ബി.എസ്.ഇ ഓഹരി നൽകിയ നേട്ടം എൻ.എസ്.ഇ ഐ.പി.ഒയിൽ ആവർത്തിക്കില്ലേ? F&O വിപണിയിലെ കുത്തക ശാപമാകുമോ?

എൻ.എസ്.ഇയുടെ ഏറ്റവും വലിയ പോസിറ്റീവ് ഘടകമായ വിപണിയിലെ കുത്തക ആധിപത്യം തന്നെയാണ് അതിന്റെ ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളിയും
NSE IPO V/s BSE Share Returns Analysis
Canva
Published on

ഏതൊരു ബിസിനസ് രം​ഗത്തും 90 ശതമാനത്തിലേറെയുള്ള വിപണി വിഹിതം എന്നത് നിക്ഷേപകർ കമ്പനിയെ കുറിച്ച് ആഗ്രഹിക്കുന്ന നേട്ടങ്ങളിലൊന്നാണ്. പക്ഷേ പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്കൊരുങ്ങുന്ന (ഐ.പി.ഒ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ) കാര്യത്തിൽ ഇന്ത്യയിലെ ഇക്വിറ്റി ഡെറിവേറ്റീവ്സ് (ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ്), ഇക്വിറ്റി സ്പോട്ട് മാർക്കറ്റ് (ക്യാഷ് മാർക്കറ്റ്) വിഭാ​ഗങ്ങളിൽ പുലർത്തുന്ന കുത്തക ആധിപത്യം, ഭാവിയിൽ നിക്ഷേപകർക്ക് നേട്ടത്തേക്കാൾ ഉപരിയായി വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയേക്കാം.

ഈയൊരു സാഹചര്യത്തിൽ ബോംബെ ​സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ) ഐ.പി.ഒ കാഴ്ചവെച്ചതു പോലെയുള്ള വമ്പൻ നേട്ടം വരാനിരിക്കുന്ന എൻ.എസ്.ഇ ഐ.പി.ഒയിൽ ആവർത്തിക്കാൻ സാധ്യതയില്ലെന്ന് മാർക്കറ്റ് അനലി​സ്റ്റുകളിലെ ഒരുവിഭാ​ഗം വിലയിരുത്തുന്നു. ഇക്വിറ്റി ഡെറിവേറ്റീവ്സ്, ക്യാഷ് മാർക്കറ്റ് വിഭാ​ഗങ്ങളിൽ എൻ.എസ്.ഇ നിലനിർത്തുന്ന കുത്തക ആധിപത്യം, വരാനിരിക്കുന്ന ഐപിഒ മൂല്യനിർണയത്തെ (വാല്യൂവേഷൻ) എങ്ങനെ ബാധിക്കാമെന്നും നിക്ഷേപകർ ഭാവിയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ എന്തൊക്കെയെന്നും വിശദമായി നോക്കാം.

കുത്തകയും നിയന്ത്രണങ്ങളും

നിലവിൽ ക്യാഷ് മാർക്കറ്റിൽ 93 ശതമാനവും, ഇക്വിറ്റി ഫ്യൂച്ചേഴ്‌സിൽ 99.79 ശതമാനവും, കറൻസി ഡെറിവേറ്റീവുകളിൽ ഏതാണ്ട് 100 ശതമാനവും വിപണി വിഹിതമുള്ള എൻ.എസ്.ഇയുടെ മേൽക്കോയ്മ, ​ഭാവിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ധനകാര്യ നിയന്ത്രണങ്ങളിൽ വലിയ തോതിലുള്ള തിരിച്ചടികൾക്ക് വഴിതെളിച്ചേക്കാം. ഇത്രയും ഉയർന്ന വിപണി വിഹിതം മത്സരാധിഷ്ഠിത നേട്ടമല്ല, മറിച്ച് നിയന്ത്രണ ഏജൻസികളെ ആകർഷിക്കുന്ന ഒരു 'റെഡ് ഫ്ലാഗ്' ആണ്. രാജ്യത്തിന്റെ സുപ്രധാനമായ ധനകാര്യ അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമെന്ന നിലയിൽ, എൻ.എസ്.ഇയുടെ പ്രവർത്തനങ്ങൾ സെബി (SEBI) പോലുള്ള റെഗുലേറ്റർമാരുടെ കർശന നിരീക്ഷണത്തിലാണുള്ളത്. മുൻകാലങ്ങളിൽ ഉണ്ടായ കോ-ലൊക്കേഷൻ വിവാദങ്ങൾ ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്.

