കൂടി വേഗം വളരട്ടെ. സെന്‍സെക്സ് ലക്ഷത്തിലേക്കുള്ള യാത്ര വേഗത്തിലാക്കും.

വളര്‍ച്ചയും താഴ്ചയും

സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് തടസം വരുമ്പോഴാണ് വിപണി തളരുന്നതും താഴുന്നതും. വളര്‍ച്ചയുടെ പോക്ക് സമ്പദ്ഘടനയുടെ വളര്‍ച്ച അളക്കുന്നതാണല്ലോ ജിഡിപി വളര്‍ച്ചയില്‍ കാണുന്നത്. സമീപ വര്‍ഷങ്ങളിലെ നമ്മുടെ ജിഡിപി വളര്‍ച്ച നോക്കുക:

കോവിഡിനെ തുടര്‍ന്ന് 2020-21ല്‍ 7.3 ശതമാനം ചുരുങ്ങിയ ജിഡിപി തുടര്‍ന്ന് മികച്ച വളര്‍ച്ചയിലേക്ക് കടന്നതാണ്. പക്ഷേ അതിന്റെ വേഗം കുറഞ്ഞു വരുന്നു. 2024-25ലെ വളര്‍ച്ചയുടെ താല്‍ക്കാലിക എസ്റ്റിമേറ്റ് കാണിക്കുന്നത് 6.5 ശതമാനം മാത്രം വളര്‍ച്ചയേ ഉണ്ടായുള്ളൂ എന്നാണ്. തലേ വര്‍ഷത്തേതില്‍ നിന്ന് വളര്‍ച്ചാ നിരക്കില്‍ വന്ന കുറവ് ചെറുതല്ല. 9.2 ശതമാനത്തില്‍ നിന്ന് 6.5ലേക്ക് താഴുമ്പോള്‍ വളര്‍ച്ചാ നിരക്കിലെ കുറവ് 29.3 ശതമാനമാണ്. വളര്‍ച്ചയുടെ വേഗം ഏകദേശം മൂന്നിലൊന്ന് കുറഞ്ഞു.

എപ്പോള്‍ തിരിച്ചുകയറും?

ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല. 2025-26ല്‍ വളര്‍ച്ച തിരിച്ചുകയറുമെന്ന് കരുതാന്‍ തക്ക കാര്യങ്ങള്‍ റിസര്‍വ് ബാങ്കോ സര്‍ക്കാരോ കണ്ടിട്ടില്ല. റിസര്‍വ് ബാങ്ക് ജൂണ്‍ ആറിലെ പണനയ അവലോകനത്തില്‍ കണക്കുകൂട്ടിയത് 2025-26ലെ ജിഡിപി വളര്‍ച്ച 6.5 ശതമാനത്തില്‍ ഒതുങ്ങും എന്നാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വളര്‍ച്ച കൂടുമെന്ന് ഒരുപാദം കഴിയാറായപ്പോഴും കണക്കാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയുന്നില്ല. മാത്രമല്ല, കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന സംഭവവികാസങ്ങള്‍ ഉണ്ടുതാനും.

കാലവര്‍ഷം അഥവാ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈവര്‍ഷം പതിവിലും കൂടുതല്‍ മഴ നല്‍കുമെന്നാണ് പ്രവചനം. പക്ഷേ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ മഴ 31 ശതമാനം കുറവാണ്. പതിവായി എത്തേണ്ട സ്ഥലങ്ങളിലേക്ക് എത്തിയിട്ടുമില്ല. ഒമ്പത് ആഴ്ച നീളുന്ന കാലവര്‍ഷത്തിന്റെ തുടക്കത്തിലെ രണ്ടാഴ്ച വച്ച് നിഗമനങ്ങളില്‍ എത്തുന്നതില്‍ കാര്യമില്ല.

എങ്കിലും അമിതപ്രതീക്ഷ പുലര്‍ത്തുന്നതില്‍ കാര്യമില്ല എന്ന് കരുതണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്ന തീരുവ നയത്തില്‍ ചില്ലറയല്ലാത്ത ഇളവുകള്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. അമേരിക്കയുമായി നേരത്തേ ചര്‍ച്ച തുടങ്ങിയതും അതിനാണ്. പക്ഷേ ചര്‍ച്ച എങ്ങുമെത്തിയില്ല. കരാര്‍ ഉണ്ടാക്കാത്തവര്‍ക്ക് താന്‍ പ്രഖ്യാപിക്കുന്ന നിരക്ക് ജൂലൈ ഒമ്പതിനു നടപ്പാക്കും എന്ന ഭീഷണി പിന്നീട് ട്രംപില്‍ നിന്ന് ഉണ്ടായി. അത് എത്ര വരും എന്നത് ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെ സാരമായി ബാധിക്കും.

