എല്‍ഐസി ഓഹരി വില ഉയരുമോ കുറയുമോ? രാംകി പറയുന്നു

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐപിഒ (LIC Ipo) നടത്തിയാണ് എല്‍ഐസി ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം ഇടിവോടെ ലിസ്റ്റ് ചെയ്ത രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരികള്‍ ഇന്ന് (26052022, 11.00) 808.60 രൂപ എന്ന താഴ്ന്നനിലയിലാണ് വ്യാപാരം നടത്തുന്നത്. ഗ്രേയ് മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ ലിസ്റ്റിംഗ് ഇടിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന ആശങ്ക പല എല്‍ഐസി നിക്ഷേപകര്‍ക്കുമുണ്ട്. ഇവരോട് ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ സിഇഒയും എംഡിയുമായ രാംകി പറയുന്നത് എന്താണെന്ന് നോക്കാം.

നിലവില്‍ പി/ഇ അനുപാതത്തേക്കാള്‍ ഉയര്‍ന്ന മൂല്യത്തിലാണ് എല്‍ഐസിയുടെ ഓഹരികള്‍ വിപണിയില്‍ ട്രേഡ് ചെയ്യുന്നത്. മാത്രമല്ല, എംബഡഡ് വാല്യുവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മടങ്ങ് മാത്രമാണ് എല്‍ഐസിയുടെ മൂല്യം. വിപണിയില്‍ ലിസ്റ്റ് ചെയ്ത മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂല്യം എംബഡഡ് വാല്യുവിന്റെ 4 മടങ്ങാണെന്നിരിക്കെ, ഈ രണ്ട് കാര്യങ്ങള്‍വെച്ച് എല്‍ഐസിയുടെ ഓഹരികള്‍ ഉയരുമോ കുറയുമോ എന്ന് പറയാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.
''എന്നിരുന്നാലും നിലവിലെ വിപണി സാഹചര്യം അനുസരിച്ച് വലിയൊരു കയറ്റം ഓഹരി വിലയിലുണ്ടാവില്ല. പരമാവധി 100 രൂപയോളം മാത്രമേ ഓഹരിവില വര്‍ധിക്കാന്‍ സാധ്യതയുള്ളൂ'' രാംകി ധനത്തോട് പറഞ്ഞു.
ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമോ?
നിക്ഷേപത്തിന്റെ ദീര്‍ഘകാല സാധ്യതകള്‍ എടുത്താലും നിരവധി പ്രതികൂല ഘടകങ്ങളുണ്ടെന്നാണ് രാംകി പറയുന്നത്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ, ഓഹരി വിറ്റഴിക്കല്‍ ചട്ടങ്ങള്‍, ഇന്‍ഷുറന്‍സ് വിപണന രംഗത്തെ മത്സരം ഇതെല്ലാം എല്‍ഐസിയുടെ ഓഹരിവിലയില്‍ പ്രതിഫലിച്ചേക്കുമെന്നും രാംകി പറഞ്ഞു.


Related Articles
Next Story
Videos
Share it