വില ഒന്നിന് ₹445 രൂപ; ₹12,000 കോടിയുടെ ഓഹരികള്‍ തിരികെവാങ്ങാന്‍ വിപ്രോ

പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ 12,000 കോടി രൂപയുടെ ഓഹരികള്‍ തിരികെവാങ്ങാന്‍ (ബൈബാക്ക്/buyback) തീരുമാനിച്ചു. ഓഹരി ഒന്നിന് 445 രൂപ നിരക്കില്‍ ബൈബാക്കിനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ കമ്പനി പറഞ്ഞു.

26.96 കോടി ഓഹരികളാണ് നിക്ഷേപകരില്‍ നിന്ന് കമ്പനി തിരികെ വാങ്ങുക. ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 4.91 ശതമാനമാണ്. ജൂണ്‍ 16 ആയിരിക്കും ബൈബാക്കില്‍ പങ്കെടുക്കാന്‍ അര്‍ഹരായ ഓഹരി ഉടമകളെ നിര്‍ണയിക്കുന്ന റെക്കോഡ് തീയതിയെന്നും (Record Date) കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചാമത്തെ ബൈബാക്ക്
ബംഗളൂരു ആസ്ഥാനമായുള്ള വിപ്രോയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ബൈബാക്ക് ആണിത്. നിലവില്‍ കമ്പനിയുടെ ഓഹരിവില 396-400 രൂപ നിരക്കിലാണുള്ളത്. ഇതിനേക്കാള്‍ 10 ശതമാനത്തോളം അധികമാണ് ഇപ്പോഴത്തെ ബൈബക്കില്‍ വാഗ്ദാനം ചെയ്യുന്ന 445 രൂപ.
വിപ്രോ 2016ലും 2017ലും 11,000 കോടി രൂപയുടെ വീതം ബൈബാക്ക് നടത്തിയിരുന്നു. 2019ല്‍ 10,500 കോടി രൂപയുടെയും 2020ല്‍ 9,500 കോടി രൂപയുടെയും ഓഹരികള്‍ തിരികെവാങ്ങി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ വിപ്രോ നേടിയ ലാഭം (Net Profit) 3,074.5 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 3,087.3 കോടി രൂപയായിരുന്നു. നിലവില്‍ 1.93 ശതമാനം നഷ്ടത്തോടെ 396.50 രൂപയിലാണ് കമ്പനിയുടെ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
എന്താണ് ബൈബാക്ക്?
പൊതു ഓഹരി ഉടമകളുടെ പക്കലുള്ള ഓഹരികളില്‍ നിശ്ചിതപങ്ക് തിരികെവാങ്ങുന്ന കമ്പനിയുടെ നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share buyback) എന്നറിയപ്പെടുന്നത്. ഇത് കമ്പനിക്കും ഓഹരി കൈവശമുള്ളവര്‍ക്കും ഗുണകരമായ നടപടിയാണ്.
ഉദാഹരണത്തിന് നിലവില്‍ 396-400 രൂപനിരക്കിലാണ് വിപ്രോയുടെ ഓഹരിവിലയുള്ളത്. ഇത് കമ്പനിക്ക് തിരികെ നല്‍കുമ്പോള്‍ ഒന്നിന് 445 രൂപ നിരക്കില്‍ നേടാം. മികച്ച ലാഭത്തോടെ ഓഹരികള്‍ വില്‍ക്കാന്‍ ഇത് ഓഹരി ഉടമകളെ സഹായിക്കും.
ഓരോ ഓഹരിയില്‍ നിന്നുമുള്ള നേട്ടം (Earnings per share/EPS) കൂടുമെന്നതാണ് കമ്പനിക്ക് ലഭിക്കുന്ന ഗുണം. ഉദാഹരണത്തിന് ഇപ്പോള്‍ ഒരു കമ്പനിക്ക് ഒരു കോടി രൂപ ലാഭമുണ്ടെന്നിരിക്കട്ടെ. പൊതുവിപണിയിലെ ഓഹരികള്‍ ഒരുലക്ഷമെന്നും കരുതുക. നിലവിലെ ഇ.പി.എസ് 100 രൂപ.
10,000 ഓഹരികള്‍ കമ്പനി തിരികെ വാങ്ങുമ്പോള്‍ പൊതുവിപണിയില്‍ ബാക്കിയുണ്ടാവുക 90,000 ഓഹരികള്‍. അപ്പോള്‍ ലാഭത്തില്‍ മാറ്റമില്ലാതെ തന്നെ ഇ.പി.എസ് 111.11 രൂപയായി മെച്ചപ്പെടും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it