ഇസ്രയേല്‍-ഇറാന്‍ യുദ്ധം

ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. നേരിട്ട് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങള്‍ ഇല്ലെങ്കിലും യുദ്ധം ഇന്ധന വില ഉയര്‍ത്തുകയോ ഇന്ധന ലഭ്യത തടസപ്പെടുത്തുകയോ ചെയ്യാം. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും പ്രകൃതിവാതകത്തിന്റെ 52 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വില വര്‍ധന വലിയ ആഘാതമാകും. സമീപകാലത്ത് ഇറാനുമായുള്ള വ്യാപാരഇടപാടുകള്‍ ഗണ്യമായി കുറഞ്ഞതു കൊണ്ട് ആ ഇനത്തില്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കാനില്ല. എങ്കിലും ഇന്ധന വില കുതിച്ചാല്‍ രൂപയുടെ വിലയിടിവ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരും. മൂന്ന് ശതമാനത്തിന് താഴെ വന്ന ചില്ലറ വിലക്കയറ്റം ആ സാഹചര്യത്തില്‍ തിരിച്ചുകയറാന്‍ മടിക്കില്ല. ക്രൂഡ് ഓയില്‍ വില വീപ്പയ്ക്ക് 10 ശതമാനം കൂടുമ്പോള്‍ ചില്ലറ വിലക്കയറ്റം 0.4 മുതല്‍ 0.6 വരെ ശതമാനം വര്‍ധിക്കും. ചില്ലറ വിലക്കയറ്റ സൂചികയില്‍ 4.4 ശതമാനമാണ് ക്രൂഡ് ഓയിലിന്റെ വെയിറ്റേജ്. ഒപ്പം രൂപ ഇടിഞ്ഞാല്‍ അതിന്റെ ഫലമായുള്ള വര്‍ധന കൂടി പ്രതീക്ഷിക്കാം.

പ്രതീക്ഷ കുറഞ്ഞാല്‍ 2025-26ല്‍ ഇന്ത്യന്‍ വളര്‍ച്ച 6.5 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് പറയുമ്പോള്‍ ഐഎംഎഫിനും ലോക ബാങ്കിനും ആ അഭിപ്രായമില്ല. ആ സ്ഥാപനങ്ങള്‍ 6.3 ശതമാനം വളര്‍ച്ചയേ കാണുന്നുള്ളൂ. സ്വകാര്യ സ്ഥാപനങ്ങള്‍ അതിലും കുറവാണ് പറയുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലി 6.2ഉം ഗോള്‍ഡ്മാന്‍ സാക്സ് 6.1ഉം നുവാമ 6.0ഉം ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. റേറ്റിംഗ് ഏജന്‍സികളായ എസ് ആന്‍ഡ് പിയും മൂഡീസും പ്രതീക്ഷ 6.3 ശതമാനമായി കുറച്ചു. 2024-25 അവസാന പാദത്തിലെ നിഫ്റ്റി 50 കമ്പനികളുടെ അറ്റാദായ വളര്‍ച്ച 3.7 ശതമാനം മാത്രമായിരുന്നു. മുഴുവര്‍ഷത്തില്‍ അറ്റാദായ വളര്‍ച്ച 6.4 ശതമാനം ഉണ്ടായി. ഈ കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ നിഫ്റ്റി സൂചിക 20.2 പിഇ അനുപാതത്തിലാണ് നീങ്ങിയത്. അഞ്ച് വര്‍ഷ ശരാശരി പിഇ അനുപാതം ആയ 21.7ലും ഗണ്യമായി കുറവുണ്ടായി.

6.5 ശതമാനം വളര്‍ന്ന വര്‍ഷം ഇതായിരുന്നു നിലയെങ്കില്‍ വളര്‍ച്ച അതിന് താഴെ വന്നാല്‍ പിഇ അനുപാതം കുറയുമെന്ന് കണക്കാക്കാന്‍ വലിയ വൈദഗ്ധ്യം ആവശ്യമില്ല. അതുകൊണ്ടാണ് ജിഡിപി വളര്‍ച്ച കുറഞ്ഞു നില്‍ക്കുന്നതില്‍ ആശങ്കവരുന്നത്. കമ്പനികളുടെ ബിസിനസ് കൂടുകയും ലാഭം വര്‍ധിക്കുകയും ചെയ്താല്‍ മാത്രമേ വിപണി സൂചികകള്‍ ഉയരൂ. അതിന് സാഹചര്യം ഒരുക്കുന്നത് ഉയര്‍ന്ന ജിഡിപി വളര്‍ച്ചയാണ്. അതുണ്ടായാല്‍ സെന്‍സെക്സിന് അടുത്ത 25 ശതമാനം കയറി 80,000ല്‍ നിന്ന് 1,00,000ത്തിലേക്ക് കുതിച്ചെത്താനാകും.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com