സെബിയുടെ ഇടപെടലും വരുമാന ഭീഷണിയും

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി 2025 ജൂലൈയിൽ പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, 2024-25 സാമ്പത്തിക വർഷം വ്യക്തി​ഗത റീട്ടെയിൽ നിക്ഷേപകർക്ക് എഫ് ആൻഡ് ഒ ട്രേഡിംഗിലൂടെ 1,05,603 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. തുടർന്ന് സെബി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെയും നിയമ പരിഷ്കാരങ്ങളുടെയും ഭാ​ഗമായി 2025-26 സാമ്പത്തിക വർഷത്തിനിടെ എഫ് ആൻഡ് ഒ ട്രേഡർമാരുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഇത് എഫ് ആൻഡ് ഒ വിഭാഗത്തിൽ നിന്ന് ഭൂരിഭാഗം വരുമാനവും കണ്ടെത്തുന്ന എൻ.എസ്.ഇയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയേറ്റുന്ന ഘടകമാണ്. ഇനിയും മാർജിൻ ആവശ്യകതകൾ വർധിപ്പിക്കുകയോ എഫ് ആൻഡ് ഒ നിയന്ത്രണങ്ങൾ കർശനമാക്കുകയോ ചെയ്താൽ വിപണി പങ്കാളിത്തം ഇടിയുകയും അത് കമ്പനിയുടെ വരുമാനത്തെ നേരിട്ട് ബാധിക്കുകയും ചെയ്യാം.

ലിസ്റ്റിംഗിന് ശേഷമുള്ള വെല്ലുവിളികൾ

ലിസ്റ്റിംഗ് വഴി എൻ.എസ്.ഇ പൊതുവിപണിയിലേക്ക് കടക്കുമ്പോൾ, കമ്പനികാര്യ ഭരണം (Governance) സംബന്ധിച്ച മാനദണ്ഡങ്ങളിൽ കമ്പനി കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിബന്ധനകൾ പാലിക്കുന്നതിൽ വരുത്തുന്ന ചെറിയ വീഴ്ചകൾ പോലും ഔ​ദ്യോ​ഗിക ഏജൻസികളുടെ ഭാ​ഗത്തുനിന്നും കടുത്ത നിയന്ത്രണ നടപടികൾ നേരിടാനും അതുവഴി പ്രതിച്ഛായയ്ക്ക് കളങ്കമേൽക്കാനും വഴിതെളിക്കാം. റൂൾ-സെറ്റർ, റൂൾ-ഫോളോവർ എന്നീ രണ്ട് ചുമതലകളിലും ഒരേസമയം തുടരാൻ എൻ.എസ്.ഇയ്ക്ക് വലിയ തോതിലുള്ള സമ്മർദ്ദം നേരിടേണ്ടി വരും.

നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

ഒരു വിപണിയിൽ 99 ശതമാനം വിഹിതം കൈവശമുള്ള കമ്പനിയെ സംബന്ധിച്ചിടത്തോളം വളർച്ചാ സാധ്യതകൾ പരിമിതമാണ്. പുതിയ വിപണികൾ കണ്ടെത്തുന്നതിന് നിയന്ത്രണങ്ങൾ തടസ്സവുമാണ്. അതിനാൽ ലിസ്റ്റിംഗിന് ശേഷമുള്ള എഫ് ആൻഡ് ഒ നിയമങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ; റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസിലെ വിവരങ്ങളിൽ നിന്നും ഭരണപരമായ സുതാര്യത മനസ്സിലാക്കുക; നിലവിലെ ഓഹരി മൂല്യനിർണയം (പ്രൈസ് ബാൻഡ് പ്രഖ്യാപിക്കുമ്പോൾ) ഈ റിസ്ക് ഘടകങ്ങളെ കണക്കിലെടുക്കുന്നുണ്ടോ എന്ന് വിലയിരുത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ നിക്ഷേപകർ ഐ.പി.ഒയിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഘടകങ്ങളാണ്.

ചുരുക്കത്തിൽ, എൻ.എസ്.ഇയുടെ ഏറ്റവും വലിയ പോസിറ്റീവ് ഘടകമായ വിപണിയിലെ കുത്തക ആധിപത്യം തന്നെയാണ് അതിന്റെ ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളിയും. വളർച്ചാ നിരക്കിനേക്കാൾ ഉപരിയായി, ഡെറിവേറ്റീവ്സ് വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ സ്ഥിരതയും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളും ഒക്കെ ആയിരിക്കും എൻ.എസ്.ഇയുടെ ഭാവി പ്രകടനത്തെ നിർണയിക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com