വിപ്രോയുടെ വമ്പന്‍ ബൈബാക്ക്: ഓഹരി ഉടമകള്‍ക്ക് മികച്ച അവസരമോ? ചെറുകിട നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

'റെക്കോഡ് തീയതി'യില്‍ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് മാത്രമേ ബൈബാക്കില്‍ പങ്കെടുക്കാന്‍ സാധിക്കൂ
Wipro
Image : Canva and Wipro
Published on

ഐടി ഭീമനായ വിപ്രോ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരിച്ചെടുക്കല്‍ (Buyback) നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഓരോ ഓഹരിക്കും 250 രൂപ നിരക്കില്‍ 15,000 കോടി രൂപയുടെ ബൈബാക്കാണ് വിപ്രോ നടത്തുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ ബൈബാക്കില്‍ പങ്കുചേരുന്നതിനായി കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് വിപ്രോ ഇത്തരമൊരു ഓഹരി തിരിച്ചെടുക്കല്‍ പ്രഖ്യാപനം നടത്തുന്നത്.

നിര്‍ദ്ദിഷ്ട ബൈബാക്കില്‍ പങ്കുചേരാനുള്ള താല്പര്യം പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പുകളും അറിയിച്ചിട്ടുണ്ടെന്ന് വിപ്രോ വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി ഉടമകളുടെ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി, ആക്‌സപ്റ്റന്‍സ് (acceptance), എന്‍ടൈറ്റില്‍മെന്റ് റേഷ്യോ (entitlement ratio) തുടങ്ങിയ മറ്റ് വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

നിക്ഷേപകര്‍ക്ക് ഗുണമാകുമോ?

ഈ ബൈബാക്ക് പദ്ധതി ചെറുകിട നിക്ഷേപകര്‍ക്ക് എങ്ങനെയൊക്കെ ഗുണകരമാകുമെന്ന് പരിശോധിക്കാം.

സാധാരണയായി ഐടി ഓഹരികളില്‍ വലിയ ചലനങ്ങള്‍ ഇല്ലാത്ത സമയത്ത്, വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് ഓഹരികള്‍ കമ്പനി തന്നെ തിരിച്ചുവാങ്ങുന്നത് നിക്ഷേപകര്‍ക്ക് ലാഭം ഉറപ്പാക്കാനുള്ള മികച്ച അവസരമാണ്.

നിലവില്‍ 205-210 രൂപ നിലവാരത്തില്‍ വ്യാപാരം നടത്തുന്ന വിപ്രോ ഓഹരികള്‍ 250 രൂപയ്ക്കാണ് കമ്പനി വാങ്ങുന്നത്. അതായത്, എന്‍എസ്ഇയില്‍ ഓഹരിയുടെ മുന്‍ ദിവസത്തെ ക്ലോസിംഗ് വിലയായ 199.36 രൂപയേക്കാള്‍ 25 ശതമാനത്തിലധികം പ്രീമിയത്തിലാണ് ബൈബാക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് നിക്ഷേപകര്‍ക്ക് പെട്ടെന്നുള്ള ലാഭം (Short-term gains) നല്‍കുന്നു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, ചെറുകിട നിക്ഷേപകര്‍ക്ക് ഈ ബൈബാക്കിലൂടെ മികച്ച ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായ ഒരു എക്‌സിറ്റ് ഓപ്ഷനാണിതെന്ന് വിദഗ്ധര്‍ വലിയിരുത്തുന്നു. ചെറുകിട നിക്ഷേപകര്‍ക്കായി (2 ലക്ഷം രൂപയില്‍ താഴെ ഓഹരിയുള്ളവര്‍) പ്രത്യേക ക്വോട്ട ഉള്ളതിനാല്‍, ഓഹരികള്‍ സ്വീകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ബ്രോക്കറേജുകളുടെ നിരീക്ഷണം

വിപ്രോയുടെ മുന്‍കാല ബൈബാക്ക് ട്രെന്‍ഡുകളും, താരതമ്യേന കുറഞ്ഞ റീറ്റെയ്ല്‍ ഓഹരി പങ്കാളിത്തവും പരിഗണിച്ച് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് (HDFC Securities) രണ്ട് നിക്ഷേപ സാധ്യതകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതില്‍ യാഥാസ്ഥിതികമായ കണക്കുകൂട്ടല്‍ പ്രകാരം, മുന്‍പത്തെക്കാള്‍ കുറഞ്ഞ ആക്‌സപ്റ്റന്‍സ് റേഷ്യോ (ഏകദേശം 45-50%) ആണ് കണക്കാക്കുന്നത്. 'ചെറുകിട നിക്ഷേപകര്‍ക്ക് 2 മുതല്‍ 3 മാസത്തിനുള്ളില്‍ ഏകദേശം 8-9 ശതമാനം ആദായം (net return) നേടാന്‍ സാധിക്കുന്ന മികച്ചൊരു ഹ്രസ്വകാല അവസരമാണിതെന്നാണ് ബ്രോക്കറേജ് കണക്കുകൂട്ടുന്നത്.

അഗ്രസീവ് ആയ കണക്കുകൂട്ടല്‍ പ്രകാരം, ഇത്തവണ 70-80% വരെ ഉയര്‍ന്ന റീട്ടെയില്‍ ആക്സപ്റ്റന്‍സ് റേഷ്യോയ്ക്ക് (retail acceptance ratio) ശക്തമായ സാധ്യതയുണ്ടെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വിലയിരുത്തുന്നു (2023ല്‍ ഇത് 78 ശതമാനമായിരുന്നു). ഇത് വഴി 2 മുതല്‍ 3 മാസത്തെ കാലയളവിനുള്ളില്‍ 13-14 ശതമാനം വരെ ആദായം (net return) നേടാന്‍ ചെറുകിട നിക്ഷേപകര്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ഹ്രസ്വകാല അവസരങ്ങള്‍ തേടുന്ന ചെറുകിട നിക്ഷേപകര്‍ക്ക് വിപ്രോയുടെ ഓഹരികള്‍ വാങ്ങാമെന്ന് മോത്തിലാല്‍ ഓസ്വാള്‍ വെല്‍ത്ത് മാനേജ്മെന്റ് (Motilal Oswal Wealth Management) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 'വിപ്രോയുടെ കഴിഞ്ഞ രണ്ട് ബൈബാക്കുകളും നിലവിലെ കുറഞ്ഞ റീറ്റെയ്ല്‍ ഓഹരി പങ്കാളിത്തവും കണക്കിലെടുക്കുമ്പോള്‍, ആക്സപ്റ്റന്‍സ് റേഷ്യോ 50-60% വരെ ഉയര്‍ന്നു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇത് വഴി 2-3 മാസത്തിനുള്ളില്‍ ഏകദേശം 11-13% വരെ ആദായം (നികുതിക്ക് മുന്‍പുള്ള കണക്ക്) ലഭിച്ചേക്കാമെന്നും മോത്തിലാല്‍ ഒസ്വാള്‍ വെല്‍ത്ത് മാനേജ്‌മെന്റ് സൂചിപ്പിക്കുന്നു.

ബൈബാക്കിനായുള്ള 'റെക്കോര്‍ഡ് ഡേറ്റ്' കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ തീയതിയില്‍ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് മാത്രമേ ബൈബാക്കില്‍ പങ്കെടുക്കാന്‍ സാധിക്കൂ. പ്രൊമോട്ടര്‍മാരും ഈ ബൈബാക്കില്‍ പങ്കെടുക്കുന്നു എന്നതുകൊണ്ട് തന്നെ വിപണിയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.

(Disclaimer:- പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com