
2024 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ തിരുത്തല്‍ രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപിക്കാനുള്ള അവസരമാണ് ഒരുക്കിയതെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. നിലവിലെ സാമ്പത്തിക അവസ്ഥകള്‍ തുടര്‍ന്നാല്‍ 2025 ജൂണ്‍ ആകുമ്പോള്‍ എട്ട് ശതമാനം ഉയര്‍ച്ചയാണ് സെന്‍സെക്‌സില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നത്. അതായത് സെന്‍സെക്‌സ് 89,000 പോയിന്റിലെത്തും. സെന്‍സെക്‌സ് ഈ നിലവാരത്തിലെത്താന്‍ 50 ശതമാനം സാധ്യതയും മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കുന്നു.
ഇന്ത്യയുടെ തുടരുന്ന വളര്‍ച്ച, കോര്‍പ്പറേറ്റ് വരുമാനത്തിലെ സ്ഥിരത, അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, കുറഞ്ഞ പണപ്പെരുപ്പവും പലിശ കുറയ്ക്കലുമൊക്കെയാണ് അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം മറ്റു ചില സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് രണ്ട് ലക്ഷ്യങ്ങള്‍ കൂടി മുന്നോട്ടു വെയ്ക്കുന്നുണ്ട് മോര്‍ഗന്‍ സ്റ്റാന്‍ലി.
ഇനി അങ്ങോട്ട് ബുള്‍ ട്രെന്‍ഡാണ് വിപണി കാഴ്ചവയ്ക്കുന്നതെങ്കില്‍ അടുത്ത ജൂണില്‍ സെന്‍സെക്‌സ് ഒരു ലക്ഷം പോയിന്റിലെത്തുമെത്തുമെന്നതാണ് മറ്റൊരു സാഹചര്യം. അഞ്ച് നിര്‍ണായക ഘടകങ്ങളാണ് ഇതിനെ സ്വാധീനിക്കുക.
1. ക്രൂഡ് ഓയില്‍ വില 65 ഡോളറില്‍ താഴെ തുടരണം: ഇന്ധന വില കുറഞ്ഞിരുന്നാല്‍ വ്യാപാര കമ്മി കുറയാനും ഉപയോക്താക്കളുടെ ചെലവ് വര്‍ധിക്കാനും ഇടയാക്കും.
2. ജി.എസ്.ടി നിരക്കില്‍ കുറവ്: നികുതിയില്‍ കുറവുണ്ടാകുന്നത് ഉപഭോഗം മെച്ചപ്പെടുത്തുകയും വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ലാഭം നല്‍കുകയും ചെയ്യും.
3. കാര്‍ഷിക നിയമങ്ങളിലെ മാറ്റം: കാര്‍ഷിക മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുകയും നൂതനത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
4.കമ്പനികളുടെ ലാഭം 19 ശതമാനം വാര്‍ഷിക വളര്‍ച്ച നേടണം: കമ്പനികളുടെ ലാഭം സ്ഥിരമായി ഉയര്‍ന്നാല്‍ ഓഹരിയുടെ മൂല്യത്തിലും വളര്‍ച്ചയുണ്ടാകും.
5. ആഗോള വ്യാപാര യുദ്ധത്തില്‍ ആശ്വാസം: അന്താരാഷ്ട്ര വ്യാപാര പ്രതിസന്ധികള്‍ കുറഞ്ഞാല്‍ അത് ഇന്ത്യന്‍ കയറ്റുമതിക്കും സാമ്പത്തികമായ സ്ഥിരതയ്ക്കും ഗുണകരമാകും.
ഇനി മറ്റൊരു സാഹചര്യം വിപണി കരടിപ്പിടിയില്‍ അകപ്പെടുന്നതാണ്. അങ്ങനെ വന്നാല്‍ അടുത്ത ജൂണില്‍ സെന്‍സെക്‌സ് 70,000 പോയിന്റിലേക്ക് താഴുമെന്നാണ് പ്രവചനം. ഇതിന് 20 ശതമാനം സാധ്യതയാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.
ക്രൂഡ് ഓയില്‍ വില 100 ഡോളറിനു മുകളിലെത്തിയാല്‍ റിസര്‍വ് ബാങ്ക് മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനായി കര്‍ശനമായ പണനയങ്ങള്‍ കൈക്കൊള്ളാം. ഇത് വിപണിയിലും ബാധിക്കും. ഇതിനൊപ്പം യു.എസിലെ മാന്ദ്യം ഉള്‍പ്പെടെയുള്ള ആഗോള അസ്ഥിരതകളും പ്രശ്‌നമായാലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് വിപണി പോവുക.
ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്ന ധനകാര്യ മേഖല, കാറുകള്‍, ലക്ഷ്വറി ഗുഡ്‌സ് എന്നിവ ഉള്‍പ്പെടുന്ന കണ്‍സ്യൂമര്‍ ഉത്പന്ന മേഖല, കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, മാനുഫാക്ചറിംഗ് എന്നിവ അടക്കമുള്ള ഇന്‍ഡസ്ട്രിയല്‍ മേഖല എന്നിവയാണ് ഇന്ത്യന്‍ വളര്‍ച്ചയ്‌ക്കൊപ്പം ഉയരാന്‍ സാധ്യതയുള്ള മേഖലകളായി മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നത്.
Morgan Stanley outlines three potential Sensex targets by June 2026, ranging from 70,000 to 1 lakh based on economic conditions.
Read DhanamOnline in English
Subscribe to Dhanam Magazine