അടിപതറി പൊതുമേഖല ഓഹരികള്‍; വില്‍പ്പന സമ്മര്‍ദ്ദം ഒഴിയുന്നില്ല, വാങ്ങാന്‍ സമയമായോ?

എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച കുതിച്ചുയര്‍ന്ന പൊതുമേഖല ഓഹരികള്‍ ഇന്നലെ മലക്കം മറിഞ്ഞ കാഴ്ചയാണ് വിപണി കണ്ടത്. ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രതീക്ഷിച്ച് തലയയുര്‍ത്തി നിന്ന പൊതുമേഖല ഓഹരികള്‍ തിരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥചിത്രങ്ങള്‍ വെളിവായതോടെ വന്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലേക്ക് വീഴുകയായിരുന്നു. പൊതുമേഖലാ ബാങ്ക് സൂചിക (ബി.എസ്.ഇ പി.എസ്.യു) ഇന്നലെ 16 ശതമാനമാണ് ഇടിഞ്ഞത്. ആര്‍.ഇ.സി, പി.എഫ്.സി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നിവ 25.19 ശതമാനത്തോളം ഇടിഞ്ഞു. ഒറ്റ ദിവസം ഈ ഓഹരികള്‍ നേരിട്ട ഏറ്റവും വലിയ നഷ്ടമാണിത്. ഇന്നലെ സൂചികയിലെ 52 ഓഹരികളും 10 മുതല്‍ 20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

ഇന്നും സ്ഥിതി വ്യത്യസ്തമല്ല. ആര്‍.ഇ.സി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവ നാല് ശതമാനത്തോളം ഇടിവിലാണ്. തുടക്കത്തില്‍ ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വില്‍പ്പന സമ്മര്‍ദ്ദം താങ്ങാനാകാതെ താഴേക്ക് പതിക്കുകയായിരുന്നു. തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും അങ്ങേയറ്റം ചാഞ്ചാട്ടത്തിലാണ് ഈ ഓഹരികള്‍. ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് 8.59 ശതമാനം ഇടിഞ്ഞിരുന്നു. ഗാര്‍ഡന്‍ റീച്ച്, കൊച്ചിന്‍ ഷിപ്പ്‌യാഡ്, ഭാരത് ഡൈനാമിക്‌സ് എന്നിവ 10 ശതമാനത്തിലധികം താഴെയാണ്.

എന്‍.ബി.സി.സി, ഹഡ്‌കോ, ഇന്ത്യന്‍ ബാങ്ക്, ഐ.ആര്‍.സി.ടി.സി, ഇര്‍കോണ്‍, ആര്‍.വി.എന്‍.എല്‍ എന്നിവയും വലിയ ഇടിവ് നേരിടുന്നുണ്ട്. എന്‍.ടി.പി.സി. കോണ്‍കോര്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ജി.ഐ.സി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എന്‍.എം.ഡി.സി, പവര്‍ഗ്രിഡ് എന്നിവയും ഇടിഞ്ഞാണ് തുടരുന്നത്.

ആശങ്ക ഒഴിയുന്നില്ല

മേയ്ക്ക് ഇന്‍ ഇന്ത്യ കാംപെയിനും ഉയര്‍ന്ന മൂലധന സാമഗ്രികൾക്കായുള്ള ചെലവിടലും ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താന്‍ നല്‍കുന്ന ഊന്നലുമെല്ലാം പൊതുമേഖല, ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലകള്‍ക്ക് അടുത്ത കാലത്ത് മികച്ച വളര്‍ച്ച നേടാന്‍ സഹായകമായിരുന്നു. എന്നാല്‍ ഇപ്പോഴത്ത രാഷ്ട്രിയ അനിശ്ചിതത്വം നിക്ഷേപകരെ ബാധിച്ചിട്ടുണ്ട്. ഇത് ഓഹരി വിറ്റൊഴിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനാകാതെ വരുന്നതോടെ സ്വതന്ത്രമായി നയരൂപീകരണം സാധ്യമാകാതെ വരും. ഇതിനു മുമ്പ് രണ്ട് തവണയും ഉണ്ടാകാത്ത ഒരു പ്രതിസന്ധിയാണിത്. പ്രധാനമന്ത്രിയായി ഇത്തവണയും നരേന്ദ്ര മോദി വന്നാലും രാഷ്ട്രിയമായ പല വിട്ടുവീഴ്ചകള്‍ക്കും വഴങ്ങേണ്ടി വരുമെന്ന് വിപണി കരുതുന്നു. തെലുങ്ക് ദേശം, ജനതാദള്‍ തുടങ്ങിയവയുമായി സഖ്യം ചേരുന്നത് ആദ്യമായാണ്. നയങ്ങളില്‍ വലിയ വിട്ടുവീഴ്ച വേണ്ടി വന്നേക്കാം. മാത്രമല്ല സമ്പദ് വ്യവസ്ഥയിലെ ഉപഭോഗം ഉത്തേജിപ്പിക്കുന്നതിന് ബി.ജെ.പിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും കൂടുതല്‍ ഡിമാന്‍ഡഡ് ഉണ്ടാകും. ബി.ജെ.പിയുടെ നിലവിലെ സഖ്യകക്ഷികളില്‍ ചിലര്‍ കൂറുമാറിയാല്‍ പ്രതിപക്ഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയും വിപണി കാണുന്നുണ്ട്.

ഹ്രസ്വകാലത്തേക്ക് ചാഞ്ചാട്ടം

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലെ നിക്ഷേപത്തിലൊരു നഷ്ട സാധ്യത വിലയിരുത്തുന്ന ബ്രോക്കറേജുകള്‍ ഹ്രസ്വകാലത്തില്‍ ഈ പൊതുമേഖല ഓഹരികളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഉപദേശിക്കുന്നത്. അതേസമയം ഉപഭോഗം കൂടാനിടയുള്ളതിനാല്‍ എഫ്.എം.സി.ജി, റീറ്റെയ്ല്‍ മേഖലകളില്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മേഖലയ്ക്കും അനുകൂല കാലാവസ്ഥയായിരിക്കുമെന്ന് കണക്കാക്കുന്നു. എന്നാല്‍ മോദി അധികാരത്തിലെത്തിയ ശേഷം, ഈ ഓഹരികളിൽ മിക്കതും തിരിച്ചുവരുമെന്നാണ് പ്രതീക്ഷകൾ. തുടങ്ങിവച്ച പലകാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത് അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള പൊതുമേഖലകളിലെ കമ്പനികൾക്ക് ഗുണമാകും.

Related Articles
Next Story
Videos
Share it