സ്വര്‍ണം രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സിന് 2000 ഡോളറിന് മുകളില്‍ വന്നിരുന്നു. ഇന്ന് അത് ഏകദേശം 1710 ഡോളറിലേക്ക് എത്തിയിരിക്കുകയാണ്. ഈ ഉയർച്ച താഴ്ചകൾക്ക് കാരണങ്ങൾ പലതാണ്. കോവിഡ് പ്രതിസന്ധിയില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ നല്‍കിയ സ്റ്റിമുലസ് പായ്‌ക്കേജുകളില്‍ ഒരു ഭാഗം സ്വര്‍ണത്തിലേക്കാണ് ഒഴുകി എത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി ഉയരത്തിലായിരുന്ന കാലഘട്ടത്തില്‍ സ്റ്റിമുലസ് പാക്കേജുകളിലെ സ്വര്‍ണത്തിലേക്കുള്ള ഒഴുക്കാണ് ബഹുശക്തമായ ഒരു റാലിയുണ്ടായത്. എന്നാല്‍ പിന്നീട് സ്റ്റിമുലസ് പാക്കേജുകള്‍ കുറഞ്ഞു, ലോകമെമ്പാടുമുള്ളവരിലേക്ക് വാക്‌സിന്‍ എത്തിത്തുടങ്ങിയപ്പോള്‍ സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. അമേരിക്കയില്‍ 38 ശതമാനം ജനങ്ങളും വാക്‌സിന്‍ എടുത്തു കഴിഞ്ഞു. ഇന്ത്യയുള്‍പ്പെടെ പല വികസിത രാജ്യങ്ങളിലും വാക്‌സിന്‍ വേഗത്തിലാക്കിയിട്ടുമുണ്ട്. ഇനി അത്തരത്തിലുള്ള ഒരു റാലി തിരികെ എത്താനും സാധ്യത കുറവാണ്.
'യൂണിവേഴ്‌സലി അക്‌സപ്റ്റഡ് കറന്‍സി'യായിട്ടാണ് സ്വര്‍ണത്തെ ആഗോള വിപണി കാണുന്നത്. ലോകത്തുള്ള മുഴുവന്‍ സ്വര്‍ണത്തിന്റെ 19 ശതമാനവും അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിലാണുള്ളത്. അത് പോലെയാണ് ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലും. എന്നാല്‍ ഇന്ത്യയിലും ചൈനയിലുമാണ് ആഭരണങ്ങളുടെ രൂപത്തില്‍ വാങ്ങി സൂക്ഷിക്കുന്ന അസറ്റ് ആയി സ്വര്‍ണത്തെ കാണുന്നത്.
സാധാരണ രീതിയില്‍ ഏകദേശം 6 -7 ആറു ശതമാനം മാത്രം റിട്ടേണ്‍ ആണ് ഒരു വര്‍ഷം സ്വര്‍ണനിക്ഷേപം നല്‍കുന്നത്. ഇന്ത്യയില്‍ 5-6 ശതമാനം പണപ്പെരുപ്പം ഉള്ളതിനാല്‍ തന്നെ ഇവിടെ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതുന്നു.
തിരികെ വില കയറുമോ?
കോവിഡ് നിരക്ക് ഉയരാതിരുന്നാല്‍ ഇത്തരത്തില്‍ തന്നെ വില മുന്നോട്ട് പോകാനാണ് സാധ്യത. വില വലിയൊരു തോതില്‍ കുറയാനോ കൂടാനോ ഇടയില്ലെന്നതാണ് നിലവിലെ സാഹചര്യങ്ങൾ മുന്നിൽ കണ്ടുള്ള വിലയിരുത്തല്‍. 50 ഡോളര്‍ കൂടി താഴെ പോയാലും വലിയൊരു താഴ്ച ഉണ്ടാകില്ല. ഏകദേശം 1400 ഡോളര്‍ നിരക്കിലേക്കോ മറ്റോ സ്വർണം താഴെ പോയാല്‍ അത് സ്വര്‍ണ ഉല്‍പ്പാദനത്തെയും ബാധിക്കും. കാരണം സ്വര്‍ണ ഉല്‍പ്പാദന ചെലവ് 1300 ഡോളറായിട്ടാണ് ആഗോള തലത്തില്‍ കണക്കാക്കുന്നത്. 1650 ഡോളറിന് താഴേക്ക് ആഗോള സ്വര്‍ണവില താഴില്ല എന്നതാണ് അതിനാല്‍ തന്നെ കണക്കാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ സ്റ്റിമുലസ് പാക്കേജുകളില്ലാത്തതിനാല്‍ തന്നെ വലിയൊരു തോതില്‍ തിരിച്ചു കയറാന്‍ സാധ്യത ഇല്ലെന്നാണ് കാണുന്നത്. എന്നിരുന്നാലും 1650 നും 1840 നും ഇടയില്‍ ആയിരിക്കും രാജ്യാന്തര വിപണിയിലെ നിരക്ക്. ഇന്ന് (ചൊവാഴ്ച്ച) സ്വര്‍ണം ഔണ്‍സിന് 1,704.90 ഡോളറാണ് വില.
നിക്ഷേപകര്‍ എന്ത് ചെയ്യണം?
സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമായ സമയം തന്നെയാണെങ്കിലും അസറ്റ്ക്ലാസ്സുകളില്‍ 10- 15 ശതമാനം വരെ മാത്രം സ്വര്‍ണത്തില്‍ നിക്ഷേപിക്കുക.
99.9% പരിശുദ്ധിയുള്ള ഗോള്‍ഡ് ബാറുകള്‍ ആയോ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബോണ്ടുകളായോ വാങ്ങി സൂക്ഷിക്കുക.
ബാങ്കുകളും വലിയ ജ്വല്ലറി വഴിയും വാങ്ങുമ്പോഴും പണിക്കൂലി മുടക്കി വാങ്ങാതെ സ്വര്‍ണക്കട്ടകളായോ മറ്റോ വാങ്ങുക.